Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ


◾കനത്ത മഴയെത്തുടര്‍ന്ന് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. എറണാകുളം, തൃശൂര്‍, പാലക്കാട്, ആലപ്പുഴ, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം ജില്ലകളിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും അവധിയാണ്. കോഴിക്കോട്, കാസര്‍കോട്, കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, ഇടുക്കി, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ക്കും അവധിയാണ്. കണ്ണൂരില്‍ സര്‍വകലാശാലാ പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി.

◾ശക്തമായ മഴയില്‍ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. കണ്ണൂര്‍, വടകര, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലായി വെള്ളത്തില്‍ വീണു മൂന്നു പേര്‍ മരിച്ചു. അപ്പര്‍ കുട്ടനാട് അടക്കമുള്ളിടങ്ങളില്‍ നൂറു കണക്കിന് വീടുകളില്‍ വെള്ളം കയറി. കടലാക്രമണം രൂക്ഷമായതോടെ തീരത്തുനിന്നു വീടുകളൊഴിഞ്ഞു. അന്‍പതോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. മിക്ക ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. ചാലക്കുടി, ഇരിങ്ങാലക്കുട മേഖലയില്‍ മിന്നല്‍ ചുഴലി മൂലം വന്‍നാശനഷ്ടമുണ്ടായി. കുതിരാനില്‍ വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞു താഴ്ന്നു. അട്ടപ്പാടി ചുരത്തില്‍ വൈദ്യുതി ലൈനിലേക്കു മരം വീണ് ഇരുട്ടിലായ അട്ടപ്പാടിയില്‍ വൈദ്യുതി പുനസ്ഥാപിച്ചു. തിരുവല്ലയില്‍ സിഎസ്ഐ പള്ളി തകര്‍ന്നു.


◾അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ഇനി പിഎച്ച്ഡി നിര്‍ബന്ധമല്ലെന്ന് യുജിസി. നെറ്റ്, സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് , സ്റ്റേറ്റ് ലെവല്‍ എലിജിബിലിറ്റി ടെസ്റ്റ് എന്നിവ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള ഏറ്റവും കുറഞ്ഞ മാനദണ്ഡമായി നിശ്ചയിച്ചു. അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കുന്നതിനുള്ള പിഎച്ച്ഡി യോഗ്യത ഓപ്ഷണലായിരിക്കുമെന്ന് യുജിസി അറിയിച്ചു.


◾സംസ്ഥാനത്തെ കോളജുകളിലും യൂണിവേഴ്സിറ്റികളിലും പരാതി പരിഹാര സെല്ലിനു രൂപം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവു നടപ്പാക്കുന്നതു ഹൈക്കോടതി സ്റ്റേ ചെയ്തു. യുജിസി ചട്ടങ്ങള്‍ക്കു വിരുദ്ധമെന്നു ചൂണ്ടിക്കാട്ടി കോളജ് പ്രിന്‍സിപ്പല്‍മാരുടെ സംഘടനയും കാത്തലിക് എന്‍ജിനിയറിംഗ് കോളജ് മാനേജുമെന്റ് അസോസിയേഷനും നല്‍കിയ ഹര്‍ജിയിലാണു സ്റ്റേ. കാഞ്ഞിരപ്പിള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിനു പിറകേയാണ് അഞ്ചു വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ഉള്‍പെടുന്ന പരാതി പരിഹാര സെല്‍ വേണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.


◾വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കും. ബില്ലിന്റെ ആദ്യത്തെ കരട് രൂപം കഴിഞ്ഞ വര്‍ഷം നവംബറില്‍ അവതരിപ്പിച്ച് പൊതുജനാഭിപ്രായം തേടിയിരുന്നു.

◾ഏകീകൃത സിവില്‍ കോഡിനെതിരെ പ്രചാരണം നടത്തുമെന്ന് കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു. ആദ്യ സംവാദം കോഴിക്കോട് സംഘടിപ്പിക്കും. തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്ന ഹൈബി ഈഡന്റെ സ്വകാര്യ ബില്‍ അനവസരത്തിലായിരുന്നെന്ന് കെപിസിസി നേതൃയോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് വിമര്‍ശിച്ചു.


◾സംസ്ഥാന ബിജെപി പ്രസിഡന്റായി തന്നെ നിയമിക്കുമെന്ന വാര്‍ത്തയെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്ര മന്ത്രി വി. മുരളിധരന്‍. കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയെക്കുറിച്ചും അറിയില്ല. വിദേശകാര്യ മന്ത്രി എന്ന ചുമതലയാണ് താനിപ്പോള്‍ വഹിക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകരോട് മുരളീധരന്‍ പ്രതികരിച്ചു.


