സോഷ്യൽ മീഡിയയിൽ ചിരി പടർത്തി ഡൽഹി പൊലീസിന്‍റെ ട്വിറ്റർ പോസ്റ്റ്. കഴിഞ്ഞ ദിവസമാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ സോഷ്യൽ മീഡിയ ഉപയോക്താക്കളെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തത്.
ഏതാനും ദിവസങ്ങൾ മുമ്പ് ഒരു പെൺകുട്ടി സോഷ്യൽ മീഡിയ പോസ്റ്റ് ചെയ്ത ഒരു വീഡിയോ റീലിനുള്ള റിയാക്ഷൻ വീഡിയോ ആയിരുന്നു ദില്ലി പോലീസിന്‍റെത്.
വിവാഹ വേഷത്തിൽ റോഡിലൂടെ ലൈസൻസും എന്തിന് ഹെൽമറ്റ് പോലുമില്ലാതെ അപകടകരമായ രീതിയിൽ സ്കൂട്ടർ ഓടിക്കുന്നതിന്‍റെ ഒരു വീഡിയോ പെൺകുട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഡൽഹി പൊലീസ് മറ്റൊരു വീഡിയോ തങ്ങളുടെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. ആദ്യത്തെ വീഡിയോയ്ക്ക് തുടർച്ചയെന്ന വണ്ണം പെൺകുട്ടിയിൽ നിന്നും പിഴ ഈടാക്കുന്നതിന്‍റെ വീഡിയോയായിരുന്നു ഇത്.
ഡൽഹി പൊലീസ് ഡിപ്പാർട്ട്മെന്‍റ് അപ്‌ലോഡ് ചെയ്ത വീഡിയോയുടെ പൂർണ്ണരൂപം ഇങ്ങനെയായിരുന്നു. രണ്ട് ഭാഗങ്ങളായിരുന്നു വീഡിയോയ്ക്ക് ഉണ്ടായിരുന്നത്. ആദ്യ ഭാഗത്ത് ഒരു പെൺകുട്ടി വിവാഹ വസ്ത്രവും ആഭരണങ്ങളും ധരിച്ച് ഹെൽമെറ്റില്ലാതെ സ്‌കൂട്ടി ഓടിക്കുന്നത് കാണാം. “സജ്‌ന ജി വാരി വാരി” എന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തിൽ ആയിരുന്നു ഈ വീഡിയോ അപ്‍ലോഡ് ചെയ്തിരുന്നത്. ഇനി വീഡിയോയുടെ രണ്ടാം ഭാഗമാണ്. ഹെൽമറ്റും ലൈസൻസും ഇല്ലാതെ വാഹനമോടിച്ചതിന് പെൺകുട്ടിയുടെ പേരിൽ നൽകിയ ചലാൻ കാണിക്കുന്ന ഒരു രേഖ ദൃശ്യമാകുന്ന വീഡിയോ ആയിരുന്നു ഈ ഭാഗത്ത് പൊലീസ് എഡിറ്റ് ചെയ്ത് കൂട്ടിച്ചേർത്തത്.
Going 'Vaari Vaari Jaaun' on the road for a REEL makes your safety a REAL WORRY!
Please do not indulge in acts of BEWAKOOFIYAN! Drive safe.@dtptraffic pic.twitter.com/CLx5AP9UN8
പശ്ചാത്തലത്തിൽ ചേർത്തതാകട്ടെ ബേവക്കൂഫിയാൻ എന്ന ഗാനവും. റീൽ എടുക്കുന്നതിന് വേണ്ടി മാത്രമാണെങ്കിൽ കൂടിയും റോഡിൽ ഇത്രമാത്രം അശ്രദ്ധയോടെ വാഹനം ഓടിക്കരുതെന്നും ഇത്തരത്തിലുള്ള വിഡ്ഢിത്തങ്ങൾ നിങ്ങളുടെ ജീവനെ അപകടപ്പെടുത്തുമെന്നും ദയവായി സുരക്ഷിതമായി വാഹനം ഓടിക്കുകയെന്നുമുള്ള കുറിപ്പും പൊലീസ് വീഡിയോയോടൊപ്പം ചേർത്തിരുന്നു.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി സാമൂഹിക മാധ്യമ ഉപയോക്താക്കളാണ് പൊലീസിന് പിന്തുണ അറിയിച്ചത്. വളരെ മികച്ച തീരുമാനമെന്നായിരുന്നു വീഡിയോയ്ക്ക് താഴെ ഭൂരിഭാഗം ആളുകളും കുറിച്ചത്.