Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഇതുവരെ ഒറ്റ നോട്ടത്തിൽ


 


29/10/23-ഞായർ-തുലാം -12

◾ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ കരയാക്രമണം. ഹമാസിന്റെ 150 ലേറെ ഭൂഗര്‍ഭ താവളങ്ങള്‍ തകര്‍ത്തു. ഗാസയില്‍ ഇന്റര്‍നെറ്റ് അടക്കമുള്ള വാര്‍ത്താവിനിമയ ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇതിനിടെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ പാസാക്കിയ പ്രമേയത്തില്‍നിന്ന് ഇന്ത്യ വിട്ടുനിന്നതിനെതിരേ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധിച്ചു.


◾കേരളത്തിലെ എട്ടു ട്രെയിനുകള്‍ക്ക് റെയില്‍വെ അധിക കോച്ചുകള്‍ അനുവദിച്ചു. തിരുവനന്തപുരം - എറണാകുളം വഞ്ചിനാട് എക്സ്പ്രസ്,  എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്, കണ്ണൂര്‍- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്, ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്, കണ്ണൂര്‍ - എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ്, എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്, വേണാട് എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലാണ് അധിക കോച്ചുകള്‍ അനുവദിച്ചത്. ഈ മാസം 31 മുതല്‍ അധിക കോച്ചുകള്‍ ലഭ്യമാകും.


◾ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം നടക്കാനിരിക്കേ, നവംബര്‍ ഒന്നു മുതല്‍ ഹെവി വാഹനങ്ങള്‍ക്കു സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമെന്ന് മന്ത്രി ആന്റണി രാജു. ഡ്രൈവറും ഡ്രൈവറുടെ നിരയിലെ മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നയാളും കേന്ദ്ര നിയമമനുസരിച്ച് സീറ്റ് ബെല്‍റ്റു ധരിക്കണം. സ്റ്റേജ് കാരിയേജുകള്‍ക്കുള്ളിലും പുറത്തും ക്യാമറകള്‍ ഘടിപ്പിക്കണം.


◾നെല്ലു സംഭരണം അവതാളത്തിലായി. നെല്‍കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. ബാങ്ക് കണ്‍സോര്‍ഷ്യം പണം നല്‍കാന്‍ തയ്യാറാകാത്തതുമൂലവും കേന്ദ്രം കോടികളുടെ കുടിശിക വരുത്തിയതിനാലുമാണ് നെല്ലു സംഭരണം അനിശ്ചിതത്വത്തിലായത്. നെല്ലു സംഭരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരണ സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുമില്ലെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.


◾മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. അറസ്റ്റു ചെയ്യാന്‍ നടക്കാവ് പോലീസ് നീക്കമാരംഭിച്ചു. മാധ്യമപ്രവര്‍ത്തക കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും വനിതാ കമ്മീഷന്‍ അധ്യക്ഷ സതീദേവിക്കും പരാതി നല്‍കിയിരുന്നു.


◾മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായ ലാവ്ലിന്‍ കേസ് സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ആറു വര്‍ഷത്തിനിടെ 35 തവണയാണ് കേസ് മാറ്റിവച്ചത്.


◾താമരശേരി ചുരത്തില്‍ ഹെവി വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം. അവധി ദിനങ്ങളില്‍ വൈകിട്ട് മൂന്നു മുതല്‍ രാത്രി ഒമ്പതു വരെ വലിയ വാഹനങ്ങള്‍ അനുവദിക്കില്ല.


◾തിരുവനന്തപുരത്തെ അണ്‍ എംപ്ലോയ്മെന്റ് സഹകരണ സൊസൈറ്റി തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന്റെ അറസ്റ്റ് ഹൈക്കോടതി ഈ മാസം 31 വരെ തടഞ്ഞു.


