Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഇതുവരെ ഒറ്റ നോട്ടത്തിൽ


 


30/10/23-തിങ്കൾ-തുലാം-13

◾കളമശേരി സാമ്ര കണ്‍വന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനയ്ക്കിടെ നടത്തിയ ബോംബു സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ചികിത്സയിലായിരുന്ന 12 കാരി മലയാറ്റൂര്‍ സ്വദേശി ലിബിന, എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിനി കുമാരി (53) എന്നിവരാണ് മരിച്ചത്. 40 പേര്‍ ചികില്‍സയിലാണ്. മൂന്നു പേരുടെ നില ഗുരുതരമാണ്.


◾കളമശേരി ബോംബു സ്ഫോടനം നടത്തിയതു തൃശൂര്‍ കൊടകര പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ കൊച്ചി തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയാണെന്നു പോലീസ്. രാവിലെ 9.40 ന് കളമശേരി സാമ്ര കണ്‍വന്‍ഷന്‍ സെന്ററില്‍ ബോംബു വച്ചതിന്റേയും റിമോട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തിയതിന്റേയും ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈല്‍ ഫോണില്‍നിന്നു കണ്ടെടുത്തു.


◾കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു. ഇന്നു രാവിലെ പത്തിന് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് സര്‍വകക്ഷി യോഗം. എല്ലാ പാര്‍ട്ടി പ്രതിനിധികളേയും മുഖ്യമന്ത്രി യോഗത്തിലേക്കു ക്ഷണിച്ചിട്ടുണ്ട്.


◾കളമശ്ശേരി സ്ഫോടന സംഭവത്തില്‍ പരിക്കേറ്റ് 52 പേര്‍ ചികില്‍സ തേടിയിട്ടുണ്ടെന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലുള്ളവരെ സന്ദര്‍ശിച്ച ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. 18 പേര്‍ വിവിധ ആശുപത്രികളിലായി ഐസിയുവില്‍ കഴിയുകയാണ്. ആറു പേരുടെ നില ഗുരുതരമാണെന്നും മന്ത്രി അറിയിച്ചു.


◾സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് കീഴടങ്ങിയ ഡൊമിനിക് മാര്‍ട്ടിന്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ഫേസ്ബുക്ക് പേജിലിട്ട വീഡിയോ സന്ദേശം പുറത്ത്. 16 വര്‍ഷമായി യഹോവ സാക്ഷി അംഗമാണെന്നും മറ്റുള്ളവരെല്ലാം നശിച്ചുപോകുമെന്നു പ്രചരിപ്പിക്കുന്ന അവരെ നിയന്ത്രിച്ചില്ലെങ്കില്‍ സാധാരണക്കാര്‍ പ്രതികരിക്കുമെന്നും ഡൊമിനിക് വീഡിയോയില്‍ പറഞ്ഞിരുന്നു. ഇയാളുടെ ഫേസ്ബുക്ക് പേജ് പോലീസ് നീക്കംചെയ്തു.


◾കളമശേരി സ്ഫോടനവുമായി ബന്ധമുണ്ടെന്നു സംശയിച്ച നീല കാര്‍ മാര്‍ട്ടിന്റേതല്ലെന്നും കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ മാര്‍ട്ടിന്‍ എത്തിയത് സ്‌കൂട്ടറിലാണെന്നും പൊലീസ്. ഡൊമിനിക് മാര്‍ട്ടിന്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടില്‍ പൊലീസ് പരിശോധന നടത്തി. മാര്‍ട്ടിന്‍ പുലര്‍ച്ചെ അഞ്ചിനാണ് വീട്ടില്‍നിന്നു പോയതെന്നു ഭാര്യ മിനി മൊഴി നല്‍കി. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സ്ത്രീയുമായി മാര്‍ട്ടിന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.


