Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഇതുവരെ ഒറ്റ നോട്ടത്തിൽ


 


26/10/23-വ്യാഴം-തുലാം- 9

◾സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഈ മാസം 31 ന് പണിമുടക്കും. വിദ്യാര്‍ത്ഥികളുടെ യാത്രക്കൂലി വര്‍ദ്ധിപ്പിക്കണമെന്നും ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും സംയുക്ത സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.


◾എല്ലാ പാഠപുസ്തകങ്ങളിലും ഇന്ത്യ എന്ന പേര് ഭാരത് എന്നു തിരുത്തണമെന്ന് എന്‍സിഇആര്‍ടിയുടെ പാഠ്യപദ്ധതി പരിഷ്‌കരണ സമിതി എന്‍സിഇആര്‍ടിക്കു ശുപാര്‍ശ നല്‍കി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് എന്‍സിഇആര്‍ടി പ്രതികരിച്ചു.


◾വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന് പാര്‍ലമെന്റ് സമിതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഉഭയ സമ്മതമില്ലാതെയുള്ള സ്വവര്‍ഗരതിയും കുറ്റകരമാക്കണമെന്ന് കരട് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.


◾തിയറ്ററുകളില്‍ സിനിമയെ മോശമാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സിനിമ റിവ്യൂ ചെയ്തവര്‍ക്കെതിരെ കേസ്. ഇതാദ്യമായാണ് ഈ കുറ്റത്തിനു കേസെടുക്കുന്നത്. റാഹേല്‍ മകന്‍ കോര എന്ന സിനിമയുടെ സംവിധായകന്‍ ഉബൈനിയുടെ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. യൂട്യൂബും ഫേസ്ബുക്കും അടക്കം ഒമ്പതു പേര്‍ക്കെതിരെയാണ് കേസ്.


◾സിനിമ ഓണ്‍ലൈന്‍ റിവ്യൂവിംഗിനെതിരായ ഹര്‍ജിയില്‍ സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയില്‍ പ്രത്യേക പ്രോട്ടോക്കോള്‍ ഫയല്‍ ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യമുണ്ടെങ്കിലും അപകീര്‍ത്തിപ്പെടുത്തിയാല്‍ കേസെടുക്കാമെന്ന് പൊലീസ് കോടതിയെ അറിയിച്ചു.


◾സംസ്ഥാനത്ത് ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി സ്ഥാപിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 237 കോടി രൂപ ചെലവിട്ട് പി.പി.പി മാതൃകയിലാണ് സ്ഥാപിക്കുക. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി നിര്‍വ്വഹണ ഏജന്‍സിയാകും. അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് കിന്‍ഫ്രയെ നിയോഗിച്ചു. കിഫ്ബിയില്‍നിന്ന് വായ്പ നല്‍കാനും ആഗോള താത്പര്യപത്രം വഴി സ്വകാര്യ പങ്കാളികളെ തേടാനും ഡിജിറ്റല്‍ യൂണിവേഴ്സിറ്റിക്ക് അനുമതി നല്‍കി.


◾ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസില്‍ പ്രതികളുടെ ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ക്കാതിരുന്നത് ബിജെപി - സിപിഎം ബന്ധത്തിന്റെ അവസാന തെളിവാണെന്ന് കെ പിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുഖ്യമന്ത്രിയുടെ നിര്‍ദേശമില്ലാതെ പ്രോസിക്യൂഷന്‍ ഈ നിലപാട് സ്വീകരിക്കില്ല. സുധാകരന്‍ പറഞ്ഞു.


◾സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന 12,038 സ്‌കൂളുകള്‍ക്ക് കുടിശ്ശികയൊന്നും നല്‍കാനില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സ്‌കൂളുകള്‍ക്ക് ജൂണ്‍, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ ചെലവിനുള്ള തുക നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും കളവു പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.