◾എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കുവൈറ്റില്‍നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ബുധനാഴ്ചകളിലെ സര്‍വീസ് വെട്ടിക്കുറച്ചു. നവംബര്‍ മാസത്തില്‍ മാത്രമാണ് സര്‍വീസ് നിര്‍ത്തിവച്ചത്. നവംബറില്‍ ബുധനാഴ്ചയിലേക്ക് ടിക്കറ്റ് എടുത്തവര്‍ക്ക് അടുത്ത ദിവസങ്ങളിലേക്ക് സൗജന്യമായി മാറ്റാം.


◾വടകര ചെരണ്ടത്തൂരിലെ മാഹി കനാലില്‍ മീന്‍ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ചെരണ്ടത്തൂര്‍ എടത്തുംകര സ്വദേശികളായ ആദിദേവ (17), ആദി കൃഷ്ണന്‍ (17) എന്നിവരാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന അഭിമന്യു രക്ഷപ്പെട്ടു.


◾തിരുവനന്തപുരത്ത് ഡെങ്കിപ്പനി മരണം. പുളിമാത്ത് സ്വദേശിയായ 27 കാരിയാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പത്തു ദിവസത്തിനിടെ മൂന്നാമത്തെ ഡെങ്കിപ്പനി മരണമാണിത്.


◾ഇത്തവണത്തെ ദേശീയ ഗെയിംസില്‍നിന്നു വോളിബോള്‍ ഒഴിവാക്കിയതിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. ദേശീയ ഗെയിംസ് തുടങ്ങിയെന്ന് ചൂണ്ടികാട്ടിയ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍, വോളിബോള്‍ ഇനി ഉള്‍പ്പെടുത്താനാകില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചു. താരങ്ങളെ ഓര്‍ക്കുമ്പോള്‍ സഹതാപം തോന്നുന്നുവെന്ന പരാമര്‍ശത്തോടെയാണ് കോടതി കേസ് തീര്‍പ്പാക്കിയത്.


◾അട്ടപ്പാടിയില്‍ ആദിവാസി യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വ്യവസായി അറസ്റ്റില്‍. വടക്കോട്ടത്തറ സ്വദേശിയായ നെയ്യന്‍സ് റപ്പായി ജോര്‍ജിനെയാണ് അഗളി പോലിസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം നാലിനാണ് നരസിമുക്ക് സ്വദേശിയായ ശ്രീമുരുകന്‍ പട്ടിമാളത്ത് നയ്യന്‍സ് ജോര്‍ജിന്റെ  കൃഷി സ്ഥലത്ത് നിന്നും ഷോക്കേറ്റ് മരിച്ചത്.


◾ഉള്ളിയുടെയും സവാളയുടെയും വില കുതിക്കുന്നു. സവാളയ്ക്ക് വില കിലോയ്ക്ക് 80 രൂപയായി.


◾ചോദ്യത്തിന് കോഴ ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര നവംബര്‍ രണ്ടിന് ഹാജരാകണമെന്ന് പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി നോട്ടീസ് നല്‍കി. നവംബര്‍ അഞ്ചിനുശേഷമേ ഹാജരാകാനാകൂവെന്ന് മഹുവ അറിയിച്ചതിനുശേഷമാണ് പുതിയ നോട്ടീസ് നല്‍കിയത്.


◾ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍നിന്ന് വിട്ടുനിന്ന ഇന്ത്യന്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ ഇന്ത്യ ഇന്നേവരെ ഉയര്‍ത്തിപ്പിടിച്ച മഹത്തായ മൂല്യങ്ങള്‍ക്കു മുറിവേല്‍ക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേത്. അമേരിക്കയുടെ നിലപാടിനു കീഴടങ്ങിയെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.  