◾കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ് വെങ്കിട്ട നാരായണ ഭട്ടി സുപ്രീം കോടതി ജഡ്ജിയാകും. തെലുങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഉജ്ജല്‍ ഭുയാനേയും സുപ്രീം കോടതി ജഡ്ജിയാക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു.


◾ഓണാഘോഷത്തിനു കേരളത്തിനു പുറത്തു നിന്നുള്ളവരെ ആകര്‍ഷിക്കുന്ന രീതിയില്‍ പരിപാടികള്‍ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണാഘോഷം ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ വിപുലമായ പരിപാടികളോടെ  നടത്താന്‍ തീരുമാനിച്ചു.


◾തൊഴിലുറപ്പ് പദ്ധതിയില്‍ കേരളം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചതിനേക്കാള്‍ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം 950 ലക്ഷം തൊഴില്‍ ദിനങ്ങള്‍ അംഗീകരിച്ചപ്പോള്‍ കേരളം സൃഷ്ടിച്ചത് 965.67 ലക്ഷം തൊഴില്‍ ദിനങ്ങളാണ്. തൊഴില്‍ ദിനങ്ങളുടെ എണ്ണത്തിന്റെ ദേശീയ ശരാശരി 47.84 ആണെങ്കില്‍ കേരളത്തിന്റെ ശരാശരി 62.26 ആണ്. മുഖ്യമന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.


◾കേസന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാതിരുന്ന കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ 2500 രൂപ പിഴ അടയ്ക്കണമെന്നും ഹൈക്കോടതി. പിഴ ഒടുക്കിയശേഷം 24 നകം റിപ്പോര്‍ട്ട് ഹാജരാക്കണം. യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടാണ് കോടതി ആവശ്യപ്പെട്ടത്. കേസ്  അന്വേഷണം ക്രൈംബ്രാഞ്ചിനോ പ്രത്യേക സംഘത്തിനോ കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു നടപടി.

◾കുതിരാനു സമീപം വഴുക്കുംപാറ മേല്‍പ്പാതയില്‍ കഴിഞ്ഞയാഴ്ച വിള്ളല്‍ കണ്ട സ്ഥലത്ത് വലിയ കുഴി. പത്തു മീറ്ററോളം നീളത്തില്‍ ഒരടിയിലേറെ റോഡ് താഴ്ന്നു. ഇനിയും കൂടുതല്‍ ഭാഗം ഇടിയാന്‍ സാധ്യതയുള്ളതിനാല്‍ ഇവിടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.


◾സംസ്ഥാനത്തു പുകയിലയും നിക്കോട്ടിനും  അടങ്ങിയ ഗുഡ്കയുടേയും പാന്‍മസാലയുടേയും ഉല്‍പാദനം, സംഭരണം, വില്‍പന എന്നിവ നിരോധിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നിരോധിച്ചതാണെങ്കിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് വര്‍ഷംതോറും ഉത്തരവിറക്കണം.


◾ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ് രാജിവച്ചു. എല്‍ഡിഎഫ് നല്‍കിയ അവിശ്വാസ പ്രമേയത്തിലുള്ള ചര്‍ച്ച നാളെ നടക്കാനിരിക്കെയാണ് രാജി. സിപിഐ പ്രതിനിധിയായ ആനന്ദറാണി ദാസ് പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതെത്തുടര്‍ന്നാണ് എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്.


◾വിമാനത്തില്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ നടന്‍ വിനായകന് ഹൈക്കോടതി നോട്ടീസയച്ചു. വിമാനക്കമ്പനിക്ക് പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് വൈദികനായ ജിബി ജെയിംസാണ് കോടതിയെ സമീപിച്ചത്.


◾പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിനു മുകളില്‍ മരം വീണു. അഗ്‌നിരക്ഷാസേന എത്തി മുറിച്ചുനീക്കി.

◾കണ്ണൂരിലെ നാലുവയലില്‍ വീടിനു മുന്നിലെ വെള്ളക്കെട്ടില്‍ തെന്നിവീണ് ഒരാള്‍ മരിച്ചു. താഴത്ത് ഹൗസില്‍ ബഷീര്‍ (50) ആണ് മരിച്ചത്.


