Click to learn more 👇

🔺പത്ത് വര്‍ഷത്തെ സാംസ്‌കാരിക വിസ അവതരിപ്പിക്കാന്‍ ഒമാന്‍ 🔺 പ്രവാസി തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുന്നു 🔺 ഈ ഗള്‍ഫ് രാജ്യങ്ങളില്‍ ഇനി ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം



 കലാമേഖലയിലുള്ള പ്രതിഭകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുക ലക്ഷ്യമിട്ട് 10 വര്‍ഷത്തെ വിസ അവരതിപ്പിക്കാന്‍ ഒമാന്‍.

ഇതുമായി ബന്ധപ്പെട്ട കരടിന് മജ്‌ലിസ് ശൂറ അംഗീകാരം നല്‍കി. മികച്ച സര്‍ഗാത്മക പ്രതിഭകളെ ആകര്‍ഷിക്കുന്ന സന്തുലിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ ലക്ഷ്യംവെച്ചാണ് സാംസ്‌കാരിക വിസ അവതരിപ്പിക്കുന്നത്. ഒമാനിലേക്ക് എഴുത്തുകാരെ ഉള്‍പ്പെടെ കൊണ്ടുവരുന്നതിനാണ് 10 വര്‍ഷത്തെ സാംസ്‌കാരിക വിസ രൂപകല്‍പ്പന ചെയ്തത്.

മീഡിയ ആന്‍ഡ് കള്‍ച്ചര്‍ കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണിത്. ഇതിലൂടെ രാജ്യത്ത് സാംസ്‌കാരിക പൈതൃകം, വാസ്തുവിദ്യ, ഭാഷ, സാഹിത്യം, കാലിഗ്രഫി, ശില്‍പ്പം, ഡ്രോയിങ്, മറ്റു കലാമേഖലകള്‍ എന്നിവയില്‍ മുന്നേറ്റം സാധ്യമാകും. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഒമാനികളുടെ വേതനം വര്‍ധിപ്പിക്കാനുള്ള അഭ്യര്‍ത്ഥനകള്‍ക്കും ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. സ്വകാര്യമേഖലയിലെ ഒമാനികളുടെ മിനിമം വേതനം വര്‍ധിപ്പിക്കുന്നത് അവരുടെ വാങ്ങല്‍ ശേഷിയെ സഹായിക്കുകയും പ്രാദേശിക വിപണിയിലെ പണമൊഴുക്ക് മെച്ചപ്പെടുത്തുകയും ചെയ്യും.

🔺 ഒമാനില്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുന്നു

മസ്‌കറ്റ്: പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസമായി ഒമാനില്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുന്നു. നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പ്രാബല്യത്തില്‍ വരുത്താന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്‍റെ രാജകീയ ഉത്തരവ്. കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് പുറപ്പെടുവിച്ച സാമൂഹിക സംരക്ഷണ നിയമം സംബന്ധിച്ച ഉത്തരവിലാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്.

ഇതുസംബന്ധിച്ച ഉത്തരവ് മൂന്ന് വര്‍ഷത്തിന് ശേഷമാണ് പ്രാബല്യത്തില്‍ വരിക. സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാരും ഉള്‍പ്പെടുന്നതാണ് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് നിയമം. നിലവില്‍ ഒമാനില്‍ 1,784,736 പ്രവാസികളുണ്ട്. ഇവരില്‍ 44,236 പേര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 1,406,925 പേര്‍ സ്വകാര്യ മേഖലയിലും തൊഴിലെടുക്കുന്നവരാണ്.

പുതിയ നിയമത്തിലൂടെ സ്വകാര്യ മേഖലയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പരിരക്ഷ ലഭിക്കും. പരിക്കും രോഗാവസ്ഥയും കണക്കിലെടുത്താണ് ആരോഗ്യ പരിരക്ഷ ലഭിക്കുക. ഒറ്റത്തവണ നഷ്ടപരിഹാരം, വൈകല്യ പെന്‍ഷനുകള്‍, അലവന്‍സുകള്‍ എന്നിങ്ങനെ ഇതിനെ വിവിധ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.

🔺 ഈ ഗള്‍ഫ് രാജ്യങ്ങളില്‍ ഇനി ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം

ദില്ലി: ലോകത്തിലെ ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ടു. അടുത്തിടെ പുറത്തിറക്കിയ ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് 2023 ല്‍ ഇന്ത്യക്ക് 80-ാമത്തെ സ്ഥാനമാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ പട്ടികയില്‍ ഇന്ത്യ ഇത്തവണ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് നിലവില്‍ 57 രാജ്യങ്ങളിലേക്ക് വിസാ രഹിത അല്ലെങ്കില്‍ ഓണ്‍ അറൈവല്‍ വിസാ രീതിയില്‍ പ്രവേശിക്കാനാകും.

ചൈന, ജപ്പാന്‍, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവയടക്കം 177 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യക്കാര്‍ക്ക് മുന്‍കൂര്‍ വിസ ആവശ്യമാണ്. ഗള്‍ഫ് രാജ്യങ്ങളായ ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യക്കാര്‍ക്ക് മുന്‍കൂര്‍ വിസ ആവശ്യമില്ല. ഇതോടെ ഈ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് തടസ്സരഹിതമായ പ്രവേശനം സാധ്യമാണ്. മീഡില്‍ ഈസ്റ്റില്‍ ഇറാന്‍, ജോര്‍ദാന്‍, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കാര്‍ക്ക് മുന്‍കൂട്ടി വിസയില്ലാതെ പ്രവേശനം അനുവദിക്കുന്നത്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.