Click to learn more 👇

മുറിവേറ്റ് അനങ്ങാനാവാതെ ഇമ്പാല കുഞ്ഞ്; എഴുന്നേൽപ്പിക്കാൻ പുള്ളിപ്പുലിയുടെ ശ്രമം- വിഡിയോ


മൃഗങ്ങൾ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ പെരുമാറുന്ന രീതികൾ പലപ്പോഴും മനുഷ്യർക്ക് അത്ര വേഗത്തിൽ മനസ്സിലാകണമെന്നില്ല. 

അത്തരം ഒരു കാഴ്ചയാണ് ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയോദ്യാനത്തിൽ നിന്നും ഇപ്പോൾ പുറത്തു വരുന്നത്. ചലിക്കാനാവാതെ കിടക്കുന്ന ഇമ്പാലക്കുഞ്ഞും താരതമ്യേന പ്രായം കുറഞ്ഞ ഒരു പുള്ളിപ്പുലിയുമാണ് വിഡിയോയിൽ. ദേശീയോദ്യാനത്തിലൂടെ സഞ്ചരിക്കുകയായിരുന്ന നാഷി മിർകിൻ എന്ന വ്യക്തിയാണ് കൗതുകമുണർത്തുന്ന ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.

വനത്തിലൂടെ സഞ്ചരിക്കുന്നതിനിടെ ഒരു പുള്ളിപ്പുലി പുല്ലിൽ കിടക്കുന്ന എന്തോ ഒന്നിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് കണ്ടാണ് നാഷി ശ്രദ്ധിച്ചത്. തുടക്കത്തിൽ അത് എന്താണെന്ന് അദ്ദേഹത്തിന് മനസ്സിലായില്ല. ഒന്നുകൂടി ശ്രദ്ധിച്ചപ്പോൾ മുറിവേറ്റുകിടക്കുന്ന ഒരു ഇമ്പാലക്കുഞ്ഞാണെന്ന് തിരിച്ചറിഞ്ഞു. സ്വയം എഴുന്നേറ്റ് നിൽക്കാനാവാത്ത അവസ്ഥയിലായിരുന്നു ഇമ്പാല. പുള്ളിപ്പുലി അതിന് ചുറ്റും നടക്കുന്നത് വിഡിയോയിൽ കാണാം. 

പലയാവർത്തി കൈകാലുകളിൽ പിടിച്ചു വലിച്ചും ശരീരത്തിൽ തട്ടിയും മുഖം ഉരസിയും ഇമ്പാലയെ എഴുന്നേൽപ്പിക്കാനായിരുന്നു പുള്ളിപ്പുലിയുടെ ശ്രമം.

എന്നാൽ എത്ര ശ്രമിച്ചിട്ടും ഇമ്പാല എഴുന്നേറ്റ് നിന്നതുമില്ല. ആദ്യ കാഴ്ചയിൽ മുറിവേറ്റ ഇമ്പാലയെ സഹായിക്കാനാണ് പുള്ളിപ്പുലി ശ്രമിക്കുന്നതെന്ന് തോന്നുമെങ്കിലും അതിന്റെ ലക്ഷ്യം മറ്റൊന്നായിരുന്നു. വിഡിയോയുടെ അവസാനം ഇമ്പാലയെയും കടിച്ചെടുത്ത് പുള്ളിപ്പുലി നീങ്ങുന്നത് കാണാം. താരതമ്യേന പ്രായം കുറഞ്ഞ പുള്ളിപ്പുലിയായതിനാൽ  ഇര പിടിക്കാനുള്ള പരിശീലനക്കുറവ് മൂലമാണ് അത് പലതവണ ഇമ്പാലയെ തട്ടി എഴുന്നേൽപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നത്. ഇരയെ എങ്ങനെ കീഴ്പ്പെടുത്തണം എന്നറിയാത്തതുമൂലം ഏറെ നേരത്തെ പരിശ്രമവും വേണ്ടിവന്നു.

പുള്ളിപ്പുലിയുടെ വായിലകപ്പെട്ട സമയത്തും ഇമ്പാലയ്ക്ക് ജീവനുണ്ടായിരുന്നു. ഒടുവിൽ അതിനെയും കടിച്ചച്ചെടുത്ത് സമീപത്തുള്ള കുറ്റിക്കാടിനുള്ളിലേക്ക് പുള്ളിപ്പുലി മറയുകയും ചെയ്തു. ജനിച്ചുവീണു നിമിഷങ്ങൾക്കുള്ളിൽ സ്വന്തമായി എഴുന്നേറ്റ് നിൽക്കാനും നടക്കാനും ഇമ്പാലകൾക്ക് സാധിക്കാറുണ്ട്. എന്നാൽ ഇവിടെ സാരമായ മുറിവേറ്റതിനാലും പുലിയെ കണ്ട് ഭയന്നതു കാരണവുമാണ് ഇമ്പാലക്കുഞ്ഞിന് രക്ഷപ്പെട്ടോടാൻ സാധിക്കാതെ വന്നത്. 

ആഫ്രിക്കൻ മേഖലയിൽ ജനിക്കുന്ന ഇമ്പാല കുഞ്ഞുങ്ങളിൽ പകുതിയും ഒരു വയസ്സിനു മുകളിൽ ജീവിക്കാറില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിനോടകം അവ സിംഹങ്ങൾ, ഹൈനകൾ, പുലികൾ തുടങ്ങിയവയ്ക്ക് ഇരയായി തീരുകയാണ് പതിവ്. എന്നാൽ പുള്ളിപ്പുലികൾ പൊതുവേ അപകടകാരികളായാണ് കണക്കാക്കപ്പെടുന്നതെങ്കിലും ആദ്യവർഷങ്ങളിൽ ഇര തേടാൻ അവയും ഏറെ ബുദ്ധിമുട്ടുകൾ നേരിടാറുണ്ട് എന്നാണ് വിഡിയോ സൂചിപ്പിക്കുന്നത്. ഇരയെ കൺമുന്നിൽ കിട്ടിയാൽ പോലും വരുതിയിലാക്കാനും കീഴ്പ്പെടുത്തി ഭക്ഷിക്കാനും വർഷങ്ങളുടെ പരിശീലനം തന്നെ അവയ്ക്ക് വേണ്ടി വരും.  നാഷി പകർത്തിയ വിഡിയോയിലെ ഇമ്പാലക്കുഞ്ഞ് പരുക്കേറ്റ അവസ്ഥയിലായതുകൊണ്ട് മാത്രമാണ് പുള്ളിപ്പുലിക്ക് അതിനെ കീഴടക്കി ഇരയാക്കാൻ സാധിച്ചത്.


 


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.