◾വടകരയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കനാലിലെ പായല്‍ നീക്കുന്നതിനിടെ കാല്‍ വഴുതി വീണ യുവാവിനെ ഒഴുക്കില്‍പെട്ടു കാണാതായി. വൈക്കിലശേരി കൊമ്മിണിമ്മല്‍ താഴെ വിജീഷനെ (30) ആണു കാണാതായത്.


◾കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കൊടുങ്ങല്ലൂര്‍ പനങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ തിരുവള്ളൂര്‍ കാര്യേഴത്ത് സുജിന്ദ്രന്റെ മകന്‍ ജിസുന്‍ (17) ആണ് മരിച്ചത്.


◾മലപ്പുറത്ത് വിദ്യാലയത്തില്‍ ബോധവല്‍ക്കരണ ക്ലാസെടുക്കുന്നതിനിടെ വിരമിച്ച അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു. കാളികാവ് സ്വദേശി കെ ഫസലുദ്ധീന്‍ ആണ് ആമപ്പൊയില്‍ ജിഎല്‍പിഎസ് സ്‌കൂളില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണ ക്ലാസ് എടുക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്.


◾ചാലക്കുടിയില്‍ ബ്യൂട്ടീഷ്യന്‍ ഷീല സണ്ണിയെ കള്ളക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നു പിരിച്ചുവിടണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ബ്യൂട്ടീഷ്യന്‍ സംസ്ഥാന പ്രസിഡന്റ് മഞ്ജു സുഭാഷും സെക്രട്ടറി ഷിബി സുള്‍ഫിക്കറും ആവശ്യപ്പെട്ടു.


◾എന്‍സിപി അധ്യക്ഷ സ്ഥാനത്തുനിന്ന് ശരദ് പവാറിനെ നീക്കിയെന്നും അജിത്ത് പവാറിനെ പ്രസിഡന്റായി തെരഞ്ഞെടുത്തെന്നും എന്‍സിപി വിമതപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തെരഞ്ഞെടുത്തതെന്ന് അറിയിപ്പില്‍ പറയുന്നു. ആകെയുള്ള 53 എംഎല്‍എമാരില്‍ നാല്‍പത് എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടു. അയോഗ്യരാകാതിരിക്കാന്‍ 36 എംഎല്‍എമാരുടെ പിന്തുണയാണു വേണ്ടത്. അജിത് പവാര്‍ വിളിച്ച യോഗത്തില്‍ 32 എംഎല്‍എമാരും ശരത് പവാര്‍ വിളിച്ച യോഗത്തില്‍ 16 എംഎല്‍എമാരുമാണു പങ്കെടുത്തത്. ശരത് പവാര്‍ പക്ഷവും തെരഞ്ഞെടുപ്പു കമ്മീഷനു കത്തു നല്‍കിയിട്ടുണ്ട്.

◾83 വയസായ ശരദ് പവാര്‍ വിരമിക്കണമെന്ന് എന്‍സിപി നേതാവ് അജിത് പവാര്‍. ഇനി എന്നാണ് ഇതൊക്കെ നിര്‍ത്തുക? റിട്ടയര്‍മെന്റ് പ്രായം എല്ലാവര്‍ക്കുമുണ്ട്. അദ്ദേഹം പറഞ്ഞു.


◾മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്തേക്കു മൂത്രമൊഴിച്ച യുവാവ് അറസ്റ്റില്‍. സിദ്ധി ജില്ലയിലെ പ്രവേശ് ശുക്ല എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ത്തു. ഇയാള്‍ക്കെതിരെ ദേശീയ സുരക്ഷ നിയമ പ്രകാരമാണ് കേസെടുത്തത്.


◾സാമൂഹ്യ പ്രവര്‍ത്തക ടീസ്ത സെതല്‍വാദിന്റെ ഇടക്കാല ജാമ്യം സുപ്രീം കോടതി ഈ മാസം 19 വരെ നീട്ടി.  2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖകള്‍ ചമച്ചെന്നാണ് ടീസ്തക്കെതിരായ കേസ്.  ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസയച്ചു.


