◾ഇന്ത്യ ചന്ദ്രനില്‍ മുത്തമിടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡര്‍ വൈകുന്നേരം 5.45 മുതല്‍ 6.04 വരെയുള്ള സമയത്തു ഇതുവരേയും ഒരു രാജ്യവും കടന്നുചെല്ലാത്ത ദക്ഷിണ ധ്രുവത്തിലാണ് ലാന്‍ഡു ചെയ്യുക. ചന്ദ്രനില്‍ സോഫ്റ്റ്ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. മണിക്കൂറില്‍ ആറായിരത്തിലേറെ കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പേടകത്തിന്റെ വേഗം സെക്കന്‍ഡില്‍ രണ്ടു മീറ്റര്‍ എന്ന നിലയിലേക്കു കുറച്ചുകൊണ്ടാണു ലാന്‍ഡ് ചെയ്യുക. രണ്ടു ഗര്‍ത്തങ്ങളുടെ ഇടയിലെ നാലു കിലോമീറ്റര്‍ വീതിയും രണ്ട് കിലോമീറ്റര്‍ നീളവുമുള്ള പ്രദേശത്താണ് ലാന്‍ഡു ചെയ്യുക. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററില്‍ നിന്നുള്ള ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ലാന്‍ഡിംഗിനുള്ള സ്ഥാനം ക്രമീകരിച്ചത്.
◾മുന്‍ മന്ത്രിയും സിപിഎം തൃശൂര്‍ ജില്ലാ മുന്‍ സെക്രട്ടറിയുമായ എ.സി മൊയ്തീന്റെ വസതിയിലെ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് 22 മണിക്കൂറിനുശേഷം ഇന്നു പുലര്‍ച്ചെ അഞ്ചിനാണ് അവസാനിച്ചത്. മൊയ്തീന്റെ ചില ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. നോട്ട് നിരോധിച്ചപ്പോള്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ അധികമായി ത്തിയ 96 കോടി രൂപയുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ചിലര്‍ക്കു വായ്പ നല്‍കാന്‍ ശുപാര്‍ശ ചെയ്തെന്ന ആക്ഷേപത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. മൊയ്തീനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും.
◾വാഹനങ്ങളില്‍ ജാതിയോ മതമോ സൂചിപ്പിക്കുന്ന സ്റ്റിക്കറുകളോ അടയാളങ്ങളോ ഉപയോഗിക്കുന്നത് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ വിലക്കി. വിലക്കു ലംഘിക്കുന്ന വാഹന ഉടമകളില്‍നിന്ന് വന്‍തുക പിഴ ഈടാക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസിനു നിര്‍ദേശം നല്‍കി.
◾പണമില്ലാത്തതിനാല്‍ വകുപ്പുകളുടെ ഒരു പ്രവര്‍ത്തനവും നടക്കുന്നില്ലെന്ന പരാതിയുമായി മന്ത്രിമാര്‍ മന്ത്രിസഭയില്‍. സാമ്പത്തിക ഞെരുക്കമുള്ളതിനാല്‍ കരുതലോടെ പണം വിനിയോഗിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.
◾കല്ലട ട്രാവല്‍സിന്റെ ചെന്നൈയില്‍നിന്ന് കോഴിക്കോട്ടേക്കു പോകുകയായിരുന്ന ബസ് പാലക്കാട് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. മലപ്പുറം എടയത്തൂര്‍ സ്വദേശി സൈനബാ ബീവിയാണ് മരിച്ച ഒരാള്‍. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. തിരുവാഴിയോട് കാര്‍ഷിക വികസന ബാങ്കിന് മുന്നിലാണ് അപകടമുണ്ടായത്. 38 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു.
◾നടിയെ ആക്രമിച്ച കേസില്‍ അമിക്കസ് ക്യൂരിയെ ഹൈക്കോടതി ഒഴിവാക്കി. അമിക്കസ് ക്യൂരിയായ അഡ്വ. രഞ്ജിത്ത് മാരാര്‍ക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകളും പ്രോസിക്യൂഷന്‍ കോടതിക്കു കൈമാറി.
◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ എ.സി മൊയ്തീന്‍ എംഎല്‍എ 29 കോടി രൂപയുടെ കൊള്ള നടത്തിയെന്ന് അനില്‍ അക്കര. അനില്‍ സേഠും സതീശും എസി മൊയ്തീന്റെ ബിനാമികളാണെന്നും അനില്‍ അക്കര ആരോപിച്ചു.
◾എന്‍ഫോഴ്സ്മെന്റ് തന്റെയും ഭാര്യയുടെയും മകളുടെയും ബാങ്ക് അക്കൗണ്ട് രേഖകള്‍ പരിശോധിച്ചെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും എ.സി. മൊയ്തീന്‍ എംഎല്‍എ. തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണ് ഇഡി സംഘത്തിന്റെ പരിശോധനയെന്നും അദ്ദേഹം പറഞ്ഞു.
◾പുതുപ്പള്ളി കൈതേപ്പാലം വെറ്ററിനറി ആശുപത്രിയിലെ പിരിച്ചുവിട്ട ജീവനക്കാരി സതീദേവിക്കെതിരേ പൊലീസില്‍ പരാതി. തനിക്കുള്ള ജോലി വ്യാജരേഖ ചമച്ച് തട്ടിയെടുത്തെന്ന് ആരോപിച്ച് സതീദേവിയുടെ അയല്‍ക്കാരി ലിജിമോളാണു പരാതി നല്‍കിയത്. ആശുപത്രിയില്‍ ജോലിക്കായി അപേക്ഷിച്ചിട്ടില്ലെന്നും തനിക്കു ജോലിയുണ്ടെന്ന് ഇന്നലെ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ലിജിമോള്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അനില്‍കുമാറിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
◾താത്കാലിക ജീവനക്കാരി സതീദേവിയെ പിരിച്ചുവിട്ടത് ഉമ്മന്‍ചാണ്ടിയെക്കുറിച്ച് നല്ല വാക്കുകള്‍ പറഞ്ഞതിനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇന്നലെ വരെ അവിടെ ജോലി ചെയ്തിരുന്നയാളാണ് സതിദേവി. എണ്ണായിരം രൂപയായിരുന്നു പ്രതിഫലമെന്നും സതീശന്‍ പറഞ്ഞു.
◾ഉരുള്‍ പൊട്ടലിനെത്തുടര്‍ന്ന് അടച്ചിട്ട പി.വി. അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ പിവിആര്‍ പാര്‍ക്ക് ഭാഗികമായി തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ചില്‍ഡ്രന്‍സ് പാര്‍ക്ക് മാത്രമാണു തുറക്കുക. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് 2018 ലാണ് പാര്‍ക്ക് അടച്ചു പൂട്ടിയത്. പാര്‍ക്കിന്റെ നിര്‍മാണത്തില്‍ പിഴവുണ്ടെന്നും കണ്ടെത്തിയിരുന്നു.
◾ഇത്തവണ ഓണം സന്തോഷത്തിന്റേതാകരുതെന്ന് ചിലര്‍ ആഗ്രഹിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സപ്ലൈ കോ സ്റ്റോറില്‍ ഒന്നോ രണ്ടോ സാധനങ്ങള്‍ തീര്‍ന്നപ്പോള്‍ അവിടെ ഒന്നുമില്ലെന്ന് ചിലര്‍ പ്രചരിപ്പിച്ചു. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഓണാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇത്തരം കള്ളപ്രചാരണങ്ങളെ തള്ളിയാണ് ജനം തുടര്‍ഭരണം നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പു കേസില്‍ കമ്പനിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഫാഷന്‍ ഗോള്‍ഡ് കമ്പനിയുടെ എം ഡി പൂക്കോയ തങ്ങള്‍, ചെയര്‍മാനും മുസ്ലിം ലീഗ് മുന്‍ എംഎല്‍എയുമായ എം സി കമറുദ്ദിന്‍ തുടങ്ങിയവരുടെ സ്വത്തു വകകളും കണ്ടു കെട്ടി.