◾ഡൊമിനിക് മാര്‍ട്ടിന്‍ ബോംബുണ്ടാക്കാന്‍ പഠിച്ചത് ആറു മാസം കൊണ്ട് ഇന്റര്‍നെറ്റിലൂടെയാണെന്ന് പോലീസ്. പെട്രോള്‍ നിറച്ച കുപ്പിക്കൊപ്പമാണ് ഇയാള്‍ ബോംബ് വച്ചതെന്നും പോലീസ് വെളിപെടുത്തി.


◾കളമശേരി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനമെങ്ങും അതീവ ജാഗ്രത. കണ്‍ട്രോള്‍ റൂം തുറന്നു. ബസ് സ്റ്റാന്‍ഡുകളിലും ഷോപ്പിംഗ് മാളുകളിലും റെയില്‍വെ സ്റ്റേഷനുകളിലും പൊലീസ് വ്യാപക പരിശോധന നടത്തി. ഹെലികോപ്റ്ററില്‍ സൈന്യം നിരീക്ഷണ പറക്കലും നടത്തി. ഇടുക്കിയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും പരിശോധന നടത്തി.

◾കളമശേരിയില്‍ സ്ഫോടനം നടന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ എന്‍ഐഎ, എന്‍എസ്ജി എന്നീ കേന്ദ്ര അന്വേഷണ സംഘങ്ങളുടെ സംയുക്ത പരിശോധന. രാത്രി ഡല്‍ഹിയില്‍നിന്ന് എത്തിയ വിദഗ്ധ സംഘമാണു പരിശോധന നടത്തിയത്.


◾കളമശേരി ബോംബ് സ്ഫോടനം പ്രത്യേക പൊലീസ് സംഘം അന്വേഷിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ ആണ് സംഘത്തലവന്‍. 21 അംഗ പ്രത്യേക അന്വേഷണ സംഘത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എ.അക്ബര്‍, ഭീകരവിരുദ്ധ സ്‌ക്വാഡ് ഡി.ഐ.ജി പുട്ട വിമലാദിത്യ, കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. ശശിധരന്‍, തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി.വി ബേബി, എറണാകുളം ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ രാജ് കുമാര്‍.പി, കളമശ്ശേരി എസ്ഐ വിപിന്‍ ദാസ് തുടങ്ങിയവര്‍ ഉണ്ടാകുമെന്ന് ഡിജിപി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് അറിയിച്ചു.


◾നാളെ സ്വകാര്യ ബസ് സമരം. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക, ഡ്രൈവര്‍ക്കു സീറ്റ് ബെല്‍റ്റ്, സിസിടിവി ക്യാമറ എന്നിവ നിര്‍ബന്ധമാക്കിയതു പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. സീറ്റ് ബെല്‍റ്റും കാമറയും ഒന്നാം തീയതി മുതല്‍ നിര്‍ബന്ധമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു.


◾സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന കേസില്‍ മാധ്യമപ്രവര്‍ത്തകയുടെ മൊഴി നടക്കാവ് പൊലീസ് രേഖപ്പെടുത്തി. സുരേഷ് ഗോപിക്കെതിരായ പരാതിയിലെ കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തക മൊഴിയില്‍ ആവര്‍ത്തിച്ചു.


◾ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. ബംഗാള്‍ ഉള്‍ക്കടലിലും തെക്കേ ഇന്ത്യക്കു മുകളിലും കിഴക്കന്‍ കാറ്റ് ശക്തമാകും. പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം,  തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.


◾തിരുവനന്തപുരത്ത് കേരളീയത്തിന് കേരളപ്പിറവി ദിനമായ ബുധനാഴ്ച തുടക്കം. എട്ടു വേദികളിലായി കേരളീയത്തിന്റെ ട്രേഡ് ഫെയര്‍ ആരംഭിച്ചു. പുത്തരിക്കണ്ടം, സെന്‍ട്രല്‍ സ്റ്റേഡിയം, കനകക്കുന്ന്, യൂണിവേഴ്സിറ്റി കോളേജ്, ടാഗോര്‍ തിയേറ്റര്‍, എല്‍.എം.എസ്, ഇന്‍സ്റ്റിട്യൂഷന്‍ ഓഫ് എന്‍ജിനീയേഴ്സ് ഹാള്‍, വിമന്‍സ് കോളേജ് എന്നീ വേദികളിലാണ് വ്യവസായ വാണിജ്യ പ്രദര്‍ശന മേള. നാനൂറിലേറെ സ്റ്റാളുകളിലായി 425 സംരംഭകര്‍ പങ്കെടുക്കുന്നുണ്ട്.


