Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ


 

◾മണിപ്പൂരില്‍ പട്ടാളവും തോല്‍ക്കുന്നു. പന്ത്രണ്ടു മെയ്തെയ് തീവ്രവാദികളെ പിടികൂടിയ സൈന്യത്തെ സ്ത്രീകള്‍ അടക്കമുള്ള രണ്ടായിരത്തോളം ജനക്കൂട്ടം വളഞ്ഞുവച്ചു. ആക്രമണ ഭീതിമൂലം സൈന്യത്തിനു തീവ്രവാദികളെ വിട്ടുകൊടുക്കേണ്ടിവന്നു. 18 സൈനികരെ കൊലപ്പെടുത്തിയ മെയ്തെയ് തീവ്രവാദികളെയാണ് മോചിപ്പിച്ചത്. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേണ്‍സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. മെയ്തെയ് വിഭാഗത്തെ പിന്തുണയ്ക്കുന്ന ബിരേന്‍ സിംഗിനെ മാറ്റണമെന്ന് സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

◾സര്‍ക്കാര്‍ സര്‍വീസിലുള്ള നഴ്സുമാര്‍ക്ക് വേതനത്തോടെ തുടര്‍പഠനം നടത്തുന്നതിനുള്ള ഡെപ്യൂട്ടേഷന്‍ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കി. സര്‍ക്കാര്‍ സര്‍വ്വീസില്‍ ക്വാട്ട അടിസ്ഥാനത്തില്‍ പോസ്റ്റ് ബേസിക് ബിഎസ് സി നഴ്സിംഗ് പഠിക്കാന്‍ അനുവദിച്ചിരുന്ന ഡെപ്യൂട്ടേഷനാണു നിര്‍ത്തലാക്കിയത്.


◾ഭിന്നശേഷിക്കാര്‍ക്ക് നല്‍കിവരുന്ന ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് വിവിധ ആനുകൂല്യങ്ങള്‍ക്കുള്ള ആധികാരിക രേഖയാക്കി ഉത്തരവിറക്കിയെന്ന് മന്ത്രി ആര്‍ ബിന്ദു. ഭിന്നശേഷി അവകാശ നിയമപ്രകാരമുള്ളതടക്കം വിവിധ ആനുകൂല്യങ്ങളും അവകാശങ്ങളും അനുവദിക്കുന്നതിനാണ് യുഡിഐഡി കാര്‍ഡ് ആധികാരിക രേഖയാക്കിയത്. ചില സര്‍ക്കാര്‍ വകുപ്പുകള്‍ യുഡിഐഡി കാര്‍ഡ് ആധികാരികരേഖയായി അംഗീകരിക്കുന്നില്ലെന്ന പരാതി പരിഹരിക്കാനാണ് പുതിയ ഉത്തരവെന്ന് മന്ത്രി പറഞ്ഞു.


◾സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്കു സര്‍ക്കാര്‍ നഴ്സുമാര്‍ക്കു ലഭിക്കുന്ന ശമ്പളം നല്‍കണമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍. ഈ ആവശ്യം ഉന്നയിച്ച് അടുത്ത മാസം 19 ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 16 ന് ലോംഗ് മാര്‍ച്ച് നടത്തുമെന്നും യുഎന്‍എ.

◾ബലി പെരുന്നാളിന് ഒരു ദിവസം കൂടി അവധി വേണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. നിലവില്‍ 28 ന് അവധി ആണ്. 29 കൂടി അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് കത്തയച്ചെന്നും കാന്തപുരം പറഞ്ഞു.


◾ജയിലില്‍ ഫോണ്‍ ഉപയോഗിച്ചെന്ന സംശയത്തെത്തുടര്‍ന്ന് ചോദ്യം ചെയ്യാന്‍ വിളിച്ച ജയിലര്‍ക്ക് ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ മര്‍ദ്ദനം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉച്ചതിരിഞ്ഞാണ് സംഭവം. അസി. ജയിലര്‍ രാഹുലിനാണ് മര്‍ദ്ദനമേറ്റത്.  