◾നികുതി അടയ്ക്കാന്‍ നിര്‍ദേശിച്ച് പൗരന്മാര്‍ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് നല്‍കുന്ന നോട്ടീസുകളിലെ ഭാഷ നികുതി ദായകനെ അവഹേളിക്കുന്നതും കാലഹരണപ്പെട്ടതുമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍. നോട്ടീസുകളിലെ ഭാഷാ പ്രയോഗങ്ങളില്‍ കാലികമായ മാറ്റം വരുത്താന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പാലക്കാട് കുഴല്‍മന്ദം നെച്ചുള്ളി സ്വദേശിയും കര്‍ഷകനുമായ കെ കെ രാജന്റെ പരാതിയിലാണു നടപടി.
◾മലപ്പുറം തുവ്വൂരിലെ സുജിത കൊലക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് വിഷ്ണുവും സുജിതയും തമ്മില്‍ അടുപ്പത്തിലായിരുന്നെന്നു പോലീസ്. ആഭരണം കവരാനല്ല, സുജിതയെ ഒഴിവാക്കാനായിരുന്നു കൊലപാതകം. സുജിതയെ പലയിടങ്ങളില്‍ കണ്ടെന്നും മറ്റൊരാളുടെ കൂടെ സുജിത പോയെന്നു പ്രചരിപ്പിച്ച പ്രതി വിഷ്ണു പോലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു.
◾ഹൈക്കോടതി വിധി ലംഘിച്ച് ഉടുമ്പന്‍ചോലയില്‍ ഇന്നലെ രാത്രിയും തുടര്‍ന്ന സിപിഎം ഓഫീസ് നിര്‍മാണം നിര്‍ത്താന്‍ റവന്യു വകുപ്പ് നോട്ടീസ് നല്‍കി. നോട്ടീസ് കിട്ടിയതോടെ സിപിഎം പണികള്‍ നിര്‍ത്തിവച്ചു.
◾വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു. 45 ശതമാനത്തോളം മഴ കുറഞ്ഞതിനാല്‍ കേരളത്തിലെ ഡാമുകളില്‍ വെള്ളം വളരെ കുറവാണ്. ജല വൈദ്യുത പദ്ധതികളില്‍നിന്നുള്ള വൈദ്യുതി ഉല്‍പാദനം പരിമിതമായതാണു പ്രതിസന്ധിക്കു കാരണമെന്നും മന്ത്രി പറഞ്ഞു.
◾എറണാകുളം അങ്കമാലി അതിരൂപതയില്‍ നിയമിതനായ മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച്ബിഷപ് സിറില്‍ വാസില്‍ ആദ്യഘട്ട ദൗത്യം പൂര്‍ത്തിയാക്കി റോമിലേക്കു മടങ്ങിപ്പോയി. അതിരൂപതയിലെ കുര്‍ബാനത്തര്‍ക്കത്തിന്റെ സ്ഥിതിഗതികള്‍ അദ്ദേഹം പൗരസ്ത്യസഭകള്‍ക്കുള്ള കാര്യാലയത്തിനു റിപ്പോര്‍ട്ടു നല്‍കും.
◾പ്രായപൂര്‍ത്തിയാകാത്ത മകന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ അമ്മയ്ക്കു 30,200 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ വിധിച്ച് കോടതി. വടകര മടപ്പള്ളി കോളേജ് കരിയാട് മീത്തല്‍ സ്വദേശി രമ്യ(40)യെയാണ് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.
