Click to learn more 👇

ലോകകേരള സഭ; വിദേശയാത്ര ധൂര്‍ത്തെന്ന പ്രതിപക്ഷ വിമര്‍ശനം തള്ളി മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേയ്ക്ക് തിരിച്ചു


 തിരുവനന്തപുരം: വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ ലോകകേരള സഭ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്കയിലേയ്ക്ക് തിരിച്ചു.

രാവിലെ 4.35നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ തിരുവനന്തപുരത്തുനിന്ന് ദുബായ് വഴിയാണ് ന്യൂയോര്‍ക്കിലേയ്ക്ക് പോകുന്നത്.

ധനമന്ത്രി കെ എൻ ബാലഗോപാല്‍, സ്‌പീക്കര്‍ എ എൻ ഷംസീര്‍ എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോകകേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം മറ്റെന്നാളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. ജൂണ്‍ 15, 16 തീയതികളില്‍ മുഖ്യമന്ത്രി ക്യൂബ സന്ദര്‍ശിക്കും.

ചീഫ് സെക്രട്ടറി ഡോ. വി പി ജോയി, വിവിധ വകുപ്പുസെക്രട്ടറിമാര്‍, മുഖ്യമന്ത്രിയുടെ പി.എ വി.എ. സുനീഷ് എന്നിവരും മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനും ഒപ്പം പോകുന്നുണ്ട്.

സ്പീക്കര്‍ക്കൊപ്പം ഭാര്യയും മകനുമുണ്ട്. നോര്‍ക്ക വൈസ് ചെയര്‍മാൻ പി. ശ്രീരാമകൃഷ്ണനും സംഘവും നേരത്തേ അമേരിക്കയിലേക്ക് പുറപ്പെട്ടിരുന്നു. അമേരിക്കൻ സന്ദര്‍ശനത്തിന് ശേഷം ക്യൂബയിലേക്ക് പോകുന്ന സംഘത്തില്‍ മുഖ്യമന്ത്രിക്കൊപ്പം മന്ത്രി വീണ ജോര്‍ജുമുണ്ടാകും. ജൂണ്‍19ന് മുഖ്യമന്ത്രിയും സംഘവും മടങ്ങിയെത്തും.

അതേസമയം, മുഖ്യമന്ത്രിയുടെ വിദേശയാത്ര ധ‌ൂര്‍ത്താണെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനം രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി കെ എൻ ബാലഗോപാല്‍ പറഞ്ഞു. വിദേശ സന്ദര്‍ശനം കേരളത്തിന് ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.