◾മലപ്പുറം തിരൂര്‍ കാട്ടിലപള്ളിയില്‍ യുവാവിനെ മര്‍ദ്ദിച്ചുകൊന്ന കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റിലായി. നേരത്തെ പിടിയിലായ ഒന്നാംപ്രതിയുടെ പിതാവും സഹോദരന്മാരുമാണ് അറസ്റ്റിലായത്. രണ്ടാം പ്രതി അന്‍ഷാദ്, മൂന്നാം പ്രതി അജ്രിഫ്, നാലാം പ്രതി ആലിക്കുട്ടി എന്നിവരെയാണു പിടികൂടിയത്. ശനിയാഴ്ചയാണ് കാട്ടിലപള്ളി സ്വദേശി സ്വാലിഹ് മരിച്ചത്.


◾വാളയാര്‍ കേസിലെ പ്രതിയായ കുട്ടിമധുവിന്റെ ദുരൂഹമരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് മധുവിന്റെ അമ്മയും നീതി സമര സമിതിയും ആലുവ റൂറല്‍ എസ്പിക്കും സിബിഐക്കും കത്തു നല്‍കി. പ്രതികള്‍ ദുരൂഹമായി മരിക്കുന്നതിനു പിന്നില്‍ ചില സ്ഥാപിത താത്പര്യങ്ങളുണ്ടെന്നും കേസന്വേഷണം അട്ടിമറിക്കാനാണ് ശ്രമമെന്നും ഇവര്‍ ആരോപിച്ചു.


◾സൗദി യുവതി നല്‍കിയ പീഡന പരാതിയില്‍ മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെ പൊലീസ് ചോദ്യം ചെയ്തു. ഇടക്കാല മുന്‍കൂര്‍ ജാമ്യ വ്യവസ്ഥയനുസരിച്ചാണ് പോലീസിനു മുന്നില്‍ ഹാജരായത്. സൗദി പൗരയായ 29 കാരിയാണ് പരാതിക്കാരി.


◾ടാര്‍ഗറ്റ് നേടിയാലേ സപ്ലൈക്കോയിലെ താത്കാലിക ജീവനക്കാര്‍ക്ക് ശമ്പളം നല്‍കൂവെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ഇടതു സര്‍ക്കാരിനു ചേര്‍ന്ന നിലപാടല്ലെന്നും പണിയെടുക്കുന്നവര്‍ക്ക് കൂലി കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.


◾പ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കിലേക്ക് 20 ലക്ഷം രൂപയുടെ നിക്ഷേപവുമായി ഒരു സഹകരണ സംഘം. കൊടുങ്ങല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തൃശൂര്‍ ജില്ലാ ടൂറിസം വികസന സഹകരണ സംഘമാണ് 20 ലക്ഷം ഒരു കൊല്ലത്തേക്ക് നിക്ഷേപിച്ചത്.


◾വായ്പാ തട്ടിപ്പെന്ന റിസോര്‍ട്ടുടമ രായിരത്ത് സുധാകരന്റെ ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ് ഭരിക്കുന്ന കുട്ടനെല്ലൂര്‍ സഹകരണ ബാങ്ക്. 1.60 കോടി രൂപയും നല്‍കിയത് അനില്‍ മേനോന്റെ അക്കൗണ്ടിലാണെന്നും രായിരത്ത് സുധാകരന്‍ സമ്മതപത്രം ഒപ്പിട്ടു നല്‍കിയതിനാലാണു വായ്പ അനുവദിച്ചതെന്നും ബാങ്ക് വ്യക്തമാക്കി. കുടിശ്ശികയായപ്പോള്‍ ബാങ്ക്  നോട്ടീസ് അയച്ച് സുധാകരനെ വിളിപ്പിച്ചു, തുക അടയ്ക്കാന്‍ സുധാകരന്‍ ആവശ്യപ്പെട്ട സമയം നല്‍കി. പിന്നെയും മുടക്കമായപ്പോള്‍ ജപ്തി നടപടികള്‍ ആരംഭിച്ചു. ഇതോടെയാണ് സുധാകരന്‍ ആരോപണം ഉന്നയിച്ചത്. ബാങ്ക് വിശദീകരിച്ചു.