◾കേസില്‍ കുടുങ്ങിയ തമിഴ്നാട്ടിലെ മന്ത്രിമാരെ സഹായിക്കുന്ന കീഴ്ക്കോടതി വിധികള്‍ക്കെതിരേ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. മന്ത്രിമാരായ തങ്കം തെന്നരശിനും രാമചന്ദ്രനും എതിരായ കേസുകളില്‍ ഒത്തുകളിക്കാരുമായി കോടതികള്‍ക്ക് അവിശുദ്ധ സഖ്യമുണ്ടെന്ന സംശയത്തിന് ഇടനല്‍കരുതെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടെഷ്. രണ്ടു മന്ത്രിമാര്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. കേസ് സെപ്റ്റംബര്‍ 20 നു പരിഗണിക്കും.
◾മിസോറാമില്‍ നിര്‍മ്മാണത്തിലിരുന്ന റെയില്‍വെ പാലം തകര്‍ന്ന് വീണ് 17 പേര്‍ മരിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കു രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
◾മണിപ്പൂരില്‍ കുക്കി മേഖലയിലേക്കുള്ള സ്ഥലമാറ്റ ഉത്തരവനുസരിച്ചു ജോലി ഏറ്റെടുക്കാത്ത മെയ്തെയ് വംശജനായ ഐഎഎസ് ഓഫീസര്‍ക്കു സസ്പെന്‍ഷന്‍. ജിരി ബാം ജില്ലയിലെ കളക്ടര്‍സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനാണ് നടപടി.
◾ഹിമാചലില്‍ വീണ്ടും മേഘവിസ്ഫോടനം. സുബത്തു ജില്ലയില്‍ മലവെള്ളപ്പാച്ചിലില്‍ വീടുകളും വാഹനങ്ങളും ഒലിച്ചുപോയി. ദേശീയപാത 21 അടച്ചു.
◾ഇന്ത്യയും ചൈനയും റഷ്യയും അടക്കം അഞ്ചു രാജ്യങ്ങളുള്ള ബ്രിക്സിലേക്ക് അംഗത്വം തേടി പാക്കിസ്ഥാന്‍ അടക്കം 23 രാജ്യങ്ങള്‍. പാക്കിസ്ഥാനെ ചേര്‍ക്കരുതെന്ന് ഇന്ത്യ. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന പതിനഞ്ചാമത് ബ്രിക്സ് ഉച്ചകോടിയിലെ പ്രധാന അജണ്ടകളിലൊന്ന് ബ്രിക്‌സ് വിപുലീകരണമാണ്. അംഗ രാജ്യങ്ങള്‍ക്ക് ഒറ്റ കറന്‍സി എന്ന നിര്‍ദേശം പ്രായോഗികമല്ലെന്ന നിലപാടിലാണ് ഇന്ത്യ. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഇന്നലെ ഇരുവരും വിരുന്നില്‍ പങ്കെടുത്തിരുന്നു.
◾ആണവ പ്ലാന്റിലെ അണുപ്രസരണമുള്ള ജലം ജപ്പാന്‍ നാളെ കടലിലേക്ക് ഒഴുക്കും. സുനാമിയില്‍ തകര്‍ന്ന പ്ലാന്റിലെ ജലമാണ് ശാന്തസമുദ്രത്തിലേക്ക് ഒഴുക്കുന്നത്. പത്തു ലക്ഷം ടണ്ണിലധികമുള്ള അണുപ്രസരിത ജലം കടലിലേക്ക് ഒഴുക്കാന്‍ ഐക്യരാഷ്ട്രസഭയുടെ അനുമതി നേടിയിരുന്നു.
◾വടക്കന്‍ ഗ്രീസിലെ കാട്ടുതീയില്‍ കത്തിയെരിഞ്ഞ ഗ്രാമത്തില്‍ 18 പേര്‍ കത്തിക്കരിഞ്ഞു മരിച്ചു. കുടിയേറ്റക്കാരാണ് കാട്ടുതീയില്‍ അകപ്പെട്ടതെന്ന് കരുതുന്നു.