◾രാജ്യത്തെ ഇന്ധനോപയോഗം ശരാശരി 60 ശതമാനം എഥനോളും 40 ശതമാനം വൈദ്യുതിയുമായാല്‍ പെട്രോള്‍ ഉപയോഗം കുറയുമെന്നും വില 15 രൂപയാകുമെന്നും  കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. രാജസ്ഥാനിലെ പ്രതാപ്ഗഢില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


◾വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ മലയാളിതാരം സഞ്ജു സാംസണും. യുവതാരങ്ങളായ യശസ്വി ജെയ്‌സ്വാളും തിലക് വര്‍മ്മയും ടീമിലിടം പിടിച്ചു. അതേസമയം സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മ്മയ്ക്കും വിരാട് കോലിയ്ക്കും വിശ്രമം അനുവദിച്ചു. ബിസിസിഐ ചീഫ് സെലക്ടറായി മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍ ചുമതലയേറ്റതിന് ശേഷം പ്രഖ്യാപിക്കുന്ന ആദ്യ ഇന്ത്യന്‍ സ്‌ക്വാഡാണിത്. അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ക്യാപ്റ്റന്‍ .സൂര്യകുമാര്‍ യാദവ് വൈസ് ക്യാപ്റ്റനായി പരമ്പരയിലുണ്ടാകും.

◾ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ ചില എണ്ണ ശുദ്ധീകരണ കമ്പനികള്‍ രൂപയെ തഴഞ്ഞ് ചൈനീസ് കറന്‍സിയായ യുവാന്‍ നല്‍കി റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. ആദ്യമായാണ് റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിക്ക് ഇന്ത്യന്‍ കമ്പനി ചൈനീസ് കറന്‍സി ഉപയോഗിക്കുന്നത്. യുവാനെ ആഗോള കറന്‍സിയായി ഉയര്‍ത്താനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്ക് ഇത് ഗുണകരമാകും. യുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഉപരോധത്തിന്റെ ഭാഗമായി റഷ്യയെ ഡോളറിലും യൂറോയിലും പണമിടപാടുകള്‍ നടത്താന്‍ അനുവദിക്കാത്തതിനാലാണ് പ്രധാനമായും കമ്പനി യുവാന്‍ ഉപയോഗിച്ചു തുടങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാത്രമല്ല രൂപ-റൂബിള്‍ ഇടപാട് തടസ്സപ്പെട്ടതും മറ്റൊരു കാരണമാകാമെന്ന് പറയുന്നു. അതായാത് മദ്ധ്യേഷ്യന്‍ രാജ്യങ്ങളെ മറികടന്ന് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യമായി റഷ്യ മാറിയതോടെ രൂപ-റൂബിള്‍ ഇടപാട് പ്രോത്സാഹിപ്പിക്കാനുള്ള നടപടികളുണ്ടായിരുന്നു. എന്നാല്‍ റഷ്യന്‍ ബാങ്കുകളുടെ ഇന്ത്യയിലെ വോസ്‌ട്രോ എക്കൗണ്ടുകളില്‍ രൂപ കുമിഞ്ഞു കൂടുന്ന സാഹചര്യമാണുണ്ടാകുകയും ഇന്ത്യയില്‍ നിന്ന് വലിയ തോതില്‍ ഉത്പന്ന കയറ്റുമതി ഇല്ലാത്തതിനാല്‍ ഇരു കറന്‍സികളും തമ്മിലുള്ള ഇടപാട് തടസ്സപ്പെടുകയുമായിരുന്നു. ഇതും യുവാനിലേക്കുള്ള നീക്കത്തിന് കാരണമായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, യുവാനിലുള്ള ഇടപാട് സംബന്ധിച്ച റിപ്പോര്‍ട്ടുകളോട് കമ്പനികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ 42 ശതമാനവും ഇപ്പോള്‍ റഷ്യയില്‍ നിന്നാണ്.


◾വരുണ്‍ ധവാന്‍ നായകനാകുന്ന പുതിയ ചിത്രമാണ് 'ബവാല്‍'. ജാന്‍വി കപൂറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. വരുണ്‍ ധവാന്‍ ചിത്രം 'ബവാലി'ന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രം പ്രണയ കഥയാകും പറയുന്നതെന്ന് ടീസറില്‍ നിന്ന് വ്യക്തമാകുന്നതായി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ആമസോണ്‍ പ്രൈം വീഡിയോയിലായിരിക്കും റിലീസ്. ജൂലൈയില്‍ 21നാണ് വരുണ്‍ ധവാന്‍ ചിത്രത്തിന്റെ റിലീസ് എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിതീഷ് തിവാരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വരുണ്‍ ധവാനും ജാന്‍വി കപൂറാണ് ടീസറില്‍ ഉളളത്. വരുണ്‍ ധവാന്റേതായി 'ഭേഡിയ' എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. അമര്‍ കൗശിക് സംവിധാനം ചെയ്ത ചിത്രത്തില്‍ 'ഭാസ്‌കര്‍' ആയിട്ടായിരുന്നു നായകനായ വരുണ്‍ ധവാന്‍ വേഷമിട്ടത്.


