ഗാസിയാബാദ്: സ്‌കൂള്‍ പ്രിൻസിപ്പല്‍ നടത്തിയ ലൈംഗികാതിക്രമത്തെക്കുറിച്ച് മുഖ്യമന്ത്രിയ്ക്ക് രക്തം കൊണ്ട് കത്തെഴുതി വിദ്യാര്‍ത്ഥിനികള്‍.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഒരു സ്‌കൂളിലാണ് സംഭവം. പല കാരണങ്ങള്‍ പറഞ്ഞ് പ്രിൻസിപ്പലായ രാജീവ് പാണ്ഡെ ഓഫീസ് റൂമിലേക്ക് തങ്ങളെ വിളിച്ചുവരുത്തി അനുചിതമായി ശരീരത്തില്‍ സ്‌പര്‍ശിച്ചു എന്നാണ് കുട്ടികള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ പറയുന്നത്.
12,13 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ പീഡനത്തിന് ഇരയായത്. സംഭവം നടന്നയുടൻ പുറത്തുപറയാൻ ഭയന്ന കുട്ടികള്‍ പിന്നീട് ഗത്യന്തരമില്ലാതെ മാതാപിതാക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രിൻസിപ്പലിനെതിരെ കര്‍ശനമായ നടപടി വേണമെന്നാണ് ചോരയില്‍ കുറിച്ച കത്തില്‍ കുട്ടികള്‍ ആവശ്യപ്പെടുന്നത്. 'പ്രിൻസിപ്പലില്‍ നിന്നും പീഡനമേറ്റ ഞങ്ങളോരോരുത്തരും അങ്ങയോട് നേരില്‍കണ്ട് വിവരം അറിയിക്കാൻ ആഗ്രഹിക്കുന്നു.' കത്തില്‍ പറയുന്നു.
വിവരമറിഞ്ഞ രക്ഷകര്‍ത്താക്കളും പ്രിൻസിപ്പലും തമ്മില്‍ വാക്കേറ്റമുണ്ടായതായി വിവരമുണ്ട്. കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ നിയമവിരുദ്ധമായി സ്‌കൂള്‍ ക്യാമ്ബസില്‍ കയറിയതായും തന്നെ മര്‍ദ്ദിച്ചെന്നും കാട്ടി പ്രിൻസിപ്പലും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവിഭാഗങ്ങള്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.