◾ഇന്ത്യന്‍ ജിഡിപി വളര്‍ച്ചയുമായി ബന്ധപ്പെട്ട് പുതിയ പ്രവചനവുമായി പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ രംഗത്ത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച റിസര്‍വ് ബാങ്കിന്റെ അനുമാനത്തെ മറികടക്കുമെന്നാണ് പ്രവചനം. റിസര്‍വ് ബാങ്ക് 8.00 ശതമാനം ജിഡിപി വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഒന്നാം പാദത്തില്‍ ജിഡിപി വളര്‍ച്ച 8.5 ശതമാനമായി ഉയരുമെന്നാണ് ഐസിആര്‍എയുടെ പ്രവചനം. നിലവില്‍, രാജ്യത്ത് സേവന ആവശ്യകതയില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. നിക്ഷേപ പ്രവര്‍ത്തനത്തിലും, സര്‍ക്കാര്‍ മൂലധന ചെലവിലും ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയത് ജിഡിപി വളര്‍ച്ചയില്‍ അനുകൂല ഘടകമായി മാറിയിട്ടുണ്ട്. സേവന മേഖലയില്‍ 6.9 ശതമാനം വളര്‍ച്ച മാത്രമാണ് പ്രതീക്ഷിച്ചത്. എന്നാല്‍, ഈ മേഖലയിലെ വളര്‍ച്ച 9.7 ശതമാനമായി ഉയര്‍ന്നത് ശുഭ സൂചനയാണ് നല്‍കുന്നത്. ജിഡിപി ആര്‍ബിഐ അനുമാനത്തേക്കാള്‍ ഉയരുമെങ്കിലും, വാര്‍ഷിക വളര്‍ച്ചയില്‍ ഇടിവ് നേരിട്ടേക്കാമെന്നാണ് ഐസിആര്‍എയുടെ വിലയിരുത്തല്‍. 6.5 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ആര്‍ബിഐയുടെ പ്രവചനം.
◾ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ‘എക്‌സ് ആപ്പ്’ പ്ലാറ്റ്‌ഫോം ഉടന്‍ തന്നെ ഓണ്‍ലൈനില്‍ ജോലികള്‍ കണ്ടെത്താന്‍ ഉപയോക്താക്കളെ അനുവദിക്കും. ലിങ്ക്ഡ്ഇന്‍, നൗക്രി.കോം പോലുള്ള പോര്‍ട്ടലുകളുമായി മത്സരിക്കാനുള്ള ശ്രമമാണ് മസ്‌കിന്റെ എക്‌സ് ആരംഭിക്കുന്നത്. വൈകാതെ ഉപയോക്താക്കളെ ജോലി ഒഴിവുകള്‍ ഓണ്‍ലൈനില്‍ തിരയാന്‍ ആപ്പ് അനുവദിച്ചേക്കാം. പ്ലാറ്റ്‌ഫോം പരിശോധിച്ചുറപ്പിച്ച സ്ഥാപനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ സൈറ്റില്‍ ജോലികള്‍ ലിസ്റ്റ് ചെയ്യാന്‍ കഴിയുമെന്ന് ഏകദേശം ഒരു മാസം മുമ്പ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അഞ്ച് ഓപ്പണ്‍ റോളുകള്‍ വരെ ലിസ്റ്റ് ചെയ്യാന്‍ ഓര്‍ഗനൈസേഷനുകള്‍ക്ക് കഴിയുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വൈകാതെ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് ഉടന്‍ തന്നെ ഒരു ജോബ് സെര്‍ച്ച് ഫീച്ചറിലേക്ക് ആക്‌സസ് ലഭിക്കുമെന്നും, അതിലൂടെ അവര്‍ക്ക് പ്ലാറ്റ്‌ഫോം വഴി ജോലി കണ്ടെത്താന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എക്‌സ് ഹൈറിംഗ് എന്ന ഹാന്‍ഡില്‍ ഇതിനകം തന്നെ ജോലി ഒഴിവുകള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയെന്ന് ട്വിറ്ററുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഉള്‍ക്കൊള്ളുന്ന അക്കൗണ്ടായ എക്‌സ് ഡെയ്‌ലി പറയുന്നു.
