Click to learn more 👇

അപ്പനോടും മകനോടും തോറ്റു; ജെയ്കിന്റെ തന്ത്രം അടപടലം പാളി, ഹാട്രിക് തോല്‍വിയുമായി ജെയ്ക്ക് ;വീഡിയോ


 

കോട്ടയം: അഞ്ച് പതിറ്റാണ്ട് കാലം പുതുപ്പള്ളിയുടെ ശബ്ദമായിരുന്ന ഉമ്മന്‍ ചാണ്ടിയോടും മകന്‍ ചാണ്ടി ഉമ്മനോടും നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്.

പുതിയ പരീക്ഷണമെന്ന നിലയിലായിരുന്നു പുതുപ്പള്ളിക്കാരനായ ജെയ്കിനെ സിപിഎം 2016ല്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ രംഗത്തിറക്കിയത്. 2016ലെ ആദ്യ മത്സരത്തില്‍ ജെയ്ക് മണ്ഡലത്തിലെ 33.4 ശതമാനം വോട്ടായ 44505 വോട്ട് നേടിയിരുന്നു. അന്ന് ഉമ്മന്‍ ചാണ്ടി മണ്ഡലത്തിലെ 53.7 ശതമാനം വോട്ട് നേടിയിരുന്നു 71597 വോട്ടാണ് ഉമ്മന്‍ ചാണ്ടി നേടിയത്. 2011 തെരഞ്ഞെടുപ്പിലേക്കാള്‍ ഇടതുപക്ഷത്തിന്‍റെ നില മെച്ചപ്പെടുത്താന്‍ അന്ന് ജെയ്ക്കിന് സാധിച്ചിരുന്നു. 


എന്നാല്‍ 2021ലെ നിയമ സഭാ തെരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്തല്‍ മാത്രമല്ല മറിച്ച്‌ ഉമ്മന്‍ ചാണ്ടിയെ വിറപ്പിക്കുന്നതായിരുന്നു ജെയ്ക്കിന്‍റെ പോരാട്ടം. മണ്ഡലത്തിലെ 41.4 ശതമാനം വോട്ട് നേട്ടവുമായി ജെയ്ക് വോട്ടെണ്ണലിന്റെ വിവിധ ഘട്ടങ്ങളില്‍ കോണ്‍ഗ്രസ് ക്യാംപുകളില്‍ ആശങ്ക പടര്‍ത്തിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷത്തിലും വലിയ ഇടിവുണ്ടാക്കാന്‍ ജെയ്കിന് സാധിച്ചെങ്കിലും അന്തിമ വിജയം ഉമ്മന്‍ ചാണ്ടിക്ക് തന്നെയായിരുന്നു. മണര്‍കാട് പഞ്ചായത്തിലും പാമ്ബാടി പഞ്ചായത്തിലും ജെയ്ക് സി തോമസിന് കിട്ടിയ വോട്ടുകളായിരുന്നു 2021ല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുറക്കുന്നതില്‍ നിര്‍ണായകമായത്. 8000ല്‍ അധികം വോട്ടോടെ ഉമ്മന്‍ ചാണ്ടി ജയിച്ചെങ്കിലും അതൊരു നിറം കെട്ട ജയമായി കോണ്‍ഗ്രസുകാര്‍ വരെ വിലയിരുത്തിയിരുന്നു.

എന്നാല്‍ ഇതിനെല്ലാമുള്ള മറുപടിയാണ് കുഞ്ഞൂഞ്ഞിന്‍റെ മകന് മിന്നും വിജയം സമ്മാനിച്ച്‌ പുതുപ്പള്ളി 2023 ഉപതെരഞ്ഞെടുപ്പില്‍ നല്‍കിയത്. സഹതാപ തരംഗം ആഞ്ഞടിച്ച ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ 61 ശതമാനത്തിലധികം വോട്ട് നേടിയാണ് ചാണ്ടി ഉമ്മന്‍ ജയിക്കുമ്ബോള്‍ 2021നെ അപേക്ഷിച്ച്‌ പതിനായിരത്തോളം വോട്ടിന്‍റെ കുറവിലാണ് ജെയ്ക് ഹാട്രിക് തോല്‍വി ഏറ്റുവാങ്ങുന്നത്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പേ തന്നെ പ്രതികരണങ്ങളിലും പതിവ് രീതിയില്‍ നിന്ന് മാറി കൂള്‍ മോഡില്‍ ജെയ്കിന് കാണാന്‍ സാധിച്ചിരുന്നു. വികസനം മുന്നില്‍ നിര്‍ത്തിയുള്ള പോരാട്ടത്തില്‍ പതിവ് രീതിയില്‍ നിന്ന് വിഭിന്നമായ പ്രതികരണങ്ങളിലൂടെ ശ്രദ്ധ നേടാന്‍ ജെയ്കിന് കഴിഞ്ഞിരുന്നുവെങ്കിലും പുതുപ്പള്ളിയുടെ മനസ് കുഞ്ഞൂഞ്ഞിനൊപ്പം നിന്നതോടെ വന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.