◾കൊച്ചിയില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം സ്വദേശി രാഹുല്‍ ഡി നായര്‍ എന്ന 24 കാരനാണു മരിച്ചത്.


◾കണ്ണൂര്‍ പെരിങ്ങോം കങ്കോലിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു. ബൊമ്മരടി കോളനിയിലെ പ്രസന്നയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഷാജി പയ്യന്നൂര്‍ പോലീസില്‍ കീഴടങ്ങി.


◾സ്വകാര്യ ബസ് ഡ്രൈവര്‍ ബസില്‍ തൂങ്ങി മരിച്ച നിലയില്‍. തിരുവനന്തപുരം പേയാട് കുണ്ടമണ്‍കടവ് പാലത്തിന് സമീപമാണ് നിര്‍ത്തിയിട്ട സൂര്യ മോട്ടോഴ്സ് എന്ന ബസിലാണ് മരുതുംകുഴി സ്വദേശി പ്രശാന്ത് മരിച്ചത്.


◾തിരുവനന്തപുരം ബാലരാമപുരത്ത് ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പൂജാരിക്ക് എട്ടു വര്‍ഷം കഠിനതടവ്. മണിയപ്പന്‍ പിള്ള എന്ന മണി പോറ്റിയെയാണ് ശിക്ഷിച്ചത്.


◾തൃശൂര്‍ പെരുമ്പിലാവ് കല്ലുംപുറത്ത് യുവതി തൂങ്ങിമരിച്ച നിലയില്‍. കല്ലുംപുറം സ്വദേശി പുത്തന്‍പീടികയില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ സബീന (25) യാണു മരിച്ചത്.


◾പുല്‍വാമ അടക്കമുള്ള വിഷയങ്ങളില്‍ സുപ്രധാന വെളിപെടുത്തലുകളുമായി ജമ്മുകാഷ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായി സംസാരിക്കുന്ന വീഡിയോ രാഹുല്‍ഗാന്ധി പുറത്തുവിട്ടു. പുല്‍വാമയില്‍ വീരമൃത്യ വരിച്ച സൈനികര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ തന്നെ സുരക്ഷ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെ മുറിയില്‍ പൂട്ടിയിട്ടെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി എത്തി അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തുന്നതിനാലാണ് പൂട്ടിയിട്ടത്. ആതിഖ് അഹമദ്ദിനെ ഏറ്റുമുട്ടലിലൂടെ വധിച്ചത് പുല്‍വാമയിലെ ചര്‍ച്ച ഒഴിവാക്കാനാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ബിജെപി ഇനിയും അധികാരത്തില്‍ വന്നാല്‍ കര്‍ഷകരുടെ കഥ തീരുമെന്ന് സത്യപാല്‍ മാലിക്ക് പറഞ്ഞു.

◾ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നിര്‍ദേശത്തിന് അനൂകൂല ശുപാര്‍ശയുമായി ദേശീയ നിയമകമ്മീഷന്‍. രാംനാഥ് കോവിന്ദ് സമിതിക്ക് അടുത്ത ആഴ്ച റിപ്പോര്‍ട്ട് കൈമാറുമെന്നാണ് വിവരം.  


◾തമിഴ്‌നാട്ടില്‍ രാജ്ഭവനിലേക്ക് ബോംബേറ്. സംഭവത്തില്‍ കറുക്ക വിനോദ് എന്നയാളെ അറസ്റ്റു ചെയ്തു. തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പെട്രോള്‍ ബോംബെറിഞ്ഞത്. നീറ്റ് വിരുദ്ധ ബില്ലില്‍ ഒപ്പു വയ്ക്കാത്തതില്‍ പ്രതിഷേധിച്ചതാണെന്നാണ് പ്രതി പറഞ്ഞത്.


◾അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ജനുവരി 22 നുതന്നെ നടത്തും. ശ്രീറാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു.


