Click to learn more 👇

അഞ്ചു വയസുകാരിയുടെ സംസ്കാര ചടങ്ങുകള്‍ക്ക് മന്ത്രി രാജീവോ കളക്ടറോ പോലും എത്തിയില്ല; പ്രതിഷേധം പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്


 കൊച്ചി: ആലുവയില്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട അഞ്ച് വയസുകാരിയുടെ പൊതുദര്‍ശനത്തിനും സംസ്കാര ചടങ്ങുകള്‍ക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവോ, ജില്ലാ കളക്ടറോ പോലും എത്താത്തതില്‍ പ്രതിഷേധം വ്യക്തമാക്കി കോണ്‍ഗ്രസ് രംഗത്ത്.

സര്‍ക്കാരിന് ഔചിത്യം ഇല്ലെന്ന് ഡി സി സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ പ്രതിനിധി പോലും പങ്കെടുക്കാത്തത് പ്രതിഷേധാര്‍ഹമാണ്. മന്ത്രി പി രാജീവിന് ചുമതലയുള്ള ജില്ലയായിട്ടും ആരും വന്നില്ലെന്നും എറണാകുളത്ത് വ്യാപക പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് തീരുമാനമെന്നും ഡി സി സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. നാളെ ബ്ലോക്ക് തലത്തില്‍ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിക്കുമെന്നും ആലുവ പൊലീസ് സ്റ്റേഷനിലേക്കും നാളെ കോണ്‍ഗ്രസ് മാര്‍ച്ച്‌ സംഘടിപ്പിക്കുമെന്നും അദ്ദേഹം വിവരിച്ചു.

സര്‍ക്കാര്‍ കേരളത്തില്‍ മദ്യം ഒഴുകുകയാണെന്നും ലഹരിയില്‍ നിന്നും മോചനം ഇല്ലെങ്കില്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും മുഹമ്മദ് ഷിയാസ് അഭിപ്രായപ്പെട്ടു. ആലുവയില്‍ കുട്ടിയെ കാണാതായത് മുതല്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതുവരെയുള്ള സംഭവത്തില്‍ പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത് വലിയവീഴ്ചയാണെന്നും ഡി സി സി പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ആലുവയിലെ അഞ്ച് വയസുകാരിയുടെ അതിക്രൂര കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നതിലടക്കം അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുമെന്നും മറ്റ് ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതും അന്വേഷിക്കുകയാണെന്നും ഡി ഐ ജി ശ്രീനിവാസ് പറഞ്ഞു. പ്രതി ബീഹാര്‍ സ്വദേശിയാണെന്നും ആവശ്യമെങ്കില്‍ ബീഹാറില്‍ പോയി അന്വേഷിക്കുമെന്നും ഡി ഐ ജി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ബീഹാറില്‍ അസഫാഖ് ആലത്തിന്‍റെ പേരില്‍ കേസുകളുള്ളതായി വിവരം കിട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ കൂടുതല്‍ സാക്ഷികളെ കണ്ടെത്താൻ ശ്രമം നടക്കുകയാണെന്നും ഡി ഐ ജി ശ്രീനിവാസ് വിവരിച്ചു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.