Click to learn more 👇

'അഡ്വാന്‍സ് വാങ്ങിയിട്ട് കോള്‍ഷീറ്റ് നല്‍കുന്നില്ല; പത്ത് ബോഡിഗാര്‍ഡിനെ നിയമിച്ചു'; 14 മുന്‍നിര താരങ്ങള്‍ക്കെതിരെ നിര്‍മാതാക്കള്‍

 


ചെന്നൈ: തമിഴ് സിനിമാ മേഖലയിലെ മുൻനിര താരങ്ങള്‍ക്കെതിരെ നടപടിക്കൊരുങ്ങി നിര്‍മാതാക്കള്‍. ചില താരങ്ങള്‍ അഡ്വാൻസ് വാങ്ങിയതിനുശേഷം കോള്‍ഷീറ്റ് നല്‍കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.

ഇതുള്‍പ്പെടെ മറ്റ് പരാതികളില്‍ നടപടി സ്വീകരിക്കാൻ ജൂണ്‍ 18ന് ചേര്‍ന്ന തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ ജനറല്‍ യോഗത്തില്‍ തീരുമാനമായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ഇന്നലെ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലും നടികര്‍ സംഘവും ഇത് സംബന്ധിച്ച്‌ ചര്‍ച്ച നടത്തി. ചിമ്ബു, വിശാല്‍, വിജയ് സേതുപതി, എസ് ജെ സൂര്യ, അഥര്‍വ, യോഗിബാബു എന്നിവര്‍ പരാതി ഉയര്‍ന്നവരില്‍ ഉള്‍പ്പെടുന്നു. താൻ സംവിധാനം ചെയ്യുന്ന സിനിമയില്‍ നിന്ന് നടൻ ധനുഷ് ഇറങ്ങിപ്പോയതായി ശ്രീ തെനണ്ടല്‍ സ്റ്റുഡിയോ മേധാവിയായ മുരളി രാമസ്വാമി ആരോപിച്ചു. തന്റെ സിനിമ പൂര്‍ത്തിയാക്കിയതിനുശേഷം മാത്രം മറ്റ് സിനിമകളില്‍ പ്രവര്‍ത്തിക്കാൻ ധനുഷിനെ നിര്‍ബന്ധിക്കണമെന്ന്

രാമസ്വാമി കൗണ്‍സിലിനോട് അഭ്യര്‍ത്ഥിച്ചു. ഇത്തരത്തില്‍ വിവിധ പരാതികളില്‍ 14 അഭിനേതാക്കള്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്.

നടിമാരായ അമല പോള്‍, ലക്ഷ്‌മി റായ് എന്നിവര്‍ പത്ത് ബോഡി ഗാര്‍ഡുമാരെ ചുമതലപ്പെടുത്തിയെന്നും ഇതിന്റെ ചെലവിനായി നിര്‍മാതാക്കളില്‍ നിന്ന് കൂടുതല്‍ പ്രതിഫലം വാങ്ങിയെന്നും പരാതി ഉയരുന്നു. ഈ താരങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇത് സംബന്ധിച്ച വിവരം ഔദ്യോഗികമായി അടുത്ത ആഴ്‌ച പുറത്തുവിടുമെന്നും നിര്‍മാതാക്കളുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.