◾ഇന്ത്യയുടെ പേര് 'ഭാരതം' എന്നാക്കാനുള്ള എന്‍സിആര്‍ടിയുടെ നീക്കത്തെ കര്‍ണാടക സര്‍ക്കാര്‍ അനുകൂലിക്കില്ലെന്ന്  ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നാണ് ഭരണഘടനയില്‍ പറയുന്നത്. നമ്മുടെ പാസ്പോര്‍ട്ടുകളിലും അങ്ങനെയാണ്. ചരിത്രം മാറ്റി എഴുതാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ശിവകുമാര്‍ പറഞ്ഞു.


◾നയതന്ത്ര തര്‍ക്കം തുടരുന്ന കാനഡിയില്‍ ഇന്ത്യ ചില വിസ സര്‍വീസുകള്‍ ഇന്നു പുനരാരംഭിക്കും. കാനഡ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് വരുന്നതിനുള്ള ടൂറിസ്റ്റ്, ബിസിനസ്, മെഡിക്കല്‍, കോണ്‍ഫറന്‍സ് വിസ സര്‍വീസുകളാണ് ഇന്നു മുതല്‍ പുനരാരംഭിക്കുന്നത്. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറാണ് ഇക്കാര്യം അറിയിച്ചത്.


◾ആഗ്രയില്‍ പത്തല്‍കോട്ട് എക്സ്പ്രസില്‍ തീപിടിത്തം. ഒരു കോച്ച് പൂര്‍ണമായും കത്തിനശിച്ചു. ആഗ്രയിലെ ബദായി റെയില്‍വെ സ്റ്റേഷനിലാണ് തീപിടിച്ചത്. ആളപായമില്ല.


◾നിരോധിക്കപ്പെട്ട നോട്ടുകള്‍ തന്നാല്‍ പുതിയ നോട്ടുകളാക്കിത്തരാമെന്ന മന്ത്രവാദിയുടെ വാഗ്ദാനമനുസരിച്ചാണ് പഴയ നോട്ടുകള്‍ ശേഖരിച്ചതെന്ന് 47 ലക്ഷത്തിന്റെ നിരോധിത നോട്ടുകളുമായി മധ്യപ്രദേശിലെ ഗ്വാളിയോറില്‍ പിടിയിലായാള്‍.  പിടിയിലായ മൊറേന സ്വദേശിയായ സുല്‍ത്താന്‍ കരോസിയ പൊലീസ് കസ്റ്റഡിയിലാണ്.


◾എല്ലാ ഇസ്രയേലികളുടെയും സുരക്ഷ ഉറപ്പാക്കുംവരെ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍. ഇതേസമയം, ഇന്ധനമില്ലാതെ ഗാസ കൂട്ട മരണത്തിന്റെ വക്കിലാണ്. ഇതുവരെ ഇസ്രയേല്‍ ആക്രമണത്തില്‍ 2,360 കുട്ടികള്‍ കൊല്ലപ്പെട്ടതായി യുണിസെഫ്  വെളിപെടുത്തി.


◾ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും നിഷേധിക്കരുതെന്ന് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന്റെ ചില നടപടികള്‍ അവര്‍ക്കുതന്നെ തിരിച്ചടിയാകാതെ ശ്രദ്ധിക്കണമെന്നും ഒബാമ.


◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നെതര്‍ലണ്ട്സിനെതിരെ ഓസ്ട്രേലിയക്ക് 309 റണ്‍സിന്റെ റെക്കോര്‍ഡ് ജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ഗ്ലെന്‍ മാക്സ്വെല്ലിന്റേയും ഡേവിഡ് വാര്‍ണറുടേയും സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സെടുത്തു. 40 പന്തില്‍ സെഞ്ചറി നേടിയ മാക്സവെല്ലിന്റേത് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ്. മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലണ്ട് 90 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ലോകകപ്പ് ചരിത്രത്തില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ വിജയമാണിത്.