◾മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കളമശേരിയിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണം. വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കും. ഇന്റലിജിന്‍സ് സംവിധാനങ്ങള്‍ ശക്തിപ്പെടേണ്ട സമയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


◾ബോംബു സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ കൊച്ചി സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ യഹോവ സാക്ഷി അംഗമല്ലെന്ന് യഹോവ സാക്ഷി വിശ്വാസി കൂട്ടായ്മയുടെ സംഘാടകനും പിആര്‍ഒയുമായ ശ്രീകുമാര്‍.


◾കളമശ്ശേരിയിലേത് രാജ്യത്തിന്റെ അഖണ്ഡതയക്കും സുരക്ഷയ്ക്കും ഭീഷണിയായ ബോംബു സ്ഫോടനമെന്ന് പൊലീസ് എഫ്ഐആര്‍. ജനങ്ങളെ കൊലപ്പെടുത്തുകയും പരിക്കേല്‍പ്പിക്കുകയുമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും പ്രതി ആരെന്നു സ്ഥിരീകരിക്കുന്നതിനു മുമ്പു തയാറാക്കിയ എഫ്ഐആറില്‍ പറയുന്നു.

◾കളമശേരി സ്‌ഫോടനം അങ്ങേയറ്റം വേദനാജനകവും അപലപനീയവുമാണെന്ന് രാഹുല്‍ ഗാന്ധി. പരിഷ്‌കൃത സമൂഹത്തില്‍ വെറുപ്പിനും അക്രമത്തിനും സ്ഥാനമില്ല. സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.


◾കളമശേരി സ്ഫോടനം നടത്തിയെന്നു പറയുന്ന ഡൊമിനിക് മാര്‍ട്ടിന്‍ കൊച്ചിയില്‍ സ്പോക്കണ്‍ ഇംഗ്ളീഷ് അധ്യാപകനായിരുന്നു. കോവിഡ് കാലത്തു ജോലിയില്ലാതെ ഗള്‍ഫിലേക്കു പോയ ഇയാള്‍ രണ്ടു മാസംമുമ്പാണു തിരിച്ചെത്തിയത്.


◾കളമശേരിയിലെ ഇന്റലിജന്‍സ് വീഴ്ചയ്ക്ക് ആഭ്യന്തരമന്ത്രി മറുപടി പറയണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ആവശ്യപ്പെട്ടു. സ്വന്തം സുരക്ഷ അടിക്കടി വര്‍ദ്ധിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഒരു പ്രാധാന്യവും നല്‍കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.


◾കളമശേരി സ്ഫോടനം ഞെട്ടിക്കുന്നതാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഊര്‍ജിതമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്ന് അദ്ദേഹം പറഞ്ഞു.


◾മണിപ്പൂരില്‍ നിന്നുള്ള 12 വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ പഠിക്കാന്‍ അവസരം നല്‍കിയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. തൊഴില്‍- നൈപുണ്യ വകുപ്പാണ് കേരളത്തില്‍ പഠിക്കാന്‍ അവസരം ഒരുക്കിയത്.


◾കാസര്‍കോട് ചിറ്റാരിക്കാലിലെ കോട്ടമല മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ എയുപി സ്‌കൂളില്‍ വിദ്യാര്‍ഥിയുടെ മുടി മുറിപ്പിച്ച സംഭവത്തെക്കുറിച്ചു റിപ്പോര്‍ട്ടു വേണമെന്ന് മന്ത്രി വി ശിവന്‍കുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കി. വിദ്യാര്‍ഥിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചിറ്റാരിക്കാല്‍ പൊലീസ് പ്രധാന അധ്യാപികക്കെതിരെ കേസെടുത്തു.