◾ഇസ്രയേല്‍ പലസ്തീന്‍ യുദ്ധത്തെക്കുറിച്ചുള്ള യുഎന്‍ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നത് ഇന്ത്യ നിര്‍ദേശിച്ച കാര്യങ്ങള്‍ പ്രമേയത്തില്‍ ഉള്‍പ്പെടുത്താതിരുന്നതിനാലെന്ന് വിദേശകാര്യമന്ത്രാലയം. ഹമാസ് ഭീകരാക്രമണത്തെ കുറിച്ച് പ്രമേയത്തില്‍ പരാമര്‍ശമില്ലായിരുന്നു. അതിനാലാണ് വിട്ടുനിന്നത്. ഭേദഗതി പ്രമേയത്തില്‍ വോട്ട് രേഖപ്പെടുത്തിയെങ്കിലും അതു രേഖയായില്ലെന്നും വിദേശകാര്യ മന്ത്രാലയം.


◾നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മിസോറാം, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വന്‍ നേട്ടമുണ്ടാക്കുമെന്ന് സിപിഎം വിലയിരുത്തല്‍. കോണ്‍ഗ്രസിനൊപ്പം ഉറച്ചു നിന്നാലേ ബി ജെ പി യെ അധികാരത്തില്‍നിന്ന് പുറത്താക്കാനാകൂവെന്നും കേന്ദ്ര കമ്മിറ്റി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.


◾പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഎം ഇന്നു ഡല്‍ഹിയില്‍ നടത്തുന്ന ധര്‍ണയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. ഉച്ചയ്ക്കു 12 ന് എകെജി ഭവനു മുന്നിലാണ് ധര്‍ണ നടക്കുക.


◾മിസോറാമിലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി ഇല്ല. കേന്ദ്ര മന്ത്രി അമിത് ഷാ പങ്കെടുക്കും. തൊട്ടടുത്ത സംസ്ഥാനമായ മണിപ്പൂരിലെ കലാപത്തില്‍ ബിജെപിയുടേയും പ്രധാനമന്ത്രി മോദിയുടേയും നിലപാടിനെതിരേ ഈ സംസ്ഥാനങ്ങളില്‍ പ്രതിഷേധ വികാരമാണുള്ളത്.


◾ജമ്മു കാഷ്മീര്‍ അതിര്‍ത്തിയിലെ പാകിസ്ഥാന്റെ പ്രകോപനത്തിനെതിരേ സൈനിക ഉദ്യോഗസ്ഥരുടെ ഫ്ളാഗ് മീറ്റിംഗില്‍  ഇന്ത്യ പ്രതിഷേധം അറിയിച്ചു. ബി എസ് എഫിന്റേയും പാക് റേഞ്ചേഴ്സിന്റേയും ഉന്നത ഉദ്യോഗസ്ഥരാണു യോഗത്തില്‍ പങ്കെടുത്തത്. അതിര്‍ത്തിയില്‍ പാക് സേന കഴിഞ്ഞ ദിവസം വെടിവയ്പു നടത്തിയിരുന്നു.


◾അറസ്റ്റിലായ ബംഗാള്‍ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിന്റെ ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്സ്മെന്റ് മരവിപ്പിച്ചു. മന്ത്രിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനാണു നീക്കം.


◾യുഎഇയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ബാഗില്‍ കൊണ്ടുവരാന്‍ പാടില്ലാത്ത സാധനങ്ങളുടെ പട്ടിക അധികൃതര്‍ പുറത്തുവിട്ടു. ഉണങ്ങിയ തേങ്ങ, പടക്കം, തീപ്പെട്ടി, പെയിന്റ്, കര്‍പ്പൂരം, നെയ്യ്, അച്ചാറുകള്‍, മറ്റ് എണ്ണമയമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ഇ-സിഗരറ്റുകള്‍, ലൈറ്ററുകള്‍, പവര്‍ ബാങ്കുകള്‍, സ്്രേപ ബോട്ടിലുകള്‍ എന്നിവയ്ക്കാണു വിലക്ക്.


◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്നലെ നടന്ന ആദ്യമത്സരത്തില്‍ ഓസ്ട്രേലിയയോട് പൊരുതി തോറ്റ് ന്യൂസിലാണ്ട്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 109 റണ്‍സ് നേടിയ ട്രാവിസ് ഹെഡിന്റേയും 81 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറുടേയും 175 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ മികവില്‍ 49.2 ഓവറില്‍ 388 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ടിന്റെ പോരാട്ടം അഞ്ച് റണ്‍സകലെ 383 റണ്‍സില്‍ അവസാനിച്ചു. ന്യൂസിലാണ്ടിനു വേണ്ടി 116 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയും 58 റണ്‍സെടുത്ത് അവസാന ഓവറുകളില്‍ പോരാടിയ ജയിംസ് നീഷാമും മത്സരം ആവേശ കൊടുമുടിയിലെത്തിച്ചു. ഇതോടെ 6 മത്സരങ്ങളില്‍ നിന്ന് രണ്ട് ടീമുകള്‍ക്കും 8 പോയിന്റ് വീതമാണുള്ളതെങ്കിലും റണ്‍ ശരാശരിയുടെ മികവില്‍ ഓസ്ട്രേലിയയെ നാലാം സ്ഥാനത്തേക്ക് തള്ളി ന്യൂസിലാണ്ടാണ് മൂന്നാം സ്ഥാനത്തുള്ളത്.


◾ഏകദിന ലോകകപ്പിലെ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ നെതര്‍ലണ്ട്സിന് 87 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലണ്ട്സ് 229 റണ്‍സിന് പുറത്താവുകയായിരുന്നു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് വെറും 142 റണ്‍സിന് തകര്‍ന്നടിഞ്ഞു. ഇതോടെ ആറ് മത്സരങ്ങളില്‍ നിന്ന് തുടര്‍ച്ചയായ അഞ്ച് തോല്‍വിയോടെ രണ്ട് പോയിന്റ് മാത്രമുള്ള ബംഗ്ലാദേശിന് സെമി പ്രതീക്ഷ ഇല്ലാതായി.


◾ക്രെഡിറ്റ് കാര്‍ഡ് രംഗത്തേയ്ക്കും ചുവട് വയ്ക്കാനൊരുങ്ങി മുകേഷ് അംബാനി. ഓണ്‍ലൈന്‍ റീട്ടെയില്‍, സാമ്പത്തിക മേഖലകളില്‍ കൂടുതല്‍ സാധ്യതകള്‍ തേടുന്ന അംബാനി കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകളെന്ന ആശയത്തിലേക്കും തിരിയുകയാണ്.  ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായണ് അംബാനി കൈകോര്‍ക്കുന്നത്. തദ്ദേശീയമായി റുപേ നെറ്റ്വര്‍ക്കില്‍ രണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ അവതരിപ്പിക്കാനാണ് അംബാനി ലക്ഷ്യമിടുന്നത്. എസ്ബിഐയുടെ പങ്കാളിത്തത്തോടെ മുകേഷ് അംബാനിയുടെ റിലയന്‍സ് പുറത്തിറക്കുന്ന രണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ കോ-ബ്രാന്‍ഡഡ് ആയിരിക്കും, അതായത് ഇവ  'റിലയന്‍സ് എസ്ബിഐ കാര്‍ഡുകള്‍' എന്ന പേരിലായിരിക്കും അറിയപ്പെടുക. ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ആനുകൂല്യങ്ങളായിരിക്കും റിലയന്‍സ് എസ്ബിഐ കാര്‍ഡ് നല്‍കുകയെന്നതാണ് റിപ്പോര്‍ട്ട്. മുകേഷ് അംബാനിയുടെ റീട്ടെയില്‍ സംരംഭമായ റിലയന്‍സ് റീട്ടെയിലിന്റെ വൗച്ചറുകള്‍ ഈ ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടും. ജിയോമാര്‍ട്ട്, അജിയോ, അര്‍ബന്‍ ലാഡര്‍, ട്രെന്‍ഡ്‌സ് തുടങ്ങി റിലയന്‍സിന്റെ സ്ഥാപനങ്ങളുടെ വൗച്ചറുകള്‍, ഡിസ്‌കൗണ്ട് നിരക്കുകള്‍ ആയി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഡെബിറ്റ് കാര്‍ഡ് വിപണിയെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം മൊത്തം 1,33,000 കോടി രൂപയുടെ ഇടപാടുകള്‍ ഇന്ത്യന്‍ ക്രെഡിറ്റ് കാര്‍ഡ് വിപണിയില്‍ നടന്നിട്ടുണ്ട്. റിലയന്‍സിന്റെ  സാമ്പത്തിക വിഭാഗമായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് അടുത്തിടെ വായ്പ, ഇന്‍ഷുറന്‍സ് മേഖലയിലേക്ക് പ്രവേശിച്ചിരുന്നു. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന് ഡെബിറ്റ് കാര്‍ഡ് ഓഫറുകളും അവതരിപ്പിക്കാന്‍ പദ്ധതിയുണ്ട്.