◾ലോകത്തിലെ ഏറ്റവും സമ്പന്നരായവര്‍ താമസിക്കുന്ന രാജ്യങ്ങളിലെ പൗരത്വം നേടുന്നവരില്‍  ഇന്ത്യക്കാര്‍ മുന്‍നിരയിലാണെന്ന് റിപ്പോര്‍ട്ട്. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് 1,33,000 ഇന്ത്യക്കാര്‍ക്ക് അതി സമ്പന്നരുടെ രാജ്യങ്ങളില്‍ പൗരത്വം ലഭിച്ചുവെന്നാണ്. 2021ല്‍ 4,07,000 ഇന്ത്യക്കാര്‍ ഒ.ഇ.സി.ഡി രാജ്യങ്ങളിലേക്ക് ചേക്കേറിയതായും റിപ്പോര്‍ട്ട് പറയുന്നു. 2020ല്‍ ഇത് 2,20,000 ആയിരുന്നു. അമേരിക്ക (56,000), ഓസ്ട്രേലിയ (24,000), കാനഡ (21,000) എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ നിന്നും കൂടുതല്‍ കുടിയേറ്റം നടന്നത്. ഒ.ഇ.സി.ഡിയിലെ ഇന്ത്യക്കാര്‍ 38 രാജ്യങ്ങളുടെ ഒരു ഗ്രൂപ്പാണ് ഒ.ഇ.സി.ഡി. രാജ്യത്തെ ആകെ പൗരന്മാരില്‍ ഏറ്റവുമധികം പേര്‍ ഉയര്‍ന്ന വരുമാനക്കാരോ ഹ്യൂമന്‍ ഡെവലപ്മെന്റ് ഇന്‍ഡക്സില്‍ വളരെ ഉയര്‍ന്ന റാങ്കുള്ളവരോ താമസിക്കുന്ന ഇടമായിട്ടാണ് ഈ 38 രാജ്യങ്ങളെ കണക്കാക്കുന്നത്. 2021ല്‍ 1,33,000 ഇന്ത്യന്‍ പൗരന്മാര്‍ ഒ.ഇ.സി.ഡി രാജ്യങ്ങളില്‍ പൗരത്വം നേടി. ഈ കുടിയേറ്റങ്ങളില്‍ ഭൂരിഭാഗവും യു.എസ്, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിലാണ് നടന്നതെന്ന് മുന്‍ ട്രെന്‍ഡുകള്‍ കാണിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ, സമ്പന്ന രാജ്യങ്ങളില്‍ പൗരത്വം നേടുന്ന ഏറ്റവും വലിയ ദേശീയ ഗ്രൂപ്പായി ഇന്ത്യക്കാര്‍ മാറിയപ്പോള്‍ ഏറ്റവുമധികം പേര്‍ക്ക് പൗരത്വം നല്‍കിയ രാജ്യമായി കാനഡ മാറി. 'ഗോള്‍ഡന്‍ പാസ്‌പോര്‍ട്ട്' അപേക്ഷിച്ചിട്ടുള്ളവരില്‍ 9.4 ശതമാനം പേര്‍ ഇന്ത്യക്കാരാണ്. വിദേശ രാജ്യത്ത് പൗരത്വം നേടുകയും അവിടെ സ്വന്തമായി വീടു വാങ്ങുകയും ചെയ്താലും ഗോള്‍ഡന്‍ പാസ്‌പോര്‍ട്ടിന് അര്‍ഹരാകും.


◾'ആര്‍ഡിഎക്‌സി'ലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ക്ക് ശേഷം വീണ്ടും സാം സി. എസ് മാജിക്. ഷെയിന്‍ നിഗം സണ്ണി വെയ്ന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന വേലയിലെ 'ബമ്പാഡിയോ' എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ റിലീസ് ചെയ്തു. അന്‍വര്‍ അലിയാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. സാം സി എസ്സും ആന്റണി ദാസനുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. വേല നവംബര്‍ 10ന് തിയേറ്ററുകളിലേക്കെത്തും. ക്രൈം ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്യാം ശശി ആണ്. ചിത്രത്തിന്റെ തിരക്കഥ എം.സജാസ് ആണ് ഒരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസാണ് വിതരണം നിര്‍വഹിക്കുന്നത്. പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ഷെയിന്‍ നിഗം ഉല്ലാസ് അഗസ്റ്റിന്‍ എന്ന ഉദ്യോഗസ്ഥനെയും മല്ലികാര്‍ജുനന്‍ എന്ന പൊലീസ് കഥാപാത്രത്തെ സണ്ണിവെയ്‌നും അവതരിപ്പിക്കുന്നു. സിദ്ധാര്‍ഥ് ഭരതന്‍ ചിത്രത്തില്‍ ശ്രേദ്ധേയമായ പൊലീസ് കഥാപാത്രത്തിലെത്തുന്നു. സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ് നിര്‍മ്മിക്കുന്ന വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം.സജാസും നിര്‍വഹിച്ചിരിക്കുന്നു. അതിഥി ബാലന്‍ പ്രധാന കഥാപാത്രത്തിലെത്തുന്ന വേലയുടെ ഓഡിയോ റൈറ്റ്സ് ടി സീരീസാണ് കരസ്ഥമാക്കിയത്.


