Click to learn more 👇

സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങിയത് അമ്ബതിലേറെ തവണ, മാസ്ക് മാറ്റി മുഖം കാണിക്കാൻ ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ; നീതി കിട്ടില്ലെന്ന് ഉറപ്പ്; ഐസിയുവില്‍ പീഡിപ്പിക്കപ്പെട്ട യുവതി; വീ‌ഡിയോ കാണാം


 കോഴിക്കോട്: പരാതി നല്‍കിയ ശേഷമുളള നാലുമാസത്തെ അനുഭവം കൊണ്ട് നീതി കിട്ടില്ലെന്നുറപ്പായെന്ന് കോഴിക്കോട് മെഡി. കോളേജ് ഐസിയുവില്‍ പീഡിപ്പിക്കപ്പെട്ട യുവതി.

അമ്ബതിലേറെ തവണയാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങിയത്. പരാതിയുമെത്തിയ തന്നോട് മാസ്ക് മാറ്റി മുഖം കാണിക്കാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുണ്ട്. വനിതാ കമ്മീഷനില്‍ നിന്ന് പോലും നീതി കിട്ടിയില്ല. കമ്മീഷൻ ആവശ്യപ്പെട്ടിട്ടും മെഡി.കോളേജ് റിപ്പോര്‍ട്ട് നല്‍കുന്നതില്‍ അനാസ്ഥ കാണിക്കുന്നത് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണ്. നീതി കിട്ടിയില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നും അതിജീവിത പറഞ്ഞു.

അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കുന്ദമംഗലം കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. പീഡന പരാതി ഇല്ലാതാക്കാൻ 5 വനിതാ ജീവനക്കാര്‍ ചേര്‍ന്ന് അതിജീവിതയ്ക്കുമേല്‍ ഭീഷണി, സമ്മര്‍ദ്ദം എന്നിവ നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 


അതിജീവിത മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴി ഉള്‍പ്പെടെ മാറ്റാൻ സ്വാധീനം ചെലുത്തി എന്നും കുറ്റപത്രത്തിലുണ്ട്. ഇവരെ കുറ്റവിമുക്തരാക്കി മെഡി. കോളേജ് പ്രിൻസിപ്പല്‍ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുക്കുകയും ചെയ്തു. വിമര്‍ശനം ശക്തമായപ്പോഴായിരന്നു കഴിഞ്ഞ ദിവസം തിരിച്ചെടുക്കല്‍ നടപടി റദ്ദാക്കിയത്. പീഡനക്കേസിലെ പ്രതി ശശീന്ദ്രന്റെ സഹപ്രവര്‍ത്തകരാണ് ഈ അഞ്ചുപേരും.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.