കോട്ടയം: സോളര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ നേരത്തേ നടത്തിയ പ്രസ്താവനകള്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ്.
ഉമ്മന്‍ ചാണ്ടിക്കെതിരായ ഗൂഢാലോചനയില്‍ തന്നെ പങ്കാളിയാക്കാന്‍ ശ്രമിച്ചതായും പിസി ജോര്‍ജ് പറഞ്ഞു. സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പെടുത്താന്‍ ശ്രമിച്ചെന്ന സിബിഐ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദല്ലാള്‍ നന്ദകുമാര്‍ വഴി പിണറായി വിജയനെ സന്ദര്‍ശിച്ച ശേഷം പരാതിക്കാരി തന്നെ വന്നു കണ്ടു. പിണറായി പറഞ്ഞിട്ടാണ് വന്നതെന്നു വിശ്വസിക്കുന്നു. ഒരു കുറിപ്പ് ഏല്‍പ്പിച്ച ശേഷം അതിലുള്ളതു പോലെ മാധ്യമങ്ങളോടും അന്വേഷണ ഉദ്യോഗസ്ഥരോടും പറയണമെന്ന് പറഞ്ഞു. അത് പറ്റില്ലെന്നു അറിയിച്ചു. സിബിഐ ഉദ്യോഗസ്ഥര്‍ക്കു കുറിപ്പ് കൈമാറി എന്നും പിസി ജോര്‍ജ് മാധ്യമങ്ങളോടു വെളിപ്പെടുത്തി.
'ഇപ്പോള്‍ ഈ വിവാദം വീണ്ടും കുത്തിപ്പൊക്കുന്നതിനോട് യോജിപ്പില്ല. അത് കാലഹരണപ്പെട്ടതാണ്. ഉമ്മന്‍ ചാണ്ടി മോശമായി പെരുമാറി എന്ന് അവര്‍ പറഞ്ഞപ്പോള്‍ സംശയിച്ചു. എന്നാല്‍ പറഞ്ഞ സാഹചര്യം കേട്ടപ്പോള്‍ തെറ്റിദ്ധരിച്ചുപോയി. സംഭവം തെറ്റാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടി അങ്ങനെ പെരുമാറുന്നത് കണ്ടിട്ടില്ലെന്ന് മൊഴി നല്‍കി.' പിസി ജോര്‍ജ് പറഞ്ഞു.
പരാതി വസ്തുതാവിരുദ്ധമാണെന്ന് സിബിഐ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. പ്രസ്താവന നടത്തിയത് ശരിയാണെന്നും അന്നത്തെ സാഹചര്യം വച്ച് വൈരാഗ്യം തീര്‍ത്തതാണെന്നും പറഞ്ഞ് അവര്‍ എഴുതിത്തന്ന കടലാസ് എടുത്ത് സിബിഐ ഉദ്യോഗസ്ഥര്‍ക്കു കൈമാറി. അതുവായിച്ചപ്പോള്‍ താന്‍ പറഞ്ഞത് സത്യമാണെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ക്കു മനസ്സിലായെന്നും പി.സി.ജോര്‍ജ് വിശദീകരിച്ചു.