Click to learn more 👇

ക്രിക്കറ്റ് തര്‍ക്കത്തില്‍ ബാറ്റിനടിയേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍


 ക്രിക്കറ്റ് കളിക്കിടെയുണ്ടായ വാക്കുതര്‍ക്കത്തില്‍ പീരുമേട്ടില്‍ യുവാവ് അടിയേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.

പീരുമേട് പാമ്ബനാര്‍ കൊടുവക്കരണത്താണ് സംഭവം. കൊടുവാക്കരണം രണ്ടാം ഡിവിഷൻ എസ്റ്റേറ്റ് ലയത്തില്‍ ജെറിൻ രാജാണ് (25) അറസ്റ്റിലായത്.

ജൂലൈ പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊടുവാക്കരണം എസ്റ്റേറ്റ് രണ്ടാം ഡിവിഷനില്‍ ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കുതര്‍ക്കത്തില്‍ കൊടുവാക്കരണം എസ്റ്റേറ്റിലെ ജയപാലിന്റെ മകൻ ജെ.പി. ജസ്റ്റിൻ (38) മരണപ്പെട്ടിരുന്നു. ജെറിൻ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ജെസ്റ്റിന്റെ തലക്ക് അടിച്ചു വീഴ്ത്തി.

ജസ്റ്റിനെ മറ്റുള്ളവര്‍ ചേര്‍ന്ന് താമസ സ്ഥലത്ത് എത്തിച്ചുവെങ്കിലും അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പീരുമേട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ജസ്റ്റിൻ മരണപെട്ടത്.

തുടര്‍ന്ന് ജെറിൻ രാജയെ പ്രതി ചേര്‍ത്ത് പീരുമേട് പോലീസ് കേസടുത്തു. ഇതിനു പിന്നാലെയാണ് ജെറിനെ വീട്ടില്‍ നിന്നും അറസ്റ്റു ചെയ്തത്. വൈദ്യപരിശോധനക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

എസ്റ്റേറ്റ് റോഡിലൂടെ നടന്നു പോയ ജസ്റ്റിന്റെ ദേഹത്ത് ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന സംഘം അടിച്ച പന്ത് വന്നു വീണതോടെയാണ് സംഭവങ്ങളുടെ തുടക്കം. ക്ഷുഭിതനായ ജസ്റ്റിൻ പന്തുമായി കളിക്കാരുടെ അടുത്തെത്തിയതോടെ സ്ഥലത്ത് വാക്കേറ്റമുണ്ടായി.

സംഘര്‍ഷത്തിനിടെ തന്റെ ബന്ധു കൂടിയായ ജെറിൻ രാജിനെ ജസ്റ്റിൻ പന്ത് കൊണ്ട് ഇടിക്കുകയും തുടര്‍ന്ന് ജെറിൻ തിരികെ ക്രിക്കറ്റ് ബാറ്റുകൊണ്ട് ജസ്റ്റിനെ അടിക്കുകയും ചെയ്തു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.