◾മാവേലിക്കരയില്‍ കൊലക്കേസില്‍ ശിക്ഷിച്ച ശേഷം ഒളിവില്‍ പോയ സ്ത്രീ 27 വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍. മാങ്കാംകുഴി മറിയാമ്മ കൊലക്കേസ് പ്രതി റെജി എന്ന അച്ചാമ്മയാണ് എറണാകുളത്തുനിന്നും പിടിയിലായത്. മിനി രാജു എന്ന വ്യാജ പേരില്‍ താമസിച്ചു വരികയായിരുന്നു. 1990 ഫെബ്രുവരി 21 നാണ് മാങ്കാംകുഴി കുഴിപ്പറമ്പില്‍ തെക്കേതില്‍ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ വീട്ടില്‍ കൊല്ലപ്പെട്ടത്.

◾തീക്കോയി മംഗളഗിരി മാര്‍മല അരുവിയില്‍ കുടുങ്ങിയ അഞ്ചു വിനോദ സഞ്ചാരികളെ ഫയര്‍ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി.  ശക്തമായ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് പാറക്കെട്ടില്‍ നിലയുറപ്പിച്ചവരെയാണു സന്നദ്ധ പ്രവര്‍ത്തകരുടെകൂടി സഹായത്തോടെ രക്ഷിച്ചത്.


◾താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന്റെ തീയതി മുന്‍കൂട്ടി അറിയിച്ചിട്ടും അഞ്ചു സിനിമകളുടെ ഷൂട്ടിംഗ് നടത്തിയതിനാല്‍ പല പ്രമുഖ താരങ്ങള്‍ക്കും യോഗത്തില്‍ പങ്കെടുക്കാനായില്ലെന്നു അമ്മ ഭാരവാഹികള്‍.  പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ ഫോണില്‍ വിളിച്ച് പ്രതിഷേധം അറിയിച്ചു.  


◾സിനിമാ ഷൂട്ടിംഗിനിടെ നടന്‍ പൃഥ്വിരാജിനു കാലില്‍ പരിക്കേറ്റു. ഇന്നു കാലില്‍ ശസ്ത്രക്രിയ നടത്തും. 'വിലായത്ത് ബുദ്ധ' എന്ന സിനിമക്കുവേണ്ടി മറയൂര്‍ ബസ് സ്റ്റാന്‍ഡില്‍ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ തെന്നിവീഴുകയായിരുന്നു.


◾പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പുക്കേസില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എം പൗലോസ് അറസ്റ്റില്‍. നാലാം പ്രതിയാണ് പൗലോസ്.


◾കോട്ടയം തിരുവാര്‍പ്പിലെ ബസ് ഉടമക്കെതിരായ സിഐടിയു സമരം പിന്‍വലിച്ചു. തൊഴില്‍ മന്ത്രിയുമായി ചര്‍ച്ച നടത്താമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്ത് കൊടികള്‍ അഴിച്ചുമാറ്റി. കോടതി ഉത്തരവനുസരിച്ച് കൊടി മാറ്റുകയായിരുന്ന ഉടമ രാജ്മോഹനെ സിഐടിയു നേതാവ് മര്‍ദിച്ചിരുന്നു. സംഭവം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന്‍ എസ്ഡി റാമിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചു.

◾കുമരകത്തെ ബസുടമ രാജ്‌മോഹന്‍ ബിജെപി മണ്ഡലം വൈസ് പ്രസിഡന്റാണെന്നും സിപിഎമ്മുകാര്‍ നടത്തിയ ആക്രമണത്തെ നിയമപരമായി നേരിടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കമ്മ്യൂണിസ്റ്റുകാര്‍ ഒഴികെയുള്ള ആര്‍ക്കും കേരളത്തില്‍ ജീവിക്കാനോ വ്യവസായം ആരംഭിക്കാനോ സാധിക്കാത്ത അവസ്ഥയാണെന്നും സുരേന്ദ്രന്‍.


