Click to learn more 👇

പെണ്‍കുട്ടിയെ ഒളിച്ചിരുന്ന് കടന്ന് പിടിച്ചത് വെള്ളം കോരാന്‍ അയല്‍വീട്ടിലെത്തിയപ്പോൾ; പീഡനശ്രമം, പ്രതി പിടിയില്‍


 

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിയ്ക്കാൻ ശ്രമിച്ച പ്രതി അറസ്റ്റില്‍. കിളിമാനൂര്‍ ഞാവേലിക്കോണം, ചരുവിളപുത്തൻ വീട്ടില്‍ റഹീം (39)ആണ് കിളിമാനൂര്‍ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ കിണറില്ലാത്തതിനാല്‍ അയല്‍പക്കത്തെ ആള്‍താമസം ഇല്ലാത്ത വീട്ടില്‍ പെണ്‍കുട്ടി വെള്ളം കോരുന്നതിനായി എത്തിയിരുന്നു. 

ഈ സമയം വീടിനടുത്ത് ഒളിച്ചിരുന്ന പ്രതി പെണ്‍കുട്ടിയെ പുറകിലൂടെ വന്ന് കയറി പിടിച്ച്‌ പീഡിപ്പിയ്ക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി നിലവിളിച്ചു ബഹളം വച്ചതോടെ അയല്‍വാസികള്‍ ഓടിയെത്തി. ഇതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയും മാതാവും ചേര്‍ന്ന് കിളിമാനൂര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ പരാതിയില്‍ പൊലീസ് പ്രതിയ്ക്കായി വ്യാപക തെരച്ചില്‍ ആരംഭിച്ചു.

റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡി ശില്പയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കിളിമാനൂരിലെ ബാറിനു സമീപം അക്രമാസക്തനായി നിന്ന പ്രതിയെ െപാലീസ് സാഹസികമായി കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ആറ്റിങ്ങല്‍ ഡിവൈഎസ്പി ജയകുമാറിന്റെ നിര്‍ദ്ദേശാനുസരണം കിളിമാനൂര്‍ എസ്.എച്ച്‌.ഒ ബി.ജയന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ അംഗങ്ങളായ എസ്‌ഐ രാജികൃഷ്ണ, വിജിത്ത് കെ നായര്‍, ഷജിം, എസ് സിപിഒ മഹേഷ്, കിരണ്‍ , ഷിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.