◾രണ്‍ബീര്‍ കപൂറും രശ്മിക മന്ദാനയും ഒന്നിക്കുന്ന ചിത്രമായ 'അനിമലി'ലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. 'നീ വേറെ ഞാന്‍ വേറെ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് തെന്നിന്ത്യന്‍ സിനിമയില്‍ ഒരുപിടി മികച്ച ഗാനങ്ങള്‍ ആലപിച്ച കാര്‍ത്തിക് ആണ്. പ്രീതമിന്റെ സ്വന്തം മ്യൂസിക് സ്റ്റുഡിയോ ആയ 'ജാം 8' ആണ് ഈ ഗാനം  കമ്പോസ് ചെയ്തിരിക്കുന്നത്. വിവാഹ ശേഷം ഗീതാഞ്ജലിയുടേയും( രശ്മിക മന്ദാന) രണ്‍ബീറിന്റെയും  ജീവിതത്തില്‍ സംഭവിക്കുന്ന സങ്കീര്‍ണ്ണതകളാണ് ഗാനത്തില്‍  ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. മങ്കൊമ്പ് ഗോപാലകൃഷ്ണനാണ് മലയാളം പതിപ്പിലെ വരികള്‍ എഴുതിയിരിക്കുന്നത്. സത് രംഗാ എന്ന് തുടങ്ങുന്നതാണ് ഹിന്ദി പതിപ്പിലെ വരികള്‍. ശ്രേയസ് പുരാണിക് ആണ്  ഈ ഗാനത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയാണ് അനിമലിന്റെ സംവിധായകന്‍. ക്രൂരനായ വില്ലനായി ബോബി ഡിയോളും എത്തുന്നു. അനില്‍ കപൂര്‍,തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രീതം, വിശാല്‍ മിശ്ര, മനാന്‍ ഭര്ത്വാജ്, ശ്രേയാസ് പുരാണിക്, ജാനി, അഷിം കിംസണ്‍, ഹര്‍ഷവര്‍ദ്ധന്‍, രാമേശ്വര്‍, ഗൌരീന്ദര്‍ സീഗള്‍  എന്നീ ഒന്‍പത് സംഗീതസംവിധായകര്‍ ആണ് അനിമലില്‍ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ 5 ഭാഷകളിലായി 2023 ഡിസംബര്‍ 1ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.

