പതിനേഴുകാരിയായ കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പള്ളി വികാരി അറസ്റ്റിലായി. കർണ്ണാടകയിലെ ശിവമോഗയിലാണ് വിദ്യാർത്ഥിനിയെ ലെെംഗികമായി പഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിലായത്. വൈദികനെതിരെ പോക്സോനിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
പ്രീ യൂണിവേഴ്‌സിറ്റി കോളേജിന്റെ പ്രിൻസിപ്പലും ശിവമോഗ രൂപതാംഗവുമായ ഫാ. ഫ്രാൻസിസ് ഫെർണാണ്ടസാണ് അറസ്റ്റിലായത്.
വൈദികന്റെ പീഡനത്തിനിരയായ പെൺകുട്ടി ബുധനാഴ്ച കോളേജ് ഹോസ്റ്റലിൽ ജീവനൊടുക്കാൻ ശ്രമിച്ചത് വലിയ വാർത്തയായിരുന്നു. നിലവിൽ പെൺകുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചതോടെയാണ് ലെെംഗിക പീഡനവിവരം പുറത്തായത്. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ ശിവമോഗ കോട്ടെ പൊലീസ് കേസെടുക്കുകയും വൈദികനെ അറസ്റ്റുചെയ്യുകയുമായിരുന്നു.
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചതിനും പെൺകുട്ടിയെ ജാതീയമായി അധിക്ഷേപിച്ചതിനുമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. വെെദികനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
പെൺകുട്ടിയെ ലെെംഗികമായി ചൂഷണം ചെയ്തു വരികയായിരുന്നു എന്ന വിവരമാണ് പുറത്തു വരുന്നത്. പ്രതി കോളേജ് പ്രിൻസിപ്പാൾ എന്ന പദവി ദുരുപയോഗം ചെയ്തുകൊണ്ടാണ് ലെെംഗികാതിക്രമം നടത്തിയതെന്നാണ് പരാതിയിൽ ഇര ചൂണ്ടിക്കാണിക്കുന്നത്. അതേസമയം വെെദികൻ്റെ ലെെംഗികാതിക്രമത്തിൻ്റെ വാർത്ത പുറത്തു വന്നതിനു പിന്നാലെ കോളേജ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന് കോളേജിൽ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് പെൺകുട്ടിയുടെ സമുദായാംഗങ്ങൾ പോലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. സ്റ്റേഷനു മുന്നിൽ അവർ മുദ്രാവാക്യം മുഴക്കുകയും വൈദികനെതിരേ കർശനനടപടി വേണമെന്ന് ആവശ്യപ്പെടുകായുമായിരുന്നു.