കാപ്പാ കേസ് പ്രതിയില്‍നിന്ന് 60,000 രൂപയുടെ മോണ്ട് ബ്ലാങ്ക് പേന കൈക്കലാക്കിയെന്ന പരാതിയില്‍ സി.ഐ.ക്കെതിരേ വകുപ്പുതല നടപടി ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട്.
തൃത്താല പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. വിജയകുമാരനെതിരേയാണ് വകുപ്പുതല നടപടി ആവശ്യപ്പെട്ട് പാലക്കാട് ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയത്.
കാപ്പാ നിയമപ്രകാരം അറസ്റ്റിലായ പട്ടാമ്ബി ഞാങ്ങാട്ടിരി സ്വദേശി ഫൈസല്‍ തടത്തിലകത്താണ് തൃത്താല എസ്.എച്ച്.ഒ.യ്ക്കെതിരേ നേരത്തെ പരാതി നല്‍കിയിരുന്നത്.
കേസിന്റെ നടപടികള്‍ക്കായി സ്റ്റേഷനില്‍ വിളിച്ചുവരുത്തിയശേഷം ഇൻസ്പെക്ടര്‍ തന്റെ കൈയിലുണ്ടായിരുന്ന 60,000 രൂപ വിലയുള്ള പേന കൈക്കലാക്കിയെന്നും പിന്നീട് റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും ഇത് തിരികെനല്‍കിയില്ലെന്നുമായിരുന്നു പരാതി.
സംഭവത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയപ്പോള്‍ പ്രതിയെ കസ്റ്റഡിയിലെടുത്തസമയത്ത് പേന വാങ്ങിവെച്ചകാര്യം ജി.ഡി. എൻട്രിയില്‍ രേഖപ്പെടുത്തിയില്ലെന്ന് കണ്ടെത്തി. തുടര്‍ന്നാണ് എസ്.എച്ച്.ഒ.ക്കെതിരേ വകുപ്പുതല നടപടി ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.