◾തിയറ്ററുകളില്‍ നിറഞ്ഞോടുന്ന ജോജു ചിത്രം 'പുലിമട'യിലെ പ്രൊമോ ഗാനം പുറത്തിറങ്ങി. പ്രശസ്ത റാപ് ഗായകരായ ഡബ്സി, ജഹാന്‍, സാറ റോസ് ജോസഫ് എന്നിവര്‍ ആലപിച്ച 'മട ട്രാന്‍സ്' എന്ന റാപ്പ് ഗാനമാണ് റിലീസായിരിക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഈ അടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ ഹിറ്റായ 'മലബാറി ഗ്യാങ്' ഗാനം ആലപിച്ച ഡബ്‌സിയുടെ 'മട ട്രാന്‍സ്' ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറി കഴിഞ്ഞു. ജോജു ജോര്‍ജ് - ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ കോമഡി ഫാമിലി ത്രില്ലര്‍ 'പുലിമട' കഴിഞ്ഞ ദിവസമാണ് റിലീസ് ആയത്. നര്‍മ്മവും ത്രില്ലും നിറച്ചെത്തിയ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ നിന്നും മികച്ച പ്രതികരണമാണ് നേടുന്നത്. ഐശ്വര്യ രാജേഷ്, ചെമ്പന്‍ വിനോദ്, ലിജോ മോള്‍, ജാഫര്‍ ഇടുക്കി, ജോണി ആന്റണി, ജിയോ ബേബി, കൃഷ്ണപ്രഭ, അബിന്‍ ബിനോ, പൗളി വത്സന്‍, സോനാ നായര്‍, ജോളി ചിറയത്, ഷിബില, ബാലചന്ദ്ര മേനോന്‍, അബു സലിം എന്നിവരുടെ പ്രകടനങ്ങളും സിനിമയുടെ ഭംഗി കൂട്ടുന്നു.


◾ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാവായ മാരുതി സുസുക്കി സെപ്റ്റംബര്‍ പാദത്തില്‍ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയും അറ്റാദായവും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കമ്പനിയുടെ ഓഹരികള്‍ റെക്കോര്‍ഡ് നിലയിലെത്തി. കമ്പനിയുടെ ഓഹരി വില വ്യാപാരത്തിനിടെ 10,846.10 രൂപ എന്ന റെക്കോര്‍ഡ് എത്തുകയും പിന്നീട് 10,536.50 രൂപയില്‍ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. ഈ പാദത്തില്‍ 552,055 കാറുകളാണ് മാരുതി വിറ്റഴിച്ചത്. ആഭ്യന്തര വിപണിയില്‍ 482,731 വാഹനങ്ങള്‍ വില്‍ക്കുകയും 69,324 കാറുകള്‍ കയറ്റുമതി ചെയ്യുകയും ചെയ്തു. സെപ്റ്റംബര്‍ പാദത്തില്‍ഉയര്‍ന്ന വില്‍പ്പന നടന്നതോടെ സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ വിറ്റുവരവ് മുന്‍ വര്‍ഷം ഇതേ കാലയളവിലെ 28,543 കോടി രൂപയില്‍ നിന്ന് 35,535 കോടി രൂപയായി. കമ്പനി അവലോകന പാദത്തില്‍ 3,716.5 കോടി രൂപ അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ കമ്പനിയുടെ അറ്റാദായമായ 2,061.5 കോടി രൂപയില്‍ നിന്ന് ഇത് 80.28% ഉയര്‍ന്നു. പലിശ, നികുതി തുടങ്ങിയ ബാധ്യതകള്‍ക്ക് മുമ്പുള്ള ലാഭമായ എബിറ്റ്ഡ 2.8% ഉയര്‍ന്ന് 4,784 കോടി രൂപയായി. പുതിയ എസ്.യു.വികളുടെ വരവും, ചെറിയ കാറുകള്‍ക്കുണ്ടായ വിലക്കിഴിവുകളുമാണ് മികച്ച് വില്‍പ്പനയ്ക്ക് കാരണമായതെന്ന് വിദഗ്ധര്‍ പറയുന്നു.


◾സര്‍വ്വീസിലിരിക്കേ കേസന്വേഷണങ്ങള്‍ നടത്തിയതിന്റെ ഓര്‍മ്മകളാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. കൗമുദി ടി.വിയുടെ റിയല്‍ സ്റ്റോറി, 'ഈഗിള്‍ ഐ ദി റിയല്‍ സ്റ്റോറി' എന്ന യു ട്യൂബ് ചാനലുകളിലൂടെയും എണ്‍പതോളം അനുഭവങ്ങള്‍ പങ്കുവെച്ചു. അവയില്‍ പത്തു ലക്ഷത്തിലധികം വ്യൂസ് ലഭിച്ചതും പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ടതുമായ അനുഭവങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദുരൂഹതകളിലൂടെ നുഴഞ്ഞുകയറി കുറ്റവാളികളിലേക്കെത്തുന്ന യാത്രകള്‍t വായനക്കാരുടെ ഹൃദയങ്ങളിലേക്കും പടര്‍ന്നുകയറുംവിധം അവതരിപ്പിച്ചിരിക്കുന്നു. 'ഇരുളിലെ വേട്ടക്കാര്‍'. ഗില്‍ബര്‍ട്ട് ഡിവൈഎസ്പി (റിട്ട.). ഗ്രീന്‍ ബുക്സ്. വില 213 രൂപ.