◾‘ജയ് ഗണേഷ്’ എന്ന ചിത്രം പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദന്‍. രഞ്ജിത് ശങ്കറാണ് സംവിധാനം. ഒറ്റപ്പാലത്ത് വച്ച് നടന്ന ഗണേശോത്സവ ചടങ്ങിനിടെയാണ് താരം പുതിയ ചിത്രം പ്രഖ്യാപിച്ചത്. ഗണേശോത്സവ പരിപാടിക്കെത്തിയ നടന്‍ വേദിയില്‍ വച്ച് സംസാരിക്കുന്നതിനിടെ പുതിയ ചിത്രം പ്രഖ്യാപിക്കുകയായിരുന്നു. ടൈറ്റില്‍ കഥാപാത്രമായാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്. ആദ്യമായാണ് രഞ്ജിത്ത് ശങ്കര്‍ ചിത്രത്തില്‍ ഉണ്ണി നായകനാവുന്നത്. രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് നിര്‍മാണം. ഉണ്ണിമുകുന്ദന്‍ ഫിലിംസിന്റെ മൂന്നാമത്തെ നിര്‍മ്മാണ സംരംഭം കൂടിയാണിത്. ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് സൂചനകള്‍. നവംബര്‍ ഒന്നിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അതേസമയം, നിലവില്‍ നടക്കുന്ന മിത്ത് വിവാദവുമായി ‘ജയ് ഗണേഷ്’ എന്ന തന്റെ ചിത്രത്തിന് ബന്ധമില്ലെന്ന് സംവിധായകന്‍ രഞ്ജിത് ശങ്കര്‍. ചിത്രത്തിന്റെ പേര് ഒരുമാസം മുന്‍പ് തങ്ങള്‍ രജിസ്റ്റര്‍ ചെയ്തതാണെന്നും സംവിധായകന്‍ പറഞ്ഞു. കേരള ഫിലിം ചേമ്പറില്‍ ‘ജയ് ഗണേഷ്’ ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ തെളിവും രഞ്ജിത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.
◾‘പാപ്പച്ചന്‍ ഒളിവിലാണ്’ എന്ന ചിത്രത്തിലെ പുതിയ ഗാനമെത്തി. ‘തിരുബലിത്താരയില്‍’ എന്നു തുടങ്ങുന്ന ഗാനം മനോരമ മ്യൂസിക് ആണ് പുറത്തിറക്കിയത്. സിന്റോ ആന്റണി വരികള്‍ കുറിച്ച പാട്ടിന് ഔസേപ്പച്ചന്‍ ഈണമൊരുക്കി. ദേവ രഘുചന്ദ്രന്‍ നായര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘മുത്തുക്കുടമാനം പന്തലൊരുക്കീലേ’, ‘കയ്യെത്തും ദൂരത്ത് ഇരുന്നെന്റ’ എന്നിവ ഉള്‍പ്പെടെ എല്ലാ ഗാനങ്ങളും മികച്ച പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. ‘പൂക്കാലം’ എന്ന ചിത്രത്തിനു ശേഷം തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല നിര്‍മിച്ച ചിത്രമാണ് ‘പാപ്പച്ചന്‍ ഒളിവിലാണ്’. നവാഗതനായ സിന്റോ സണ്ണി രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. സൈജു കുറുപ്പ്, ‘സോളമന്റെ തേനീച്ചകള്‍’ ഫെയിം ദര്‍ശന, ശ്രിന്ദ, അജു വര്‍ഗീസ്, വിജയരാഘവന്‍, ജഗദീഷ്, ജോണി ആന്റണി, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ജോളി ചിറയത്ത്, വീണ നായര്‍ എന്നിവരാണ് ചിത്രത്തില്‍ വേഷമിട്ടത്.