◾'2018' സൂപ്പര്‍ ഹിറ്റ് ആയതിന് പിന്നാലെ സൂപ്പര്‍ ഹിറ്റ് നിര്‍മ്മാതാക്കളുമായി കൈകോര്‍ത്ത് ജൂഡ് ആന്തണി. തമിഴിലെ പ്രമുഖ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സുമായാണ് ജൂഡ് ഒന്നിക്കുന്നത്. ലൈക പ്രൊഡക്ഷന്‍ ആണ് ട്വിറ്റര്‍ പേജിലൂടെ വമ്പന്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഉടന്‍ വരുന്ന പ്രോജക്ടിന്റെ മറ്റ് വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. മലയാളത്തില്‍ നിന്നും ഇതാദ്യമായാകും യുവ സംവിധായകന്‍ വമ്പന്‍ നിര്‍മ്മാണക്കമ്പനിയുമായി സഹകരിക്കുന്നത്. പാന്‍ ഇന്ത്യന്‍ സിനിമയായി ഒരുങ്ങുന്ന പ്രോജക്ട് വലിയ മുതല്‍ മുടക്കിലാകും ഒരുങ്ങുക. ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളാകും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ, സാറാസ്, 2018 എന്നീ നാല് സിനിമകള്‍ മാത്രം ചെയ്ത് മലയാളത്തിലെ മുന്‍നിര സംവിധായകനായി മാറി ഒരാളാണ് ജൂഡ് ആന്തണി. ഇതില്‍ മുത്തശ്ശി ഗദ ഒഴിച്ച് ബാക്കി മൂന്ന് സിനിമകളും ഹിറ്റുകള്‍ ആയിരുന്നു. ഹിന്ദിയില്‍ നിന്നും തെലുങ്കില്‍ നിന്നും നിര്‍മാണ കമ്പനികള്‍ അടുത്ത പ്രോജക്ടിനായി സംവിധായകനെ സമീപിച്ചിരുന്നു.

◾മാരുതി സുസുക്കിയുടെ പ്രീമിയം എംപിവി ഇന്‍വിക്റ്റോയുടെ വില പ്രഖ്യാപിച്ചു. 24.79 ലക്ഷം രൂപ മുതലാണ് വില. മൂന്നു വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ അടിസ്ഥാന വകഭേദമായി സീറ്റ പ്ലസ് ഏഴു സീറ്റിറിന് 24.79 ലക്ഷം രൂപയും സീറ്റ പ്ലസ് 8 സീറ്ററിന് 24.84 ലക്ഷം രൂപയും ആല്‍ഫ പ്ലസ് ഏഴു സീറ്റിന് 28.42 ലക്ഷം രൂപയുമാണ് വില. ഇന്‍വിക്റ്റോയ്ക്ക് ലീറ്ററിന് 23.24 കിലോമീറ്റര്‍ മൈലേജും ലഭിക്കും. ടൊയോട്ടയുടെ ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനപ്പെടുത്തി ടൊയോട്ടയുടെ ബെംഗളൂരുവിലെ ബിഡഡി ശാലയിലാണ് വാഹനം നിര്‍മിക്കുന്നത്. ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനപ്പെടുത്തിയാണ് വാഹനം നിര്‍മിച്ചതെങ്കിലും ചെറിയ മാറ്റങ്ങളുണ്ട്. നെക്സയുടെ മറ്റു വാഹനങ്ങളില്‍ കാണുന്ന മൂന്ന് ഡോട്ട് ബ്ലോക് ഡിആര്‍എല്ലുള്ള ഹെഡ്‌ലാംപാണ് ഇന്‍വിക്റ്റോയില്‍. വശങ്ങളിലെ പ്രധാന മാറ്റം 17 അലോയ് വീലുകളുടെ ഡിസൈനാണ്. പിന്‍വശത്തും നെക്സ മൂന്ന് ബ്ലോക് പാറ്റേണ്‍ ഡിസൈനിലുള്ള ടെയില്‍ ലാംപാണ്. ഇന്നോവ ഹൈക്രോസിലെ ഹൈബ്രിഡ് എന്‍ജിന്‍ മാത്രമാണ് ഇന്‍വിക്റ്റോയിലുണ്ടാകുക. 184 ബിഎച്ച്പി കരുത്തുള്ള 2 ലീറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനും ഇ സിവിടി ഗിയര്‍ബോക്സുമാണ് വാഹനത്തിന്. ലീറ്ററിന് 23.24 കിലോമീറ്റര്‍ ഇന്ധനക്ഷമത ഹൈബ്രിഡില്‍ നിന്നു ലഭിക്കുമെന്നാണു മാരുതിയുടെ അവകാശവാദം. വേഗം നൂറുകടക്കാന്‍ 9.5 സെക്കന്‍ഡ് മാത്രം മതി. ടൊയോട്ടയുടെ ടിഎന്‍ജിഎസി ആര്‍ക്കിടെക്ച്ചറിലാണ് എംപിവിയുടെ നിര്‍മാണം.