◾ചേര്‍ത്തല വെള്ളിയാകുളത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്. ഇരു വാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ചേര്‍ത്തലയില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും കോട്ടയത്ത് നിന്ന് ചേര്‍ത്തലയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.


◾തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. ഗൂഡല്ലൂര്‍ കെ ജി പെട്ടി സ്വദേശി ഈശ്വരന്‍ ആണ് മരിച്ചത്. വനത്തില്‍ വേട്ടയ്ക്കെത്തിയ ഈശ്വരന്‍ അക്രമാസക്തനായതോടെ  വെടി ഉതിര്‍ക്കുകയിരുന്നുവെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.


◾ആന്ധ്രയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് എട്ടു യാത്രക്കാര്‍ മരിച്ചു. 25 പേര്‍ക്കു പരിക്കേറ്റു. അലമാന്‍ഡ- കണ്ടകപള്ളി റൂട്ടിലാണ് അപകടം നടന്നത്. പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.


◾ഗാസയില്‍ ഇസ്രയേലിന്റെ കരയുദ്ധം തുടരുന്നതിനിടെ ജീവനുവേണ്ടിയുള്ള നിലവിളിയുമായി ജനങ്ങള്‍. ഭൂഗര്‍ഭ അറകളില്‍ അഭയം തേടിയ ജനങ്ങളെപോലും വകവരുത്തിയെന്നാണു ഹമാസിന്റെ ആരോപണം. ആശുപത്രികളിലും അഭയാര്‍ത്ഥി ക്യാമ്പുകളിലും അവശ്യവസ്തുക്കളില്ലാതെ ജനം ദുരിതത്തിലായി. വെടിനിര്‍ത്തല്‍ വേണമെന്ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ  ആവശ്യപ്പെട്ടെങ്കിലും ഇസ്രയേല്‍ ഗൗനിച്ചിട്ടില്ല.


◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ സെമി ഉറപ്പാക്കി ഇന്ത്യ. ഇന്നലെ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് തോല്‍പിച്ച് ഈ ലോകകപ്പിലെ തുടര്‍ച്ചയായ ആറാം ജയം സ്വന്തമാക്കിയാണ് ഇന്ത്യ സെമി ബര്‍ത്ത് ഉറപ്പാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ ഇംഗ്ലീഷ് ബൗളര്‍മാര്‍ ഒമ്പതിന് 229 എന്ന നിലയില്‍ ഒതുക്കിയിരുന്നു. 87 റണ്‍സ് നേടിയ രോഹിത് ശര്‍മയുടെ മികവിലാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ നേടാനായത്. എന്നാല്‍ ചെറിയ വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ വെറും 129 റണ്‍സിന് എറിഞ്ഞൊതുക്കി. മൊഹമ്മദ് ഷമി 4 വിക്കറ്റും ജസ്പ്രീത് ബുമ്ര 3 വിക്കറ്റും വീഴ്ത്തി. അതേ സമയം ആറില്‍ അഞ്ച് കളികളും തോറ്റ നിലവിലെ ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിന് സെമി പ്രതീക്ഷ ഇതോടെ ഇല്ലാതായി.