◾ജയിലറിലേതുപോലെ ശ്രദ്ധേയമായ കാസ്റ്റിംഗ് ആണ് രജനികാന്ത് നായകനാവുന്ന പുതിയ ചിത്രത്തിലും. റിതിക സിംഗ്, ദുഷറ വിജയന്‍, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മൂന്ന് പതിറ്റാണ്ടിന് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒരുമിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ കൗതുകം. 'തലൈവര്‍ 170' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം നേരത്തെ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ അമിതാഭ് ബച്ചനും ചിത്രീകരണസംഘത്തിനൊപ്പം ജോയിന്‍ ചെയ്തിരിക്കുകയാണ്. ബച്ചനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് രജനി തന്നെ ഈ പുന:സമാഗമത്തിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.


◾2023 സെപ്റ്റംബറിലെ വില്‍പ്പനയില്‍ ടിവിഎസ് മോട്ടോര്‍ കമ്പനിക്ക് മികച്ച വളര്‍ച്ച. ആഭ്യന്തര വിപണിയില്‍, ടിവിഎസ് 2023 സെപ്റ്റംബറില്‍ 3,00,493 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 5.85 ശതമാനം ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്തി. ടിവിഎസ് ജൂപിറ്റര്‍ ആണ് കമ്പനിയുടെ വില്‍പ്പപന കൂട്ടിയ താരം. 2023 സെപ്റ്റംബറില്‍ 83,130 യൂണിറ്റുകളുടെ വില്‍പ്പനയോടെ ജൂപ്പിറ്റര്‍ ആധിപത്യം തുടര്‍ന്നു. 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 0.89 ശതമാനം നേരിയ വളര്‍ച്ച. 27.66% വിപണി വിഹിതത്തോടെ ടിവിഎസ് നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍ എന്ന സ്ഥാനം സ്‌കൂട്ടര്‍ നിലനിര്‍ത്തി. ടിവിഎസ് റൈഡറാണ് രണ്ടാം സ്ഥാനത്ത്. 2022 സെപ്റ്റംബറിനെ അപേക്ഷിച്ച് 123.99 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ടിവിഎസ് ഐക്യൂബ്, ഇലക്ട്രിക് സ്‌കൂട്ടര്‍ അതിന്റെ മികച്ച പ്രകടനം തുടര്‍ന്നു. അതിന്റെ വില്‍പ്പന 20,276 യൂണിറ്റിലെത്തി, വര്‍ഷാവര്‍ഷം 311.86 ശതമാനം വര്‍ധന. കയറ്റുമതിയിലും ടിവിഎസ് മുന്‍തൂക്കം നേടി. അന്താരാഷ്ട്ര തലത്തില്‍, ടിവിഎസ് മോട്ടോര്‍ കമ്പനി 2023 സെപ്റ്റംബറില്‍ മൊത്തം 84,950 യൂണിറ്റ് കയറ്റുമതിയുമായി ശക്തമായ സാന്നിധ്യം പ്രകടിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 10.92 ശതമാനം ഗണ്യമായ വര്‍ധനയാണ് ഇത് പ്രതിനിധീകരിക്കുന്നത്.


