തക്കാളി വില കുതിച്ചുയരുന്നത് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാണെങ്കിലും കര്‍ഷകര്‍ക്ക് അനുഗ്രഹമായി മാറുകയാണ്.
അതില്‍ ഏറ്റവും പുതിയ വാര്‍ത്തയാണ് ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലെ തക്കാളി കര്‍ഷകന്റേത്. 45 ദിവസം കൊണ്ട് നാല് കോടി രൂപയാണ് ചന്ദ്രമൗലി എന്ന കര്‍ഷകൻ സ്വന്തമാക്കിയത്. 40000 പെട്ടി തക്കാളി വിറ്റതായി ഇദ്ദേഹം പറയുന്നു.
കഴിഞ്ഞ വര്‍ഷം തക്കാളി കൃഷിയില്‍ ഒന്നരക്കോടി രൂപയുടെ നഷ്ടമുണ്ടായ സ്ഥാനത്താണ് പുതിയ നേട്ടം. 22 ഏക്കറിലാണ് ചന്ദ്രമൗലിയുടെ തക്കാളി കൃഷി. ഏപ്രിലിലാണ് തക്കാളി നട്ടത്. ജലസേചനത്തിന് ഉള്‍പ്പെടെ നൂതന സംവിധാനങ്ങള്‍ ഉപയോഗിച്ചായിരുന്നു കൃഷി , ജൂണ്‍ അവസാനമാണ് തക്കാളി വിളവെടുത്തത്.
കര്‍ണാടകയിലെ കോലാര്‍ മാര്‍ക്കറ്റിലാണ് തക്കാളി വിറ്റത്. 15 കിലോയുടെ തക്കാളിയുടെ ഒരു പെട്ടിക്ക് 1000 മുതല്‍ 1500 രൂപ വരെയായിരുന്നു വില. 45 ദിവസത്തിനുള്ളില്‍ 40000 പെട്ടികളാണ് ഇങ്ങനെ വിറ്റത്. കൃഷിയുടെ എല്ലാ ചെലവുകള്‍ക്കുമായി ഒരു കോടി രൂപയായെന്നും ലാഭമായി മൂന്നു കോടി രൂപ ലഭിച്ചെന്നും ചന്ദ്രമൗലി പറയുന്നു.