◾ഇന്ത്യയില്‍ നിന്നുള്ള മാമ്പഴങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ മാമ്പഴം വന്‍ ഹിറ്റായതോടെ കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 19 ശതമാനത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍, 41 രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്നും മാമ്പഴം കയറ്റുമതി ചെയ്യുന്നത്. ഈ രാജ്യങ്ങളിലെല്ലാം ആവശ്യക്കാരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. 2023 ഏപ്രിലിനും ഓഗസ്റ്റിനും ഇടയില്‍ 4 കോടി ഡോളര്‍ വിലമതിക്കുന്ന 27,330 മെട്രിക് ടണ്‍ മാമ്പഴം വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ 19 ശതമാനത്തിന്റെ അധിക വര്‍ദ്ധനവാണ് ഇത്തവണ ഉണ്ടായിട്ടുളളത്. ഇന്ത്യന്‍ മാമ്പഴത്തിന്റെ ഏറ്റവും വലിയ വിപണി അമേരിക്കയാണ്. ഇക്കാലയളവില്‍ അമേരിക്കയിലേക്ക് മാത്രം 2,000 മെട്രിക് ടണ്‍ മാമ്പഴം കയറ്റുമതി ചെയ്തിട്ടുണ്ട്. രണ്ടാമതായി ന്യൂസിലന്‍ഡിലേക്കാണ് ഏറ്റവും കൂടുതല്‍ മാമ്പഴം കയറ്റി അയച്ചത്. ഓസ്ട്രേലിയ, ജപ്പാന്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ ഉള്ളത്.


◾നടന്‍ കാര്‍ത്തി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ജപ്പാന്‍' ട്രെയിലര്‍ റിലീസ് ചെയ്തു. പ്രേക്ഷകനെ രസിപ്പിച്ച് ത്രില്ലടിപ്പിക്കുന്നതാകും ചിത്രമെന്നാണ് സൂചന. റോബറിയുമായി ബന്ധപ്പെട്ടതാണ് സിനിമ എന്നും ട്രെയിലര്‍ വ്യക്തമാക്കുന്നു. രാജ് മുരുഗനാണ് ചിത്രത്തിന്റെ സംവിധാനം. ദീപാവലി റിലീസ് ആയാകും ജപ്പാന്‍ തിയറ്ററില്‍ എത്തുക. മലയാളി നടി അനു ഇമ്മാനുവേലാണ് ചിത്രത്തില്‍ നായിക. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് രവി വര്‍മന്‍. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ അഞ്ചു ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. ഡ്രീം വാരിയര്‍ പിക്ചര്‍സിന്റെ ബാനറില്‍ എസ്.ആര്‍.പ്രകാശ് ബാബു, എസ്.ആര്‍.പ്രഭു എന്നിവര്‍ നിര്‍മ്മിക്കുന്ന ആറാമത്തെ കാര്‍ത്തി ചിത്രമാണ് ' ജപ്പാന്‍ '. കാര്‍ത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ ' ജപ്പാന്‍' ബ്രഹ്‌മാണ്ഡ ചിത്രമായിട്ടാണ് അണിയിച്ചൊരുക്കുന്നത്. രവി വര്‍മ്മനാണ് ഛായഗ്രാഹകന്‍. ജീ. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകന്‍. അനല്‍ - അരസ് ഒരുക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈ ലൈറ്റ്. വ്യത്യസ്തമായ രൂപ ഭാവത്തിലുള്ള നായക കഥാപാത്രത്തെയാണ് കാര്‍ത്തി അവതരിപ്പിക്കുന്നത്. തമിഴ് നാട് ,കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.


◾മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കുന്ന പുതിയ ചിത്രം 'ഫീനിക്സി'ന്റെ ലിറിക് വീഡിയോ പുറത്തുവിട്ടു.  'എന്നിലെ പുഞ്ചിരി നീയും..' എന്ന ഈ ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. വിനായക് ശശികുമാര്‍ രചിച്ച് സാം.സി.എസ്. ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് കെഎസ് ചിത്രയും കപലനും ചേര്‍ന്നാണ്. യുവനായകന്‍ ചന്തു നാഥാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫീനിക്സ് നവംബര്‍ 17ന് തിയറ്ററുകളില്‍ എത്തും. ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ്.കെ.എന്‍.നിര്‍മ്മിച്ച് വിഷ്ണു ഭരതന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ഫീനിക്സ്. ഹൊററും പ്രണയവും ഒപ്പം ഏറെ സസ്പെന്‍സുമൊക്കെ കോര്‍ത്തിണക്കിയിട്ടുള്ള ഒരു ചിത്രമായിരിക്കും ഫീനിക്സ്. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ വിന്റേജ് ഹൊറര്‍ ചിത്രം. ചന്തു നാഥ് എന്ന നടനെ പ്രേക്ഷക മുന്നിലേക്ക് ഏറെ അടുപ്പിക്കുന്ന ചിത്രം കൂടിയായിരിക്കും ഈ ചിത്രം. തമിഴിലെ ഏറ്റവും മികച്ച സംഗീത സംവിധായകരില്‍ ഒരാളാണ് സാം .സി.എസ്. സാമിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു. അജു വര്‍ഗീസ്, അനൂപ് മേനോന്‍. ഡോ.റോണി രാജ്, അജി ജോണ്‍, അജിത് തലപ്പിള്ളി, ആശാ അരവിന്ദ്, നിജിലാ കെ.ബേബി, സിനി ഏബ്രഹാം, ജെസ് സ്വീജന്‍, അബ്രാം രതീഷ്, ആവണി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.