◾വെസ്പ ജസ്റ്റിന്‍ ബീബര്‍ ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. കനേഡിയന്‍ പോപ് താരം ജസ്റ്റിന്‍ ബീബര്‍ തന്നെ രൂപകല്‍പന ചെയ്ത ഈ വെസ്പ 6.46 ലക്ഷം രൂപക്കാണ് ഇന്ത്യയില്‍ ലഭ്യമാവുക. കഴിഞ്ഞ ഏപ്രിലില്‍ ആഗോളതലത്തില്‍ പുറത്തിറക്കിയ വെസ്പ ജസ്റ്റിന്‍ ബീബര്‍ ലിമിറ്റഡ് എഡിഷന്റെ വിരലിലെണ്ണാവുന്ന സ്‌കൂട്ടറുകള്‍ മാത്രമേ ഇന്ത്യയില്‍ ലഭ്യമാവുകയുള്ളൂ. വെസ്പ ഡീലര്‍മാര്‍ വഴി ബുക്കു ചെയ്യാവുന്ന ജസ്റ്റിന്‍ ബീബര്‍ ലിമിറ്റഡ് എഡിഷന്‍ പൂര്‍ണമായും നിര്‍മിച്ച ശേഷമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുക. കനേഡിയന്‍ പോപ് താരം ജസ്റ്റിന്‍ ബീബര്‍ തന്നെയാണ് ഈ വെസ്പ രൂപകല്‍പന ചെയ്തിരിക്കുന്നതും. വെളുപ്പ് നിറത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ബീബര്‍ വാഹനം രൂപകല്‍പന ചെയ്തിരിക്കുന്നത്. വാഹനത്തിന്റെ ബോഡിയില്‍ മാത്രമല്ല സാഡില്‍, ഗ്രിപ്പുകള്‍, റിമ്മുകള്‍, മിറര്‍ കവര്‍ എന്നിങ്ങനെ ഏതാണ്ടെല്ലാ ഭാഗങ്ങളും വെള്ളമയമാണ്. ആഗോളതലത്തില്‍ 50 സിസി, 125 സിസി, 150 സിസികളില്‍ വാഹനം ലഭ്യമാണെങ്കിലും ഇന്ത്യയില്‍ 150 സിസി വെസ്പ ജസ്റ്റിന്‍ ബീബര്‍ എഡിഷനാവും ലഭ്യമാവുക.
◾സ്ത്രീഹൃദയത്തിന്റെ പവിത്രത, മാധുര്യം, വാത്സല്യം ഇവയോടൊപ്പം മ്ലേച്ഛതയും സ്വാര്‍ത്ഥതയും മനശ്ശാസ്ത്രപരമായി വിശകലനം ചെയ്യുന്നു. അതിസൗന്ദര്യം ആപത്താകുന്ന വികല സന്ദര്‍ഭങ്ങളും അവതരിപ്പിക്കുന്നു. ഒറ്റയിരിപ്പില്‍ വായിച്ചുപോകാന്‍ സഹൃദയനെ നിര്‍ബന്ധിക്കുന്ന, വശീകരണശൈലിയില്‍ കോര്‍ത്തിണക്കിയ, ചടുലമുഹൂര്‍ത്തങ്ങളും നാടകീയതയുംകൊണ്ട് മലയാള നോവല്‍സാഹിത്യത്തില്‍ നാഴികക്കല്ലായി മാറുന്ന രചന. വാടകഗര്‍ഭധാരണത്തിന്റെ ശാസ്ത്രീയമായ അറിവിലേക്കും ഈകൃതി വിരല്‍ ചൂണ്ടുന്നു. രണ്ട് അമ്മമാരുടെ മനസ്സിന്റെ അഗാധതലങ്ങളെ ആവിഷ്‌കരിക്കുന്ന നോവല്‍ കൂടിയാണിത്. ‘സന്താപത്തിന്റെ ഫോര്‍മുല’. ഡോ അരവിന്ദന്‍ പാലാ. ഗ്രീന്‍ ബുക്സ്. വില 399 രൂപ.
