Click to learn more 👇

സ്ത്രീ ശബ്ദമുണ്ടാക്കാന്‍ ആപ്പ്, കെണിയൊരുക്കാന്‍ ഡേറ്റിംഗ് ആപ്പ്, ചാറ്റ്, ഭീഷണി; കൊച്ചിയിലെ ഹണിട്രാപ്പ് ഇങ്ങനെ...


 കൊച്ചി: എറണാകുളം പുത്തൻകുരിശില്‍ ഡേറ്റിഗ് ആപ്ലിക്കേഷൻ വഴി ഹണി ട്രാപ്പ് നടത്തിയ സംഘം തൃശൂര്‍ സ്വദേശിയെ കൂടാതെ നിരവധി പേരെ കുടുക്കിയിട്ടുണ്ടെന്ന് പൊലീസ്.

കഴിഞ്ഞ ദിവസമാണ് ഡേറ്റിഗ് ആപ്പ് വഴി ഹണി ട്രാപ്പ് നടത്തുന്ന മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ആപ്പ് ഉപയോഗിച്ച്‌ സ്ത്രീ ശബ്ദം കൃത്രിമമായി ഉണ്ടാക്കിയാണ് പല ജില്ലകളില്‍ നിന്നുള്ളവരെ ഇവര്‍ കെണിയില്‍ പെടുത്തുന്നതെന്ന് പുത്തൻകുരിശ് ഡിവൈഎസ്പി ടി ബി വിജയൻ പറഞ്ഞു. രണ്ട് വര്‍ഷമായി തട്ടിപ്പ് തുടരുന്ന സംഘം പത്ത് ലക്ഷം രൂപ വരെ പലരില്‍ നിന്ന് കൈക്കലാക്കിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്. 

തൃശൂര്‍ സ്വദേശി പ്രിൻസ് ആണ് ഹണിട്രാപ്പ് സംഘത്തിലെ മുഖ്യസൂത്രധാരൻ. ഇയാളുടെ പങ്കാളി അശ്വതി. കൊല്ലം സ്വദേശി അനൂപ് എന്നിവരുമായി ചേര്‍ന്നാണ് ഇവര്‍ യുവാക്കളെ കെണിയിലാക്കിയിരുന്നത്. വടക്കൻ പറവൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് പുത്തൻകുരിശ് പൊലീസിന്‍റെ അറസ്റ്റ്. ഡേറ്റിംഗ് ആപ്പ് വഴിയാണ് സംഘം യുവാക്കളെ കണ്ടെത്തുക. ചാറ്റില്‍ കറക്കി വീഴ്ത്തിയാല്‍ പിന്നെ ഫോണ്‍ വിളി തുടങ്ങും. സ്ത്രീശബ്ദം കൃത്രിമമായി ഉണ്ടാക്കി എന്നും ഫോണ്‍ വിളിക്കും. ഇങ്ങനെ പരിചയപ്പെടുന്നവരെ നേരില്‍ കാണാമെന്ന് പറഞ്ഞ് വിളിച്ച്‌ വരുത്തും. 

ഈ സമയം പെണ്‍കുട്ടിയുടെ സഹോദരന്മാരാണെന്ന് പറഞ്ഞ് പ്രതികള്‍ രംഗത്തെത്തും. 18 വയസ്സിന് താഴെ ഉള്ള സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച്‌ പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തും.പെട്ട് പോയ അവസ്ഥയില്‍ മിക്കവരും വഴങ്ങും. ചോദിക്കുന്ന പണം കൈമാറി തടിതപ്പും. ഇല്ലെങ്കില്‍ നഗ്ന ഫോട്ടോകളെടുത്ത് പിന്നെയും ഭീഷണി. സമാനരീതിയിലാണ് പറവൂര്‍ സ്വദേശിയായ യുവാവിനെ പത്താം മൈലില്‍ നിന്ന് കാറില്‍ കയറ്റി കൊണ്ട് പോയാണ് പ്രതികള്‍ പണം തട്ടിയത്. ബെംഗളൂരുവിലാണെന്ന് പറഞ്ഞ് അനു എന്ന പെണ്‍കുട്ടിയുടെ പേരിലായിരുന്നു ഹണിട്രാപ്പ്. 

നാട്ടില്‍ വന്നിട്ടുണ്ടെന്നും കാണണമെന്നും പറഞ്ഞ് പെണ്‍കുട്ടിയുടെ ശബ്ദത്തില്‍ പ്രതികള്‍ യുവാവിനെ വിളിച്ച്‌ വരുത്തി. പതിവ് ശൈലിയില്‍ ഇയാളെ കണ്ടതും പ്രതികളും എത്തി. പെങ്ങളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച്‌ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി. കൈയ്യിലുണ്ടായിരുന്ന 3000 രൂപയും,സുഹൃത്തില്‍ നിന്ന് 23,000 രൂപ ഗൂഗില്‍ പേ വഴിയും സ്വന്തമാക്കി. അപ്പോള്‍ പണം നല്‍കിയെങ്കിലും പിന്നീട് യുവാവ് റൂറല്‍ എസ് പി ക്ക് പരാതി നല്‍കിയതോടെ ആണ് തട്ടിപ്പ് സംഘം വലയിലായത്. സിസിടിവി കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. പ്രിൻസിന്‍റെ ഭാര്യ വീടായ രാമമംഗലം കേന്ദ്രീകരിച്ചായിരുന്നു പ്രതികളുടെ ആസൂത്രണം. 

ഇവരില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ നിരവധി പേരെ തട്ടിപ്പിനായി ഇവര്‍ സമീപിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. സമാനരീതിയില്‍ തന്‍റെ കൈയ്യില്‍ നിന്ന് സ്വര്‍ണ്ണ ചെയിനും,19000 രൂപയും തട്ടിയെടുത്തെന്ന് മറ്റൊരു പരാതിയും പ്രതികള്‍ക്കെതിരെ പൊലീസിന് കിട്ടിയിട്ടുണ്ട്. പണം നഷ്ടമായ നിരവധി സംഭവങ്ങള്‍ നേരത്തെയും നടന്നിട്ടുണ്ടെങ്കിലും നാണക്കേട് ഭയമന്ന് പൊലീസില്‍ പരാതി നല്‍കാൻ പലരും തയ്യാറാകുന്നില്ല.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.