കൊല്ലം പരവൂരില്‍ വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി 11 ലക്ഷം രൂപ തട്ടിയ സീരിയല്‍ നടിയും സുഹൃത്തും അറസ്റ്റില്‍.
പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശിയും പരവൂര്‍ കലയ്ക്കോട് സ്വദേശി ബിനുവുമാണ് പിടിയിലായത്.
തിരുവനന്തപുരം പട്ടത്ത് താമസിക്കുന്ന മുൻ സൈനികനും കേരള സര്‍വ്വകലാശാല ജീവനക്കാരനുമായിരുന്ന 75 കാരനാണ് ഇവരുടെ ചതിക്കുഴിയില്‍പ്പെട്ടത്. അഭിഭാഷക കൂടിയാണ് നിത്യ ശശി.
മെയ് 24നാണ് തട്ടിപ്പിന്റെ തുടക്കം. വയോധികന്റെ കലയ്ക്കോട്ടെ വീട് വാടകയ്ക്ക് ചോദിച്ച് ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയാണ് ഇവര്‍ ആദ്യം ചെയ്തത്. തുടരെയുള്ള ഫോണ്‍ വിളിയിലൂടെ പതിയെ സൗഹൃദത്തിലാക്കി. ഒടുവില്‍ വയോധികൻ കലയ്ക്കോട്ടെ വീട്ടിലെത്തി. അവിടെ വച്ച് ഭീഷണിപ്പെടുത്തി വസ്ത്രങ്ങള്‍ അഴിപ്പിച്ച് വിവസ്ത്രയായ നിത്യയ്ക്കൊപ്പം ചിത്രങ്ങള്‍ എടുത്തു. ഫോണില്‍ ചിത്രം പകര്‍ത്തിയത് മുൻ നിശ്ചയിച്ച പ്രകാരം സ്ഥലത്തെത്തിയ വയോധികന്റെ ബന്ധു കൂടിയായ ബിനുവായിരുന്നു.
ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. നിരന്തരമായ ഭീഷണിയ്ക്ക് പിന്നാലെ 11 ലക്ഷം രൂപ നല്‍കി. എന്നാല്‍, വീണ്ടും പണം ആവശ്യപ്പെട്ട് പ്രതികള്‍ ബ്ലാക്ക് മെയില്‍ തുടര്‍ന്നു. സഹികെട്ട് ഈ മാസം 18നാണ് വയോധികൻ പരവൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് ആവശ്യപ്പെട്ട പ്രകാരം ബാക്കി പണം നല്‍കാനെന്ന പേരില്‍ പരാതിക്കാരൻ പ്രതികളെ പട്ടത്തെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി. അവിടെ വച്ച് പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.