◾കൊയിലാണ്ടിയില്‍ വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ച എം എസ് എഫ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത പോലീസ് കൈവിലങ്ങു വച്ചു. എം എസ് എഫ് നേതാക്കളായ അഫ്രിന്‍, ഫസീഹ് എന്നിവരെ പൊലീസ് കൈവിലങ്ങ് അണിയിച്ചു കൊണ്ടുപോയത് സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനത്തിന് ഇടയാക്കി.


◾എറണാകുളം മഹാരാജാസ് കോളേജിനു മുന്നില്‍ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ച അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എ.ആര്‍ അനന്ദു, ഹാഷിം, ശരവണന്‍, ഷിഹാബ്, മുഹമ്മദ് അഫ്രീദ് എന്നിവരാണ് പിടിയിലായത്.


◾മറ്റൊരു സുഹൃത്തുമായി ഹോട്ടലില്‍ ഭക്ഷണം കഴിച്ചതിനു യുവതിയെ കെട്ടിയിട്ടു ബലാല്‍സംഗം ചെയ്ത ആണ്‍സുഹൃത്തിനെ പോലീസ് അറസ്റ്റു ചെയ്തു. ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശിയായ കിരണിനെ കഴക്കൂട്ടം പൊലീസാണ് പിടികൂടിയത്.  വിവസ്ത്രയായി ഇറങ്ങിയോടിയാണ് യുവതി രക്ഷപ്പെട്ടത്. നാട്ടുകാരാണു കിരണിനെ പിടികൂടി പോലീസില്‍ ഏല്‍പിച്ചത്.

◾വന്ദേഭാരതിലെ ശുചി മുറിയില്‍ കുടുങ്ങിയ യാത്രക്കാരനെ വാതിലിന്റെ ലോക്ക് മുറിച്ച് പുറത്തെത്തിച്ചു. ഉപ്പള സ്വദേശി ശരണ്‍ എന്നയാള്‍ക്ക് മദ്യം കിട്ടാത്തതിലുള്ള അസ്വസ്ഥത ആയിരുന്നെന്ന് റെയില്‍വേ പൊലീസ്. ശുചിമുറിയുടെ വാതില്‍ ഇയാള്‍ അകത്തുനിന്നു കയറിട്ടു കെട്ടിയിരുന്നു.


◾കോഴിക്കോട് നടപ്പാതകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചത് വീല്‍ചെയറില്‍ സഞ്ചരിക്കുന്ന ഭിന്നശേഷിക്കാരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്നതാണെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ജില്ലാ കളക്ടറോടു വിശദീകരണം തേടിയിട്ടുണ്ട്.


◾സിറോ മലബാര്‍ സഭ എറണാകുളം - അങ്കമാലി അതിരൂപതയിലെ സെമിനാരികളില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. അനുസരിക്കാത്ത വൈദികരുടെ പേരു വിവരം 10 ദിവസത്തിനകം അറിയിക്കണമെന്നു സെമിനാരി റെക്ടര്‍ക്കു നിര്‍ദേശം നല്‍കി.


◾സിറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും. കളളപ്പണ ഇടപാട് ഉണ്ടോയെന്നാണു പരിശോധിക്കുന്നത്. അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത്, അതിരൂപത സ്വത്തിടപാടുകളുടെ ചുമതലയുളള വൈദികന്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്നിവരില്‍നിന്നും വിവരങ്ങള്‍ തേടും.

◾കാനഡയിലേക്കു വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ മുംബൈ സ്വദേശികളായ രണ്ടു പേരെ ഡല്‍ഹിയില്‍ നിന്ന് തൃശൂര്‍ അന്തിക്കാട് പൊലീസ് പിടികൂടി. താനെ സ്വദേശികളായ ജോജോ വില്‍ഫ്രഡ് ക്രൂയിസ് (46), സഹോദരന്‍ ജൂലിയസ് വില്‍ഫ്രഡ് ക്രൂയിസ് (38) എന്നിവരാണ് പിടിയിലായത്. 12 ലക്ഷം വരെ രൂപയാണ് ഇവര്‍ തൃശൂര്‍, എറണാകുളം ജില്ലകളിലെ 18 പേരില്‍നിന്നായി വാങ്ങിയത്.