◾ഇന്ത്യന്‍ ഇരുചക്രവാഹന കമ്പനിയായ ടിവിഎസ് ആധുനിക റെട്രോ മോട്ടോര്‍സൈക്കിളായ റോണിന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കി. പുതിയ റോണിന്‍ സ്‌പെഷ്യല്‍ എഡിഷന്റെ എക്‌സ്‌ഷോറൂം വില 1,72,700 രൂപയാണ്. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബൈക്കിന് കോസ്‌മെറ്റിക് അപ്‌ഗ്രേഡുകള്‍ ലഭിക്കുന്നു. എന്നിരുന്നാലും, ഈ സ്‌പെഷ്യല്‍ എഡിഷന്‍ മോഡലിന്റെ സവിശേഷതകള്‍ റോണിന്റെ ടോപ്പ്-സ്പെക്ക് വേരിയന്റിന് സമാനമാണ്. പക്ഷേ സ്റ്റാന്‍ഡേര്‍ഡ് റോണിന്‍ ശ്രേണിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ റോണിന്റെ ഈ പ്രത്യേക പതിപ്പ് പുതിയ ഗ്രാഫിക്കോടെയാണ് വരുന്നത്.  പുതിയ പതിപ്പില്‍ ഒരു പുതിയ ട്രിപ്പിള്‍ ടോണ്‍ ഗ്രാഫിക് സ്‌കീം അവതരിപ്പിക്കുന്നു. അതില്‍ പ്രാഥമിക ഷേഡായി ചാരനിറവും ദ്വിതീയ ഷേഡായി വെള്ളയും മൂന്നാമത്തെ ടോണായി ചുവന്ന വരയും ഉള്‍പ്പെടുന്നു. ഏറ്റവും പുതിയ ബൈക്കിന്റെ എന്‍ജിനില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ടിവിഎസ് റോണിന് 225.9 സിസി സിംഗിള്‍ സിലിണ്ടര്‍, ഓയില്‍-കൂള്‍ഡ് എഞ്ചിന്‍ ആണ് ഹൃദയം. ഇത് 7750 ആര്‍പിഎമ്മില്‍ 20.2 ബിഎച്ച്പി കരുത്തും 3750 ആര്‍പിഎമ്മില്‍ 19.93 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. അഞ്ച് സ്പീഡ് ഗിയര്‍ബോക്സാണ് എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നത്. 120 കിലോമീറ്റര്‍ വേഗതയാണ് ബൈക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയെന്ന് കമ്പനി അവകാശപ്പെടുന്നു.