◾വാല്മീകിരാമായണത്തിന്റെ ഈ സൂക്ഷ്മവായന സമകാലിക സന്ദര്‍ഭത്തില്‍ എത്രയും പ്രസക്തമാണ്. അധികാരം കൂടുതല്‍ കൂടുതല്‍ കേന്ദ്രീകൃതമായിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ കേന്ദ്രത്തെത്തന്നെ അഴിച്ചുകളയുകയും അതിനെ പരിണാമിയായി കാണുകയും ചെയ്യുന്ന പഠനം സൂക്ഷ്മാര്‍ഥത്തില്‍ പ്രതിരോധ ധര്‍മം പുലര്‍ത്തുന്നു. രാമായണംപോലെ നമ്മുടെ സംസ്‌കാരത്തില്‍ ആഴത്തില്‍ മുദ്രപതിപ്പിച്ച ഒരു ഗ്രന്ഥത്തെ മുന്‍നിര്‍ത്തിയാണിതു ചെയ്യുന്നതെന്ന കാര്യവും പ്രധാനമാണ്. വാല്മീകിരാമായണമെന്ന എഴുതപ്പെട്ട പാഠത്തെ അവലംബിച്ചാണ് ദിലീപന്‍ തന്റെ ആശയങ്ങള്‍ രൂപപ്പെടുത്തുന്നതെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലുള്ള രാമായണത്തെ ഒന്നിളക്കിനോക്കാനും പിടിച്ചുകുലുക്കാനും 'രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങള്‍' നിര്‍ബന്ധിച്ചുകൊണ്ടിരിക്കും. ജി. ദിലീപന്‍. ഡി സി ബുക്സ്. വില: 530 രൂപ.

◾രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരില്‍ പ്രത്യേകിച്ചും സ്ത്രീകളില്‍ അര്‍ബുദ സാധ്യത കൂടുതലാണെന്ന് കണ്ടെത്തല്‍. സ്ഥിരമായുള്ള രാത്രി ഷിഫ്റ്റും കൃത്യമല്ലാതെ മണിക്കൂറുകളോളം ജോലി ചെയ്യേണ്ടി വരുന്നതും സ്ത്രീകളില്‍ അര്‍ബുദത്തിനുള്ള സാധ്യത 19 ശതമാനം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നു പുതിയ പഠനം. അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള 3,909,152 പേരേയും 61 ആര്‍ട്ടിക്കിളുകളില്‍ വന്ന 1,14,628 ക്യാന്‍സര്‍ റിപ്പോര്‍ട്ടുകളും പരിശോധിച്ചത്തിലൂടെയാണ് രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന നഴ്സുമാരില്‍ സ്താനാര്‍ബുദ സാധ്യത കൂടുതലാണെന്നു കണ്ടെത്തിയത്. ദീര്‍ഘകാലം രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്തിട്ടുള്ള സ്ത്രീകള്‍ക്ക് അങ്ങനെ അല്ലാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ ചര്‍മാര്‍ബുദം(41%), സ്തനാര്‍ബുദം(32%), ഗ്യാസ്ട്രോ ഇന്റസ്റ്റൈനല്‍ ക്യാന്‍സര്‍(18%) എന്നിവയ്ക്കുള്ള സാധ്യത കൂടുതലായിരുന്നുവെന്നും പഠനം പറയുന്നു. കൂടാതെ, ഈ പഠനങ്ങളില്‍ നിന്ന് ദീര്‍ഘകാല രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നത് പതിനൊന്നു തരം ക്യാന്‍സര്‍ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട്, നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ശാരീരിക പരിശോധനകളും ക്യാന്‍സര്‍ പരിശോധനയും നടത്തണമെന്ന് ക്യാന്‍സര്‍ എപ്പിഡെമോളജി, ബയോമാര്‍ക്കേഴ്സ് ആന്‍ഡ് പ്രിവന്‍ഷന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.