◾കൊണ്ടോട്ടിയില്‍ കാറില്‍ കടത്തുകയായിരുന്ന 750 ഗ്രാം സ്വര്‍ണവും 30 ലക്ഷം രൂപയും പൊലീസ് പിടികൂടി. കുന്നുംപുറം കണ്ണമംഗലം എരഞ്ഞിപ്പടി മണ്ഡോട്ടില്‍ വീട്ടില്‍ മുഹമ്മദ് ഷഹബാസ് (18), തമിഴ്നാട് മധുര സ്വദേശി എസ് പി രങ്കു (62), മണികണ്ഠന്‍ (48) എന്നിവരെ കസ്റ്റഡിയിലെടുത്തു.


◾മലപ്പുറം മേലാറ്റൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷന്‍ സംഘത്തെ പൊലീസ് പിടികൂടി. തൊടികപുലം പോരൂര്‍ സ്വദേശികളായ നീലങ്ങാടന്‍ ജാഫര്‍, പുല്ലാണി പൂങ്കയില്‍ ഷാ മസൂദ്, മുട്ടത്തില്‍ ഉണ്ണി ജമാല്‍, ആലപ്പുഴ തൃക്കന്നുപുഴ സ്വദേശികളായ നിര്‍മല്‍ മാധവ്, അനീസ് വഹാബ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.


◾പെരിന്തല്‍മണ്ണയില്‍ വെജിറ്റേറിയന്‍ ഹോട്ടല്‍ നടത്തുന്ന യുവാവിനെതിരെ യൂട്യൂബ് ചാനലിലൂടെ മതവിദ്വേഷ പ്രചരണം നടത്തിയെന്ന കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍. പൂക്കോട്ടുംപാടം അഞ്ചാംമൈല്‍ നിവാസിയും യൂട്യൂബറുമായ വേനാനിക്കോട് ബൈജു (44) ആണ് അറസ്റ്റിലായത്.


◾താമസ സ്ഥലത്ത് കഞ്ചാവ് കൃഷി ചെയ്ത എംബിബിഎസ് വിദ്യാര്‍ഥികളെ ശിവമോഗ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശി വിനോദ് കുമാര്‍ (27), തമിഴ്‌നാട് ധര്‍മപുരി സ്വദേശി പാണ്ടിദൊറൈ (27), കൃഷ്ണഗിരി സ്വദേശി വിഗിനരാജ് (28) എന്നിവരാണ് പിടിയിലായത്. സുബ്ബയ്യ മെഡിക്കല്‍ കോളേജിനു സമീപമുള്ള ശിവഗംഗ ലേഔട്ടിലെ വാടക വീട്ടിലാണ് ഇവര്‍ കഞ്ചാവ് കൃഷി ചെയ്തത്.

◾ഈജിപ്തിലെ പരമോന്നത ബഹുമതിയായ 'ഓഡര്‍ ഓഫ് ദ നൈല്‍' ഈജിപ്ത് പ്രസിഡന്റ് അബ്ദെല്‍ ഫത്താഹ് എല്‍-സിസി പ്രധാനമന്ത്രി മോദിക്കു സമ്മാനിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ സഹകരിക്കുമെന്ന് ഇരുവരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായി.


◾അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ ഒരുങ്ങുന്ന പ്രതിപക്ഷ സഖ്യത്തിന് 'പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലയന്‍സ്' എന്നു പേരിട്ടേക്കും. അടുത്ത മാസം ഷിംലയില്‍ ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജയാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്.


