Click to learn more 👇

പനവല്ലിയില്‍ വീടിനുള്ളിലേക്ക് കുതിച്ചെത്തി കടുവ.; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്


 

മാനന്തവാടി: വയനാട് പനവല്ലിയില്‍ വീടിനുള്ളിലേക്ക് കുതിച്ചെത്തി കടുവ. വ്യാഴാഴ്ച്ച രാത്രി ഒമ്ബത് മണിയോടെയായിരുന്നു സംഭവം.

ഈ സമയം വീട്ടുകാര്‍ ഉണ്ടായിരുന്നെങ്കിലും തലനാരിഴക്കാണ് കടുവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പനവല്ലി പുഴക്കര കോളനിയിലെ കയമയുടെ വീട്ടിനുള്ളിലേക്കാണ് കടുവ കയറിയത്. കയമയും ഭാര്യയും വീടിന് പുറത്ത് ഇരിക്കുമ്ബോഴാണ് മുരള്‍ച്ചയോടെ കടുവ എത്തിയതെന്നും തലനാരിഴക്കാണ് രക്ഷപെട്ടതെന്നും ഇവര്‍ പറഞ്ഞു.

ഒരു പട്ടിയെ ഓടിച്ചു കൊണ്ടാണ് കടുവ വന്നത്. വീടിന്റെ മുന്‍ഭാഗത്ത് ഇരിക്കുകയായിരുന്ന കയമയെയും ഭാര്യയെയും കണ്ടതോടെ ഇവരുടെ നേരെയും കടുവ അലറി അടുത്തതായും ഇവര്‍ പറഞ്ഞു. ഓടി മാറാന്‍ പോലും സമയം കിട്ടുന്നതിന് മുമ്ബ് കടുവ വീടിനകത്തേക്ക് എത്തിയിരുന്നു. കയമയുടെ ഭാര്യയുടെ തലക്കുമുകളിലൂടെയാണ് കടുവ അകത്തേക്ക് ചാടിപോയത്. കടുവയുടെ അലര്‍ച്ചകേട്ട് വീടിന് അകത്തുണ്ടായിരുന്ന മകന്‍ വാതിലിന് പിന്നില്‍ ഒളിക്കുകയായിരുന്നു. ഇവരുടെ ഇളയമകന്‍ മച്ചിന് മുകളിലേക്ക് കയറിയെന്നും അതുകൊണ്ടാണ് മക്കള്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നും കയമ പറഞ്ഞു.

അടുക്കള വരെ എത്തിയ കടുവ അല്‍പ്പസമയം കൊണ്ട് തന്നെ തിരച്ച്‌ കോലായ വഴി പുറത്തിറങ്ങി ഇരുട്ടിലേക്ക് മറഞ്ഞു. ശക്തമായ ചാട്ടത്തില്‍ കടുവയുടെ നഖമുരഞ്ഞ പാടുകള്‍ കോലായിലും വീടനകത്തും ഉണ്ട്. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും വാച്ചര്‍മാരും സ്ഥലത്തെത്തി. കടുവഭീതി അകറ്റാത്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വനംവകുപ്പ് ഉദ്യോഗസ്ഥരോട് പ്രദേശവാസികള്‍ കുറച്ചു നേരം തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. കാട്ടിക്കുളം പനവല്ലി മേഖലയില്‍ ഒരു മാസമായി നിരവധി കടുവകളെയാണ് നാട്ടുകാര്‍ കണ്ടിട്ടുള്ളത്. 

വനംവകുപ്പിന്റെ തിരച്ചിലിനിടെയും നാല് കടുവകളെ കണ്ടെത്തിയിരുന്നു. മൂന്ന് കൂടുകളാണ് കടുവളൈ പിടികൂടാന്‍ വനപാലകര്‍ പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ളത്. കടുവശല്യം രൂക്ഷമായതിനാല്‍ സാധാരണ ജീവിതം താറുമാറായ നാട്ടുകാര്‍ പ്രത്യക്ഷ സമരത്തിനുള്ള ഒരുക്കത്തിലാണ്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.