Click to learn more 👇

ടി പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തന്‍ നാടിന്റെ കണ്ണിലുണ്ണിയായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.


 കണ്ണൂര്‍: ടി പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തന്‍ നാടിന്റെ കണ്ണിലുണ്ണിയായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

അദ്ദേഹത്തെ മാധ്യമങ്ങള്‍ ഭീകരവാദിയായി ചിത്രീകരിച്ചെന്നും ഗോവിന്ദന്‍ പറഞ്ഞു. പി കെ കുഞ്ഞനന്തന്റെ മൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”കുഞ്ഞനന്തനെ കുറിച്ച്‌ എന്തൊക്കെയാണ് ഇവിടുത്തെ മാധ്യമങ്ങള്‍ പറഞ്ഞത്. വളരെ വലിയ ഭീകരവാദിയായി അവതരിപ്പിച്ചു. ഈ നാട്ടിലെ ജനങ്ങളുടെ കണ്ണിലുണ്ണിയായി വളര്‍ന്നുവന്ന കുഞ്ഞനന്തനെതിരായി മാധ്യമങ്ങള്‍ നീചമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ശവസംസ്‌കാരത്തിന് ആയിരക്കണക്കിന് ആളുകള്‍ ഒഴുകിയെത്തിയത്”- ഗോവിന്ദന്‍ പറഞ്ഞു.

മാധ്യമ സ്വാതന്ത്ര്യം എന്നാല്‍ ഗൂഢാലോചന നടത്തല്‍ അല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. ”പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് പല കേസുകളിലും പ്രതിയാകുന്നത് സ്വാഭാവികമാണ്. അത്തരത്തില്‍ സമരത്തിന്റെ ഭാഗമായി ജയിലില്‍ പോയ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ പരീക്ഷയില്‍ പാസായി എന്ന് പറഞ്ഞ് കള്ള റെക്കോഡ് ഉണ്ടാക്കി. ബോധപൂര്‍വമാണ് ഇത് ചെയ്തത്. എസ്‌എഫ്‌ഐയെ മാധ്യമങ്ങള്‍ക്ക് കൊത്തിവലിക്കാന്‍ ഗൂഢാലോചന നടത്തിയതാണ്. ആര്‍ഷോ ഈ സംഭവം അറിയുക തന്നെ ഇല്ല.

ആര്‍ഷോ നല്‍കിയ പരാതി അന്വേഷിച്ചപ്പോള്‍ ഈ ഗൂഢാലോചനക്ക് പിന്നില്‍ കെ എസ്‌ യുവും പ്രിന്‍സിപ്പലും മാധ്യമപ്രവര്‍ത്തകരും ഉണ്ടെന്ന് മനസ്സിലായി. ആര്‍ഷോയെ ഒരു ഭീകരവാദിയും എസ്‌എഫ്‌ഐയെ തെറ്റായ നിലപാട് സ്വീകരിക്കുന്ന പ്രസ്ഥാനവുമായി ചിത്രീകരിക്കുന്നതിനും വേണ്ടി ശക്തമായ ഗൂഢാലോചനയാണ് നടത്തിയത്.

പത്രസ്വാതന്ത്ര്യം എന്ന് പറഞ്ഞാല്‍ ഗൂഢാലോചന നടത്തലല്ല. നിഷ്‌കളങ്കരായ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനത്തിന് നേരെ കുതിര കയറാന്‍ വേണ്ടി ഗൂഢാലോചന നടത്തുന്നത് പത്രപ്രവര്‍ത്തനമല്ല. അത്തരം ഗൂഢാലോചനകളൊക്കെ അന്വേഷിക്കുക തന്നെ ചെയ്യും. ഒരു വെള്ളരിക്കാപ്പട്ടണം പോലെ കേരളത്തില്‍ പോവില്ല. അതിന്റെ പേരില്‍ കേസെടുത്താല്‍ പൊള്ളേണ്ട കാര്യമില്ല. ഉത്തരവാദിയല്ലെങ്കില്‍ പിന്നെ എന്താണ് പ്രയാസം”- എം വി ഗോവിന്ദന്‍ ചോദിച്ചു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.