◾ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ മഴമൂലമുണ്ടായ വെള്ളക്കെട്ടില്‍നിന്നു രക്ഷപ്പെടാന്‍ വൈദ്യുത തൂണില്‍ പിടിച്ച യുവതി വൈദ്യുതാഘാതമേറ്റ് മരിച്ചു. പ്രീത് വിഹാര്‍ സ്വദേശിയായ സാക്ഷി അഹൂജയാണ് മരിച്ചത്. കുടുംബത്തോടൊപ്പം പുലര്‍ച്ചെ അഞ്ചരയോടെ റെയില്‍വേ സ്റ്റേഷനിലെത്തിയതായിരുന്നു ഇവര്‍.


◾ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരായ പ്രത്യക്ഷ സമരം അവസാനിപ്പിച്ചെന്നു ഗുസ്തി താരങ്ങള്‍.  നിയമ പോരാട്ടം തുടരുമെന്നും സാമൂഹ്യമാധ്യമങ്ങളില്‍നിന്ന് ഇടവേളയെടുക്കുന്നുവെന്നും വിനേഷ് ഫോഗട്ടും സാക്ഷി മാലിക്കും അറിയിച്ചു.


◾ഇന്ത്യയുടെ 1983ലെ ലോകകപ്പ് വിജയത്തിന്റെ 40-ാം വാര്‍ഷികം ആകാശത്ത് ആഘോഷിച്ച് കപില്‍ദേവും സംഘവും. 1983 ജൂണ്‍ 25-ന് കരുത്തരായ വെസ്റ്റിന്‍ഡീസിനെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ ലോകകപ്പ് വിജയം. അദാനി ഗ്രൂപ്പ് സംഘടിപ്പിച്ച 'ജീതേംഗേ ഹം' എന്ന ക്യാമ്പയ്‌നിന്റെ ഭാഗമായിട്ടായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ യാത്ര. അന്നത്തെ ടീം അംഗമായ കീര്‍ത്തി ആസാദാണ് ട്വിറ്ററിലൂടെ ആഘോഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

◾ഗൂഗിള്‍ പേ, ഫോണ്‍ പേ, പേ ടിഎം തുടങ്ങിയ കമ്പനികള്‍ വാഴുന്ന ഇന്ത്യയുടെ ഓണ്‍ലൈന്‍ പണമിടപാട് രംഗത്തേക്ക് അമേരിക്കന്‍ ടെക് ഭീമന്‍ ആപ്പിളുമെത്തുന്നു. 'ആപ്പിള്‍ പേ' രാജ്യത്തേക്ക് കൊണ്ടുവരുന്നതിനായി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി ആപ്പിള്‍ ചര്‍ച്ച നടത്തുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. നിലവില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയ ടെക് ഭീമന്‍, തങ്ങളുടെ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പിന്റെ പ്രാദേശികവല്‍ക്കരിച്ച പതിപ്പായിരിക്കും ഇന്ത്യയില്‍ അവതരിപ്പിക്കുക. ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയിലെ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മറ്റ് ജനപ്രിയ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്ലിക്കേഷനുകള്‍ക്ക് സമാനമായി 'ആപ്പിള്‍ പേ' ഉപയോഗിച്ച് ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യാനും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് മുഖേന പേയ്‌മെന്റുകള്‍ നടത്താനും ഉടന്‍ കഴിഞ്ഞേക്കും. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, പ്രീപെയ്ഡ് കാര്‍ഡ് എന്നിവയെല്ലാം ആപ്പിള്‍ പേയുമായി ബന്ധിപ്പിക്കാന്‍ കഴിയും. ഫേസ് ഐഡി ഉപയോഗിച്ചും പണമിടപാട് നടത്താം. ഇതുകൂടാതെ ആപ്പിള്‍ ഇന്ത്യയില്‍ ക്രെഡിറ്റ് കാര്‍ഡ് പുറത്തിക്കാന്‍ പോവുകയാണ്. ആപ്പിള്‍ കാര്‍ഡ് പുറത്തിറക്കാനുള്ള ചര്‍ച്ചകള്‍ക്ക് കമ്പനി തുടക്കം കുറിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി എച്ച്.ഡി.എഫ്.സി ബാങ്ക് സി.ഇ.ഒ എം.ഡി ശശിദര്‍ ജഗ്ദീഷനുമായി ആപ്പിള്‍ മേധാവി ടിം കുക്ക് ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യയിലെത്തിയപ്പോഴായിരുന്നു ചര്‍ച്ച.


