Click to learn more 👇

പാലക്കാട് കല്ലട ബസ് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്, നിരവധി പേര്‍ക്ക് പരുക്ക്; വീഡിയോ


 

ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കല്ലട ട്രാവല്‍സിന്റെ ബസ് പാലക്കാട് നിയന്ത്രണം വിട്ട് മറിഞ്ഞു. തിരുവാഴിയോട് കാര്‍ഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്.

ചെന്നൈയില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. അപകട സമയത്ത് 38 പേര്‍ ബസിലുണ്ടായിരുന്നു. ഇവരില്‍ രണ്ട് മരണം സ്ഥിരീകരിച്ചു. മലപ്പുറം എടയത്തൂര്‍ സ്വദേശി സൈനബാ ബീവിയാണ് മരിച്ച ഒരാള്‍. മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.



ബസിനടിയില്‍ പെട്ടവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഒറ്റപ്പാലം എംഎല്‍എ കെ പ്രേംകുമാര്‍ സ്ഥലത്തെത്തിയിരുന്നു. മരണം സംബന്ധിച്ച്‌ സ്ഥലത്ത് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചെന്ന് എംഎല്‍എ പ്രതികരിച്ചിരുന്നു. എന്നാല്‍ ആദ്യ ഘട്ടത്തില്‍ സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ആശുപത്രിയിലെത്തിച്ച ശേഷമാണ് ഇരുവരും മരിച്ചുവെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നത്. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് സമീപത്തെ ആശുപത്രികളിലെത്തിക്കുകയായിരുന്നു.

ചെര്‍പ്ലശേരിക്ക് അടുത്തുള്ള സ്ഥലമാണ് തിരുവാഴിയോട്. ഇവിടെ ഇറക്കത്തില്‍ വച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് റോഡിന് നടുവില്‍ തന്നെ മറിയുകയായിരുന്നു. ഒരു സ്ത്രീയും പുരുഷനും ബസിനടിയില്‍ പെട്ട് ഗുരുതരമായി പരിക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരിക്കുകള്‍ സാരമുള്ളതല്ലെന്നാണ് വിവരം.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.