◾സ്നേഹത്തിന്റെ വ്യത്യസ്ത മാനങ്ങള്‍ കൈ കോര്‍ക്കുന്ന നോവല്‍. അറേബ്യന്‍ പ്രവാസ ജീവിതത്തിന്റെയും കേരളീയ ജീവിതത്തിന്റെയും സ്വപ്നങ്ങള്‍ ഇഴ ചേരുമ്പോള്‍, അവയില്‍ സമകാലത്തിന്റെ നേര്‍ക്കാഴ്ചകള്‍ ദൃശ്യമാകുന്നു. വര്‍ഗീയതയുടെയും വംശീയ കലാപത്തിന്റെയും സംഘര്‍ഷങ്ങള്‍ക്കിടയിലും മനുഷ്യമനസ്സ് ആഗ്രഹിക്കുന്നത് മതാതീതമായ ജീവിതം തന്നെയാണെന്ന് ഈ കൃതി ഓര്‍മ്മപ്പെടുത്തുന്നു. കലുഷിതമായ വര്‍ത്തമാനകാലത്ത് നന്മയുടെ വെളിച്ചം പടര്‍ത്തുന്ന രചന. 'വിരലുകള്‍'. ജാഫര്‍ ജമാല്‍. ഗ്രീന്‍ ബുക്സ്. വില 128 രൂപ.


◾ശരീരത്തിന്റെ തടി കുറയാനുള്ള നല്ലൊരു വഴിയാണ് കുരുമുളകും പുഴുങ്ങിയ മുട്ടയും. പ്രത്യേകിച്ച് പ്രാതലിന് കഴിയ്ക്കുന്നത് ഗുണം ചെയ്യും. പുഴുങ്ങിയ മുട്ടയും കുരുമുളകും പ്രാതലിന് കഴിയ്ക്കുന്നത് ശരീരത്തിന് ഊര്‍ജം ലഭ്യമാകാന്‍ സഹായിക്കും. ഏറെ നേരത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തിന് ആവശ്യമായ എനര്‍ജിയും ശക്തിയും കൊടുക്കാന്‍ ഇതു കഴിയ്ക്കുന്നതിലൂടെ സാധിയ്ക്കും. മുട്ടയില്‍ വിറ്റാമിന്‍ ഡി ഉണ്ട്. കാല്‍സ്യവുമുണ്ട്. കാല്‍സ്യം ആഗിരണം ചെയ്യാന്‍ ശരീരത്തിന് വിറ്റാമിന്‍ ഡി അത്യാവശ്യമാണ്. വിറ്റാമിന്‍ ഡി അടങ്ങിയ പ്രകൃതിദത്ത ഭക്ഷണങ്ങളില്‍ ഒന്നാണ് മുട്ട. മസില്‍ വളര്‍ത്താന്‍ ശ്രമിയ്ക്കുന്നവര്‍ക്കുള്ള നല്ലൊരു വഴിയാണ് പുഴുങ്ങിയ മുട്ടയും കുരുമുളകുപൊടിയും കലര്‍ന്ന ഭക്ഷണം. മുട്ടയിലെ പ്രോട്ടീനുകള്‍ മസില്‍ വളരാന്‍ സഹായിക്കും. കോശനാശത്തെ തടയാന്‍ കുരുമുളക് നല്ലതാണ്. പുഴുങ്ങിയ മുട്ടയും കുരുമുളകും പ്രാതലിന് കഴിയ്ക്കുന്നത് ശരീരത്തിന് ഊര്‍ജം ലഭ്യമാകാന്‍ സഹായിക്കും. ഏറെ നേരത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തിന് ആവശ്യമായ എനര്‍ജിയും ശക്തിയും കൊടുക്കാന്‍ ഇതു കഴിയ്ക്കുന്നതിലൂടെ സാധിയ്ക്കും. മുട്ട ശരീരത്തിന് ആരോഗ്യം നല്‍കും. കുരുമുളക് പ്രതിരോധശേഷിയും. കുരുമുളകിലെ കുര്‍കുമിനും മുട്ടയിലെ പ്രോട്ടീനുകളുമെല്ലാം ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും. അതുകൊണ്ടുതന്നെ, ഇതു രണ്ടും ചേര്‍ന്ന കോമ്പിനേഷന്‍ അസുഖങ്ങളില്‍ നിന്നും ശരീരത്തിന് മോചനം നല്‍കും. ബിപി കുറയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. മുട്ടയുടെ വെള്ളയില്‍ ആര്‍വിപിഎസ്എല്‍ എന്നൊരു പെപ്‌റ്റൈഡുണ്ട്. ഇത് ബിപി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.