◾ഗാനാലാപന മേഖലയില്‍ താനും ഏട്ടനെക്കാളും ഒട്ടും പിന്നിലല്ല എന്നു തെളിയിച്ചുകൊണ്ട് ധ്യാന്‍ ശ്രീനിവാസന്‍ 'നദികളില്‍ സുന്ദരി യമുന' എന്ന ചിത്രത്തിനുവേണ്ടി ആലപിച്ച 'കൊന്നെടീ പെണ്ണേ' എന്ന ഗാനം പുറത്തിറങ്ങി. ധ്യാന്‍ ആദ്യമായി പിന്നണി ഗായകനാകുന്ന ഈ ഗാനം രചിച്ചത് മനു മഞ്ജിത്തും സംഗീതം നല്‍കിയത് അരുണ്‍ മുരളീധരനുമാണ്. 'വെള്ളം' സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ വാട്ടര്‍മാന്‍ മുരളി അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'നദികളില്‍ സുന്ദരി യമുന'. സിനിമാറ്റിക് ഫിലിംസ് എല്‍എല്‍.പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്  നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്. കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യര്‍, അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണനെ ധ്യാന്‍ ശ്രീനിവാസനും, വിദ്യാധരനെ അജു വര്‍ഗീസും അവതരിപ്പിക്കുന്നു. സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, പാര്‍വ്വണ, ആമി, ഉണ്ണിരാജ, ഭാനുപയ്യന്നൂര്‍ ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാര്‍ എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

◾ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണന്‍, മാളവിക മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പതിമൂന്നാം രാത്രി' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. മനീഷ് ബാബുവാണ് ചിത്രത്തിന്റെ സംവിധാനം. 52 സെക്കന്‍ഡ് ആണ് പുറത്തെത്തിയ ടീസറിന്റെ ദൈര്‍ഘ്യം. ദീപക് പറമ്പോല്‍, വിജയ് ബാബു, സോഹന്‍ സീനുലാല്‍, സാജന്‍ പള്ളുരുത്തി, അനില്‍ പെരുമ്പളം, രമേശ് കോട്ടയം, ഹരിപ്രസാദ്, ഡെയിന്‍ ഡേവിസ്, അസിം ജമാല്‍, ഡിസ്നി ജെയിംസ്, രജിത് കുമാര്‍, അര്‍ച്ചന കവി, മീനാക്ഷി രവീന്ദ്രന്‍, സ്മിനു സിജോ, സോന നായര്‍, ആര്യ, ശ്രീലക്ഷ്മി എന്നിവരാണ് മറ്റ് താരങ്ങള്‍. ഡി ടു കെ ഫിലിംസിന്റെ ബാനറില്‍  മേരി മൈഷ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ എസ് ആനന്ദ് കുമാര്‍ നിര്‍വ്വഹിക്കുന്നു. ദിനേശ് നീലകണ്ഠന്‍ തിരക്കഥ, സംഭാഷണം എഴുതുന്നു. ഗാനരചനയും സംഗീത സംവിധാനവും രാജൂ ജോര്‍ജ് നിര്‍വ്വഹിക്കുന്നു.


