ദുബൈ: യുഎഇയുടെ ആകാശത്ത് നാളെ സൂപ്പര്‍ മൂണ്‍ പ്രത്യക്ഷപ്പെടും. ഓഗസ്റ്റ് മാസത്തില്‍ രണ്ട് ആകാശ വിസ്മയങ്ങള്‍ക്കായിരിക്കും യുഎഇ സാക്ഷ്യം വഹിക്കുക. ഓഗസ്റ്റ് മാസത്തിലെ ആദ്യ സൂപ്പര്‍ മൂണാണ് ഇന്ന് യുഎഇയുടെ ആകാശത്ത് പ്രത്യക്ഷപ്പെടുക. സാധാരണ പൂര്‍ണ ചന്ദ്രനെക്കാള്‍ ഏട്ട് ശതമാനം വലുതും പതിനാറ് ശതമാനത്തിലധികം തെളിച്ചമുളളതുമായിരിക്കും സൂപ്പര്‍ മൂണ്‍.
ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തു വരുമ്പോഴാണ് സൂപ്പര്‍ മൂണ്‍ എന്ന പ്രതിഭാസം സംഭവിക്കുന്നത്. ഓഗസ്റ്റ് മുപ്പതിനായിരിക്കും രണ്ടാമത്തെ സൂപ്പര്‍ മൂണ്‍ ദൃശ്യമാവുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലുതും തിളക്കമുളളതുമായ സൂപ്പര്‍ മൂണായിരിക്കും ഇത്. സ്റ്റര്‍ജന്‍ മൂണ്‍ എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്. ചന്ദ്രന്‍ ഭൂമിയുമായി ഏറ്റവും അടുത്തുവരുന്ന ദിവസമാണ് ഓഗസ്റ്റ് 30. ആ സമയത്ത് ചന്ദ്രനും ഭൂമിക്കും ഇടയിലുളള ദൂരം 3,57,343 കിലോമീറ്റര്‍ ആയിരിക്കും. ഇന്ന് മുതല്‍ യുഎഇയുടെ ആകാശം കൂടുതല്‍ തെളിച്ചമുള്ളതായിരിക്കും.
അപൂര്‍വമായി എത്തുന്ന ആകാശ വിസ്മയങ്ങള്‍ അടുത്തുകാണുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് അസ്ട്രോണമി വിഭാഗം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് വൈകുന്നേരം ഏഴ് മണി മുതല്‍ ഒന്‍പത് മണി വരെ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ടെലിസ്‌കോപ്പിലൂടെ സൂപ്പര്‍ മൂണ്‍ കാണാന്‍ പൊതു ജനങ്ങള്‍ക്ക് അവസരമുണ്ടായിരിക്കും.