റോഡ് റോളര്‍ കയറിയിറങ്ങി യുവാവ് മരിച്ചു. കൊല്ലം അഞ്ചലിലാണ് അപകടം. അലയമണ്‍ കണ്ണംകോട് ചരുവിള വീട്ടില്‍ വിനോദ് (37)ആണ് മരിച്ചത്.
റോഡ് റോളര്‍ വിനോദിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. ബൈപ്പാസിനോട് ചേര്‍ന്നുള്ള റോഡ് നിര്‍മ്മാണത്തിനായി എത്തിച്ച റോഡ് റോളറിന് അടിയില്‍ പെട്ടാണ് മരണം.
വിനോദ് വാഹനത്തിന് മുന്നില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ഇത് റോഡ് റോളര്‍ ഓടിച്ച ഡ്രൈവര്‍ കണ്ടില്ല. വിനോദ് മദ്യപിച്ചിരുന്നതായും വിവരമുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ബൈപ്പാസില്‍ തെരുവ് വിളക്കുകള്‍ ഇല്ലാത്തതിനാല്‍ വിനോദിനെ കണ്ടില്ലെന്നാണ് റോഡ് റോളര്‍ ഓടിച്ചയാള്‍ പൊലീസിനോട് പറഞ്ഞത്.
മൃതദേഹം പൊലീസെത്തി അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് മൃതദേഹത്തിനരികില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തയ്യല്‍ തൊഴിലാളിയായ വിനോദ് അവിവാഹിതനാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.