◾പുതിയ റേഞ്ച് റോവര്‍ ഗാരിജിലെത്തിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍താരം മഹേഷ് ബാബു. ഇന്ത്യയില്‍ ഇന്നു വാങ്ങാന്‍ കഴിയുന്ന ഏറ്റവും വിലയേറിയ റേഞ്ച് റോവറുകളിലൊന്നാണ് മഹേഷ് ബാബു സ്വന്തമാക്കിയത്. 5.4 കോടി രൂപ റേഞ്ച് റോവറിന്റെ വില. സ്വര്‍ണ നിറത്തിലുള്ളതാണ് മഹേഷ് ബാബുവിന്റെ റേഞ്ച് റോവര്‍. ഹൈദരാബാദില്‍ സ്വര്‍ണ നിറത്തിലുള്ള റേഞ്ച് റോവറുള്ള ഏക വ്യക്തിയും മഹേഷ് ബാബുവാണ്. ആഡംബരത്തിനൊപ്പം സുരക്ഷയും നല്‍കുന്ന വാഹനമാണ് റേഞ്ച് റോവര്‍. ലാന്‍ഡ് റോവറിന്റെ എംഎല്‍എ ഫ്‌ളക്‌സ് ആര്‍ക്കിടെക്ച്ചര്‍ അടിസ്ഥാനമാക്കിയാണ് ഈ റേഞ്ച് റോവര്‍ നിര്‍മിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേഡ്, ലോങ് വില്‍ ബേസുകളില്‍ ലഭ്യമായ റേഞ്ച് റോവറിന് ഏഴ് സീറ്റ് വാഹനവുമുണ്ട്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ക്കൊപ്പം പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനും കമ്പനി പുറത്തിറക്കുന്നുണ്ട്. അപകട സമയങ്ങളില്‍ മികച്ച സുരക്ഷയും അനാവശ്യ ശബ്ദങ്ങളില്‍ നിന്നുള്ള രക്ഷയും 80  അലൂമിനിയം കൊണ്ടു നിര്‍മിച്ച ഷാസി നല്‍കും. ഉപയോഗിക്കാത്തപ്പോള്‍ ഗ്ലാസ് പാനലില്‍ മറഞ്ഞിരിക്കും വിധമാണ് ബ്രേക്ക് ലൈറ്റുകളും ഇന്‍ഡിക്കേറ്ററുകളും നിര്‍മിച്ചിരിക്കുന്നത്. റോള്‍സ് റോയ്‌സ് ഗോസ്റ്റ്, റേഞ്ച് റോവര്‍ വോഗ്, ഔഡി എ7, ബിഎംഡബ്ല്യു 7 സീരീസ്, മെഴ്‌സിഡീസ് ബെന്‍സ് എസ് ക്ലാസ് എന്നിവയാണ് മഹേഷ് ബാബു നേരത്തെ സ്വന്തമാക്കിയ ആഡംബര കാറുകള്‍.

◾ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവായ മാര്‍ത്താണ്ഡവര്‍മ്മയെ ചരിത്രത്തിലെ അതിക്രൂര കഥാപാത്രങ്ങളോടൊപ്പമാണ് പലരും വിലയിരുത്തിയിട്ടുള്ളത്. യുദ്ധതന്ത്രങ്ങള്‍ കാലോചിതമായി പരിഷ്‌കരിച്ച് സൈനികതന്ത്രജ്ഞരെ പടനയിക്കാന്‍ നിയോഗിച്ചത് മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണവിജയമായി വിലയിരുത്തപ്പെടുന്നു. ചരിത്രഗവേഷകര്‍ക്കിടയില്‍ മാര്‍ത്താണ്ഡവര്‍മ്മ ഉണര്‍ത്തുന്നത് വിരുദ്ധ വികാരങ്ങളാണ്. ഒരു വിഭാഗത്തിന് അദ്ദേഹം കരുത്തനും ക്രാന്തദര്‍ശിയുമാണെങ്കില്‍, മറുവിഭാഗത്തിന് ക്രൂരനും പ്രതികാരദാഹിയുമാണ്. ഇരുവിഭാഗങ്ങള്‍ക്കുമുണ്ട് തെളിവുകളും നീതീകരണങ്ങളും. ഈ പഠനത്തിന് ഡോ. ശശിഭൂഷണ്‍ വിപുലമായ ചരിത്രസ്രോതസ്സുകളെ ആശ്രയിച്ചിരിക്കുന്നു. ഡച്ചുരേഖകളും മതിലകംരേഖകളും തിരുവിതാംകൂര്‍ ചരിത്രങ്ങളും അനേകം ഗവേഷണപ്രബന്ധങ്ങളും ഉപയോഗപ്പെടുത്തിയിരിക്കുന്നു. 'മാര്‍ത്താണ്ഡവര്‍മ്മ  ചരിത്രവും പുനര്‍വായനയും'. ഡോ. എം.ജി ശശിഭൂഷണ്‍. ഡിസി ബുക്സ്. വില 218 രൂപ.