◾ഇന്നത്തെക്കാലത്ത് ഒട്ടുമിക്കയാളുകളുടെയും നിത്യ ജീവിതത്തിന്റെ ഭാഗമാണ് ഇയര്‍ഫോണുകളും ഹെഡ്‌സെറ്റുകളും. പാട്ടുകേള്‍ക്കാനും ഫോണ്‍ വിളിക്കാനും സിനിമ കാണാനും തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് ഹെഡ്‌സെറ്റ് അവശ്യഘടകമായിരിക്കുകയാണ്. എന്നാല്‍ ദീര്‍ഘനേരം ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നത് നമ്മുടെ ചെവിയുടെ ആരോഗ്യത്തിന് അത്ര നന്നല്ല. ഇത് നമ്മുടെ കേള്‍വി ശക്തിയെ വരെ ബാധിക്കാനിടയുണ്ട്. ഇയര്‍ഫോണ്‍ ചെവിക്കുള്ളിലും ഹെഡ്‌സെറ്റ് ചെവിയ്ക്ക് പുറത്തുമാണ് വെക്കുന്നത്. ചെവിയ്ക്കുള്ളിലേക്ക് ഇയര്‍ഫോണ്‍ തിരുകുമ്പോള്‍ ചെവിയ്ക്കുള്ളിലുളള വാക്‌സ് അഥവാ ചെവിക്കായം ചെവിക്കുള്ളിലേക്ക് ആഴത്തില്‍ തള്ളപ്പെടുകയും അവിടെ തടസ്സമുണ്ടാക്കുകയും ചെയ്യാം. ഇത് കൂടാതെ ഇയര്‍ ഫോണിലൂടെയുളള ശബ്ദം നമ്മുടെ കര്‍ണപടത്തില്‍ നേരിട്ട് പതിക്കുന്നതാണ്. കൂടുതല്‍ വോളിയത്തില്‍ ശബ്ദം കേള്‍ക്കുന്നത് ചെവികള്‍ക്ക് ദീര്‍ഘകാല തകരാറുണ്ടാക്കാം. ഇയര്‍ഫോണുകള്‍ ചെവികള്‍ പൂര്‍ണ്ണമായും അടയ്ക്കുന്നതിനാല്‍ ചെവിയ്ക്കുള്ളില്‍ ഈര്‍പ്പമുണ്ടാകുകയും അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യാം. ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഉയര്‍ന്ന ശബ്ദത്തിലുളള ഇയര്‍ഫോണുകളുടെ നീണ്ടുനില്‍ക്കുന്ന ഉപയോഗം നോയിസ് ഇന്‍ഡ്യൂസ്ഡ് ഹിയറിംഗ് ലോസ് സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇയര്‍ ഫോണുകളുടെ ദീര്‍ഘകാല ഉപയോഗം മൂലം ചിലരില്‍ കേള്‍വി നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാക്കാം. നിങ്ങള്‍ ഇടയ്ക്കിടെയോ ചെറിയ സമയത്തേക്ക് മാത്രമോ ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ അത് ചെവിയുടെ ആരോഗ്യത്തിന് കുഴപ്പമില്ല. എന്നാല്‍ മീറ്റിങ്ങുകള്‍ക്കോ, പഠനത്തിനോ, പ്രസംഗത്തിനോ ആയി ദീര്‍ഘനേരം ഇയര്‍ഫോണ്‍ ഉപയോഗിക്കുകയാണെങ്കില്‍, അതിന് പകരം ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്നതാണ് നല്ലത്.