111111111111111

◾അമിത സ്‌ക്രീന്‍ ഉപയോഗം കുട്ടികളില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുമെന്ന് പുതിയ പഠനം. കുട്ടികള്‍ കൂടുതല്‍ സമയം സ്‌ക്രീന്‍ ഉപയോഗിക്കുമ്പോള്‍ ചുറ്റുപാടുകളില്‍ നിന്നും അവര്‍ അകന്നു പോവുകയും അത് പിന്നീടൊരു അഡിക്ഷനായി മാറുകയും ചെയ്യുന്നു. അത്തരം കുട്ടികളില്‍ ഉദാസീനത വര്‍ധിക്കും. ഇത് കുട്ടികളിലെ നാഡിവികനത്തെ ബാധിക്കുമെന്ന് പഠനം. വ്യക്തിത്വ വികസനത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ സ്‌ക്രീന്‍ അമിതമായി ഉപയോഗിക്കുന്നത് ന്യൂറോകോഗ്നിറ്റീവ് ലേണിംഗ് ഡിസോര്‍ഡേഴ്‌സിന് കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. കൂടാതെ വിഡിയോ ഗെയിം, മൊബൈല്‍ ഉപയോഗം, ടാബ്ലെറ്റുകളുടെ ഉപയോഗം എന്നിവ കുട്ടികളില്‍ ഉദാസീനമായ ജീവിത ശൈലിയിലേക്ക് നയിക്കുന്നു. 2023 യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി കോണ്‍ഗ്രസില്‍ ക്യുപിയോയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റേണ്‍ ഫിന്‍ലാന്‍ഡ് അവതരിപ്പിച്ച പഠനത്തില്‍ ഉദാസീനമായ കുട്ടികളില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്ന് പറയുന്നു. ശരീരഭാരവും രക്തസമ്മര്‍ദ്ദവും പരിധിയിലാണെങ്കിലും കുട്ടിയായിരിക്കുമ്പോഴുണ്ടാകുന്ന ഉദാസീനത പിന്നീട് ഹൃദയാഘാതത്തിലേക്ക് നയിക്കും. 14,500 കുട്ടികളില്‍ നടത്തിയ സര്‍വേയില്‍ 11 വയസില്‍ 362 മിനിറ്റാണ് പ്രതിദിനം കുട്ടികള്‍ ഉദാസീനമായി ചെലവഴിച്ചതായി പഠനത്തില്‍ പറയുന്നത്.15 വയസാകുമ്പോള്‍ അത് 474 മിനിറ്റും പ്രായപൂര്‍ത്തിയാകുമ്പോഴേക്കും 531 മിനിറ്റിലേക്ക് ദൈര്‍ഘ്യം കൂടുകയും ചെയ്യുന്നു. 13 വര്‍ഷം കൊണ്ട് പ്രതിദിനം 2.8 മണിക്കൂറായി ദൈര്‍ഘ്യം നീണ്ടു. മാതാപിതാക്കള്‍ കുട്ടികള്‍ സ്‌ക്രീന്‍ ഉപയോഗിക്കുന്നത് കുറച്ച് അവരെ ചുറ്റുപാടുമായി കൂടുതല്‍ അടുപ്പിക്കുന്ന തരത്തിലുള്ള കളികളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ് ഇതിന് പരിഹാരം.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.