പോലീസ് സ്റ്റേഷനില്‍ കപ്പയും ചിക്കനും പാചകം ചെയ്ത് കഴിച്ച പോലീസുകാരുടെ വൈറല്‍ വീഡിയോയില്‍ ദക്ഷിണ മേഖലാ ഐജി വിശദീകരണം തേടി.
പത്തനംതിട്ട ഇലവുംതിട്ട സ്റ്റേഷനിലെ പോലീസുകാരുടെ പാചക വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേത്തുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഐജി സ്പര്‍ജന്‍ കുമാര്‍ നിര്‍ദേശം നല്‍കിയത്.
സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ഡ്യൂട്ടി സമയത്ത് പാചകം ചെയ്തതിലും സമൂഹ മാധ്യങ്ങളില്‍ ഇടപെടലുകള്‍ നടത്തിയതിനുമാണ് ഐജി വിശദീകരണം ചോദിച്ചിട്ടുള്ളത്.
സ്റ്റേഷനിലുള്ളവര്‍ ചേര്‍ന്ന് കപ്പയും ചിക്കന്‍ കറിയും തയ്യാറാക്കുന്നതും ഇലയില്‍ വിളമ്ബി കഴിക്കുന്നതുമായ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. പോലീസുകാരില്‍ ഒരാള്‍ സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഹിറ്റായി മാറി. അങ്കമാലി ഡയറീസിലെ പാട്ടിനൊപ്പമുള്ള വീഡിയോ 85 ലക്ഷത്തോളം പേരാണ് ഇതിനോടകം കണ്ടത്.