◾കുട്ടികളുടെ ലോകം വളരെ ചെറുതായിരിക്കും, എന്നാല്‍ വിശാലവും. ഇങ്ങനെയുള്ള കുട്ടിലോകത്തെ വിശേഷങ്ങളും കൗതുകങ്ങളും ഉള്ളടങ്ങിയിരിക്കുന്ന കഥകളുടെ സമാഹാരം. ഉണ്ണിമോനും ഉണ്ണിമോളും അവരുടെ സന്തോഷങ്ങളും പരിഭവങ്ങളും കുസൃതികളും നിറഞ്ഞ പത്തു കുഞ്ഞിക്കഥകള്‍. ബാലസാഹിത്യത്തിന് കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ എഴുത്തുകാരന്റെ പുതിയ പുസ്തകം. 'ഗണപതിയമ്മ'. ഡോ. കെ.ശ്രീകുമാര്‍. മാതൃഭൂമി. വില 119 രൂപ.


◾ഭക്ഷണം ആരോഗ്യം മാത്രം നല്‍കുന്ന ഒന്നല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. കാരണം പല ഭക്ഷണങ്ങളും ഇത്തരത്തില്‍ സൗന്ദര്യത്തേയും അകാല വാര്‍ദ്ധക്യത്തേയും പ്രതിരോധിക്കുന്നു. പ്രഭാത ഭക്ഷണത്തോടൊപ്പം ഇത്തരം ഭക്ഷണങ്ങള്‍ കൂടി കഴിക്കുമ്പോള്‍ അത് അകാല വാര്‍ദ്ധക്യം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ്. മുട്ട ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന നല്ലൊരു പ്രഭാത ഭക്ഷണമാണ്. കൊളസ്ട്രോള്‍ ഉണ്ടാക്കുമെന്ന ഒരു അപഖ്യാതി മുട്ടയ്ക്കുണ്ടെങ്കിലും ഇതൊന്നും ശരിയല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. വിറ്റാമിന്‍ ബിയും ധാരാളം നല്ല കൊഴുപ്പും മുട്ടയില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഇവരുടെ വാദം. ധാരാളം പോഷകങ്ങള്‍ അടങ്ങിയതിനോടൊപ്പം തന്നെ ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന നല്ലൊരു പ്രഭാത ഭക്ഷണമാണ് ഓട്സ്. ബെറികള്‍ ഏതായാലും ആരോഗ്യദായകമാണെന്ന് എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ. എന്നാല്‍, ബ്ലൂ ബെറിയ്ക്ക് ചെറുപ്പം നിലനിര്‍ത്താന്‍ കൂടിയുള്ള കഴിവുണ്ട് എന്നതാണ് സത്യം. അതുകൊണ്ടു തന്നെ, ബ്ലൂബെറി എന്നത് പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. മാതള നാരങ്ങയുടെ ജ്യൂസ് ആണ് മറ്റൊരു പ്രഭാത ഭക്ഷണം. ഇത് നമ്മുടെ പ്രായാധിക്യം മൂലമുണ്ടാവുന്ന പ്രശ്നങ്ങളില്‍ നിന്ന് പിറകോട്ടു വലിയ്ക്കുന്നു. ഇതില്‍ ധാരാളം ആന്റി ഓക്സിഡന്റ്സ് അടങ്ങിയിട്ടുള്ളതിനാല്‍ ഇത് മാനസിക സമ്മര്‍ദ്ദത്തേയും കുറയ്ക്കുന്നു. ഗ്രീന്‍ ടീ ആണ് മറ്റൊരു പ്രഭാത പാനീയം. പ്രഭാത ഭക്ഷണത്തിനു മുന്‍പായി വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. മുന്തിരി ജ്യൂസ് എപ്പോഴും ആരോഗ്യദായകമാണ്. ഇത് നമ്മുടെ തടി കുറയ്ക്കുകയും ശരീരത്തെ ഫിറ്റ് ആക്കി നിര്‍ത്തുകയും ചെയ്യുന്നു. എന്നുള്ളതാണ് സത്യം.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.