കാനഡയില്‍നിന്ന് അനധികൃതമായി യുഎസിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ നാലംഗ ഇന്ത്യൻ കുടുംബം തണുത്ത് മരവിച്ച് മരിച്ച സംഭവത്തില്‍ മനുഷ്യക്കടത്തുകാരായ രണ്ടുപേർക്ക് തടവുശിക്ഷ.
ഹർഷ്കുമാർ രമൻലാല്‍ പട്ടേല്‍(29), സ്റ്റീവ് ആന്റണി ഷാൻഡ്(50) എന്നിവരെയാണ് യുഎസിലെ കോടതി ശിക്ഷിച്ചത്. ഹർഷ്കുമാർ പട്ടേലിന് പത്തുവർഷം തടവും സ്റ്റീവ് ആന്റണിക്ക് ആറുവർഷം തടവുമാണ് ശിക്ഷ. ജയില്‍വാസം പൂർത്തിയായാല്‍ ഹർഷ്കുമാർ പട്ടേലിനെ യുഎസില്‍നിന്ന് പുറത്താക്കാനും കോടതി ഉത്തരവിട്ടു.
ഗുജറാത്ത് സ്വദേശികളായ ജഗദീഷ് പട്ടേല്‍(39), ഭാര്യ വൈശാലിബെൻ, മക്കളായ വിഹാംഗി(11), ധർമിക്(3) എന്നിവരാണ് കാനഡയില്‍നിന്ന് യുഎസിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ തണുത്ത് മരവിച്ച് മരണത്തിന് കീഴടങ്ങിയത്. 2022 ജനുവരിയിലായിരുന്നു സംഭവം.
പ്രതികളായ ഹർഷ്കുമാർ പട്ടേലും സ്റ്റീവ് ആന്റണിയും 11 ഇന്ത്യക്കാരെയാണ് കാനഡയില്‍നിന്ന് അമേരിക്കയിലേക്ക് കാല്‍നടയായി കടത്താൻ ശ്രമിച്ചത്. മൈനസ് 37.8 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഈ സമയം മേഖലയിലെ താപനില. ഇതിനിടെ, സ്റ്റീവിന്റെ വാഹനം മിനസോട്ടയിലെ മഞ്ഞില്‍ കുടുങ്ങിയനിലയില്‍ യുഎസ് ബോർഡർ പട്രോള്‍ കണ്ടെത്തി. എന്നാല്‍, തനിക്കൊപ്പം മറ്റാരുമില്ലെന്നും ആരും മഞ്ഞില്‍ കുടുങ്ങിയില്ലെന്നുമായിരുന്നു ഇയാളുടെ മൊഴി.
ഇതിനിടെ, മറ്റ് അഞ്ചുപേരെകൂടി ബോർഡർ പട്രോള്‍ സംഘം കണ്ടെത്തി. ഇതിലൊരാളെ ആരോഗ്യനില മോശമായതിനാല്‍ എയർലിഫ്റ്റ് ചെയ്തു. മറ്റുള്ളവരെയും സ്റ്റീവിനെയും കസ്റ്റഡിയിലെടുക്കുകയുംചെയ്തു. ഇതിനുശേഷമാണ് ജഗദീഷ് പട്ടേലിനെയും കുടുംബത്തെയും മരിച്ചനിലയില്‍ കണ്ടത്. ആളൊഴിഞ്ഞസ്ഥലത്തായിരുന്നു തണുത്ത് മരവിച്ച മൃതദേഹങ്ങള്‍ കണ്ടെത്തിയത്.