Click to learn more 👇

'പല്ല് പോയി, മൂക്കിലെ ചതവ് ശബ്ദം മാറ്റി മറിച്ചു': പക്ഷെ ശക്തമായി തിരിച്ച്‌ വരും: മഹേഷ് കുഞ്ഞുമോന്‍; വീഡിയോ കാണാം


 നടന്‍ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റ കലാകാരന്‍ മഹേഷ് കുഞ്ഞുമോന്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനൊരുങ്ങുന്നു.

ഏറെ നാളത്തെ ആശുപത്രി വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് താരം വീട്ടിലെത്തിയത്. അപകടത്തില്‍ താരത്തിന്റെ മുന്‍നിരയിലെ അടക്കം പല്ലുകള്‍ നഷ്ടമായിരുന്നു. മുഖത്തെ എല്ലുകള്‍ക്കും കൈക്കും പൊട്ടലുണ്ട്. മൂക്കിനേറ്റ ക്ഷതം ശബ്ദത്തേയും മാറ്റി മറിച്ചു. എന്നാല്‍ വിശ്രമത്തിന് ശേഷം കലാരംഗത്തേക്ക് ശക്തമായി തന്നെ തിരിച്ച്‌ വരുമെന്ന് മലയാളികളുടെ പ്രിയപ്പെട്ട കലാകാരനായ മഹേഷ് കുഞ്ഞുമോന്‍ പറയുന്നു. 

അപകടത്തില്‍പ്പെട്ട വാഹനത്തിലായിരുന്നില്ല മഹേഷ് കുഞ്ഞുമോന്‍ വടകരയില്‍ നിന്നും മടങ്ങാന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡബ്ബിങ്ങുമായി ബന്ധപ്പെട്ട് അത്യാവശ്യമായി എത്തേണ്ടതുള്ളതിനാല്‍ കൊല്ലം സുധിക്കും ബിനു അടിമാലിക്കുമൊപ്പം എറണാകുളത്തേക്ക് വരികയായിരുന്നു. തമാശകളൊക്കെ പറഞ്ഞ് നല്ല സന്തോഷത്തിലായിരുന്നു യാത്ര. പരിപാടി കഴിഞ്ഞ ക്ഷീണമുള്ളതിനാല്‍ കുറച്ച്‌ കഴിഞ്ഞ് ഉറങ്ങിപ്പോയി. പിന്നീട് കണ്ണ് തുറക്കുന്നത് ആംബുലന്‍സില്‍ വെച്ചാണെന്നും മഹേഷ് കുഞ്ഞുമോന്‍ പറയുന്നു.

'പല്ല് പോയി, മുഖമത്തിന്റെ ഒരു ഭാഗം ചതഞ്ഞ് പോയ അവസ്ഥയിലായതിനാല്‍ വ്യക്തമായി സംസാരിക്കാന്‍ സാധിച്ചിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് മാത്രം അപ്പോള്‍ മനസ്സിലായി. കൂടെയുണ്ടായിരുന്നവരെ ആരേയും കണ്ടില്ല. മറ്റുള്ളവരായിരുന്നു അവിടെ ഉണ്ടായിരുന്നത്. ബിനു ചേട്ടനും സുധിചേട്ടനും എവിടെയെന്നായിരുന്നു ഞാന്‍ അവരോട് ചോദിച്ചുകൊണ്ടിരുന്നത്' താരം പറഞ്ഞു.


ശസ്ത്രക്രിയ സമയത്ത് എനിക്ക് ചെറിയ ബോധമുണ്ടായിരുന്നു. അപ്പോള്‍ ഡോക്ടര്‍മാര്‍ സംസാരിക്കുന്നത് കേട്ടാണ് സുധിയേട്ടന്‍ പോയത് അറിയുന്നത്. എന്നാല്‍ കുടെയുള്ളവരോട് ചോദിക്കുമ്ബോള്‍ അവര്‍ ആ വിവരം എന്നെ അറിയിക്കാന്‍ തയ്യാറായിരുന്നില്ല. കുഴപ്പമില്ലാതെ ഇരിക്കുന്നുവെന്നായിരുന്നു പറഞ്ഞത്. പക്ഷെ എനിക്ക് അറിയാമായിരുന്നു സുധിയേട്ടന്‍ പോയെന്ന്. അത് വല്ലാത്ത അവസ്ഥയായിരുന്നുവെന്നും മഹേഷ് ഓര്‍ക്കുന്നു.

29 ന് ആശുപത്രിയിലേക്ക് വീണ്ടും പോവണം. കുറച്ച്‌ ദിവസം മുമ്ബ് ബിനു ചേട്ടന്‍ എന്നെ കാണാന്‍ വന്നിരുന്നു. സിനിമ മേഖലയില്‍ നിന്നുള്ള നിരവധിയാളുകള്‍ വിളിച്ചിട്ടുണ്ട്. ഒരുപാട് പേര്‍ പ്രാര്‍ത്ഥിക്കുകയും ആഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. അവരോടെല്ലാം ഞാന്‍ നന്ദി പറയുന്നു. മിമിക്രി-ഡബ്ബിങ് കലാകാരനാണ് ഞാന്‍. മിമിക്രിയിലൂടെയാണ് ഞാന്‍ തിരിച്ചറിയപ്പെട്ടത്. കുറച്ച്‌ നാള്‍ വിശ്രമമാണെങ്കിലും പഴയതിനേക്കാള്‍ ശക്തമായി തിരിച്ച്‌ വരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, താടിയെല്ലുകളുടേയും പല്ലുകളുടേയും ചികിത്സയ്ക്ക് ശേഷം മൂക്കിലെ ചതവും ശരിയാക്കാമെന്ന് ഡോക്ടര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.