◾ഭാരം കുറയ്ക്കാനും രോഗങ്ങളില്ലാതെ ഫിറ്റായിരിക്കാനും ദിവസവുമുള്ള ഓട്ടം സഹായിക്കും. എന്നാല്‍ എപ്പോഴാണ് ഓടേണ്ടത് എന്നതു സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. രാവിലെ വെറും വയറ്റില്‍ ഓടുന്നതു കൊണ്ട് ഗുണവും ദോഷവുമുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍. ആദ്യം ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. എന്തെങ്കിലും കഴിച്ച ശേഷം ഓടുമ്പോള്‍  പേശികളിലോ കരളിലോ ശേഖരിച്ചു വച്ചിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റാണ് ശരീരം ഊര്‍ജത്തിനായി ഉപയോഗപ്പെടുത്തുക. നേരെ മറിച്ച് വെറും വയറ്റില്‍ ഓടിയാല്‍ ശരീരത്തിലെ കൊഴുപ്പാണ് ഊര്‍ജസ്രോതസ്സായി മാറുന്നത്. ഇത് കൊഴുപ്പിനെ കത്തിച്ച് ശരീരം സ്ലിമ്മാക്കാന്‍ സഹായിക്കും. അമിത ഭാരം കുറയ്ക്കാനും ഇത് നല്ലതാണ്. ഭക്ഷണം കഴിക്കാതെ ഓടുന്നത് ശരീരത്തിന്റെ ഓക്സിജന്‍ ക്ഷമത വര്‍ധിപ്പിക്കുമെന്നു പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വായുവില്‍ നിന്ന് ഓക്സിജനെ വേര്‍തിരിച്ച് ശരീരം ഉപയോഗപ്പെടുത്തുന്നതിന്റെ കാര്യക്ഷമതയെ കുറിക്കുന്നതാണ് ഓക്സിജന്‍ ക്ഷമത. ദീര്‍ഘനേരം ഓടുമ്പോള്‍  ചിലര്‍ക്ക് വയര്‍ വേദന, ഓക്കാനം, ഛര്‍ദ്ദി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. ഈ പ്രശ്നങ്ങള്‍ ലഘൂകരിക്കാന്‍ വെറും വയറ്റിലുള്ള ഓട്ടം സഹായിക്കും. എന്നാല്‍ വെറും വയറ്റിലുള്ള ഓട്ടത്തിന് ചില ദോഷങ്ങളും ഉണ്ട്. അതില്‍ ഏറ്റവും മുഖ്യമായത് ഇത് വ്യായാമത്തിന്റെ തീവ്രത കുറയ്ക്കും എന്നതാണ്. പെട്ടെന്ന് ക്ഷീണം തോന്നും. ഇത് വ്യായാമത്തിന്റെ സമയത്ത് പരുക്കുകള്‍ പറ്റാന്‍ ഇടയാക്കാം. വെറും വയറ്റില്‍ രാവിലെ ഓടുന്നത് കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ തോത് ഉയര്‍ത്താം. ഇത് പേശികളിലെ കോശങ്ങളിലുള്ള പ്രോട്ടീനെ വിഘടിപ്പിക്കുകയും പേശീ നഷ്ടത്തിലേക്ക് നയിക്കുകയും ചെയ്യും. വെറും വയറ്റിലുള്ള ഓട്ടം പ്രമേഹ രോഗികളില്‍ കുറഞ്ഞ പഞ്ചസാര അഥവാ ഹൈപോഗ്ലൈസീമിയക്കും കാരണമാകാം. ഇക്കാരണങ്ങളാല്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം മാത്രമേ  ഓട്ടത്തിനുള്ള സമയം തിരഞ്ഞെടുക്കാവൂ.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.