ടെലിഗ്രാമിലൂടെ പരിചയം സ്ഥാപിച്ച ശേഷം ഫോട്ടോകള്‍ അയച്ചു പ്രലോഭിപ്പിച്ച് ഫ്ലാറ്റില്‍ എത്തിക്കും: ബംഗളൂരുവില്‍ 12 പേരെ ഹണി ട്രാപ്പിന് ഇരയാക്കിയ മുംബൈ സ്വദേശിനിയായ മോഡല്‍ അറസ്റ്റില്‍.
ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ആളുകളെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയ സംഘത്തിലെ മുഖ്യപ്രതി അറസ്റ്റില്‍.
സംഘത്തിലെ മുഖ്യകണ്ണിയായ മോഡല്‍ ആണ് ബെംഗളൂരു പോലീസിന്റെ പിടിയിലായത്. മുംബൈ സ്വദേശിനിയായ നേഹ എന്ന മെഹര്‍ (27) ആണ് അറസ്റ്റിലായത്. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഹണിട്രാപ്പ് സംഘത്തിലെ ആളാണ് നേഹ.
12 പേരെയാണ് സംഘം ബെംഗളൂരുവില്‍ മാത്രം കുടുക്കിയത്. ലക്ഷക്കണക്കിന് രൂപ നേഹയും സംഘവും തട്ടിയെടുത്തതായാണ് പോലീസിന് ലഭിച്ച വിവരം.സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണം നടന്നുവരുകയാണ്. രണ്ടുദിവസം മുമ്ബ് സംഘത്തിലെ മൂന്നുപേര്‍ പുട്ടനഹള്ളി പോലീസിന്റെ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് നേഹയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
ടെലിഗ്രാമിലൂടെ പരിചയപ്പെടുന്നവരുമായി സൗഹൃദത്തിലായി അവരെ വശീകരിച്ച് തന്റെ അടുക്കല്‍ എത്തിക്കുകയാണ് നേഹയുടെ ജോലി. ജെ.പി നഗറിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് പണം തട്ടിയെടുത്തിരുന്നത്.
നേഹയുടെ ഫോട്ടോയും മറ്റും കണ്ട് 'സൗഹൃദത്തിലായ' യുവാക്കള്‍ യുവതിയുടെ ക്ഷണമനുസരിച്ച് ഫ്‌ളാറ്റിലെത്തും. ഈ സമയം, സംഘത്തിലെ മറ്റുള്ളവര്‍ ഫ്‌ളാറ്റിലുണ്ടാകും. അകത്തേക്ക് പ്രവേശിക്കുന്നവരെ ഭീഷണിപ്പെടുത്തി ഇവര്‍ പണം തട്ടും.
പണം നഷ്ടപ്പെട്ട വ്യക്തികളിലൊരാള്‍ പുട്ടനഹള്ളി പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തറിയുന്നത്. പോലീസ് ജെ.പി നഗറിലെ ഫ്‌ളാറ്റില്‍ നടത്തിയ തിരച്ചിലില്‍ ശരണപ്രകാശ്, അബ്ദുള്‍ ഖാദര്‍, യാസിന്‍ എന്നിവര്‍ പിടിയിലായിരുന്നു. ഈ സമയത്ത് സ്വദേശമായ മുംബൈയില്‍ പോയിരിക്കുകയായിരുന്നു നേഹ. മൊബൈല്‍ ടവര്‍ ലോക്കേഷന്‍ പരിശോധിച്ചാണ് ബെംഗളൂരു പോലീസ് മുംബൈയിലെത്തി നേഹയെ പിടികൂടിയത്.