Click to learn more 👇

കുട്ടികളെ ഉപയോഗിച്ച് മയക്കുമരുന്ന് കടത്ത്; യുകെയില്‍ ഇന്ത്യന്‍ വംശജയ്ക്ക് ഏഴു വർഷം തടവ്


 ലണ്ടന്‍∙ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ഉപയോഗിച്ചു മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച് യുകെയില്‍ അറസ്റ്റിലായ ആറ് പേരില്‍ ഇന്ത്യന്‍ വംശജയായ സറീന ദുഗ്ഗലെന്ന യുവതിയും. 

ഒരു വർഷമായി മെട്രോപൊളിറ്റന്‍ പോലീസ് നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിലാണ് സറീന ഉൾപ്പടെയുള്ള സംഘത്തെ പിടികൂടുന്നത്. ലണ്ടനിലും ബര്‍മിങ്ഹാമിലും മയക്കുമരുന്ന് വിതരണം നിയന്ത്രിക്കുന്ന സംഘത്തിലെ അംഗങ്ങളാണിവർ. ബോണ്‍മൗത്തില്‍  വിതരണം ചെയ്യുന്ന സംഘത്തിലെ അംഗമായി പ്രവര്‍ത്തിച്ചതിനാണ് സറീന ദുഗ്ഗലെന്ന ഇന്ത്യന്‍ വംശജയെ ഏഴ് വര്‍ഷത്തെ തടവ് വിധിച്ചത്.

ഏഴ് ആഴ്ചത്തെ വിചാരണയ്ക്കൊടുവില്‍ ഗ്രൂപ്പിലെ അഞ്ച് അംഗങ്ങള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ മാസം ബോണ്‍മൗത്ത് ക്രൗണ്‍ കോടതി കണ്ടെത്തിയിരുന്നു. തുടർന്നു നടന്ന വിചാരണക്കൊടുവിലാണ് സറീനയും കുറ്റക്കാരിയാണെന്ന് ഇതേ കോടതി കണ്ടെത്തിയത്.

കുട്ടികളടക്കം ഉള്ളവരുടെ ഇടയില്‍ മയക്കുമരുന്ന് വ്യാപിക്കുന്നത് കൂടിയതോടെ മെട്രോപൊളിറ്റന്‍ പോലീസിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ഒറോച്ചി എന്ന പേരില്‍ മയക്കുമരുന്നിന്റെ വില്‍പനയും വ്യാപനവും തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പ്രസ്തുത ഓപ്പറേഷന്റെ ഭാഗമായി രാജ്യത്തിന്റെ രണ്ട് ഭാഗങ്ങളില്‍ നിന്നായി കാണാതെയായ രണ്ട് കുട്ടികളെ കണ്ടെത്തുകയും ആവശ്യമായ പിന്തുണ നല്‍കുകയും ചെയ്തിട്ടുണ്ട്. ഭാവിയില്‍ കുട്ടികള്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലേക്ക് തിരിയാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും പോലീസ് പറഞ്ഞു.

സറീന അടങ്ങുന്ന സംഘത്തെ കുറിച്ച് പോലീസ് അന്വേഷിച്ച് തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായി. കഴിഞ്ഞ ജൂലൈയില്‍ 16 വയസുള്ള  ആണ്‍കുട്ടിയെ ഫാര്‍ണ്‍ബറോയില്‍ നിന്നും വലിയ അളവില്‍ നിരോധിത മയക്കുമരുന്നുകളുമായി പിടിച്ചിരുന്നു. ഇതോടെയാണ് സംഘത്തെ കുറിച്ച് പോലീസ് അന്വേഷിച്ച് തുടങ്ങുന്നത്.

കുട്ടിയില്‍ നിന്നും അന്ന് മൊബൈല്‍ ഫോണും പിടിച്ചെടുത്തിരുന്നു. കുട്ടിയെ ഉടൻ വിട്ടയച്ചുവെങ്കിലും മയക്കുമരുന്ന് ഗാങ്ങുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ സറീന അടക്കമുള്ളവര്‍ അറസ്റ്റിലായി. പ്രായപൂര്‍ത്തിയാവാത്ത  നിരവധി കുട്ടികളെ സംഘം മയക്കുമരുന്നിന്റെ വില്‍പ്പനയ്ക്ക് വേണ്ടി ഉപയോഗിക്കുന്നുവെന്നും പോലീസ് കണ്ടെത്തി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.