Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഇതുവരെ ഒറ്റ നോട്ടത്തിൽ


 


28/10/23- ശനി-തുലാം- 11

ദീപാവലിയോടനുബന്ധിച്ച് കേരളത്തിലേക്ക് ഒരു വന്ദേഭാരത് ട്രെയിന്‍കൂടി. ചെന്നൈ -ബെംഗളൂരു- എറണാകുളം റൂട്ടില്‍ സ്പെഷല്‍ ട്രെയിന്‍ എന്ന നിലയില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണു സര്‍വീസ് നടത്തുക. കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ മൂന്നു സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിന്‍ സ്ഥിരപ്പെടുത്തുന്ന കാര്യവും റെയില്‍വേ ആലോചിക്കുന്നുണ്ട്.


◾വിവാഹേതര ലൈംഗിക ബന്ധവും സ്വവര്‍ഗ ലൈംഗികതയും വീണ്ടും ക്രിമിനല്‍ കുറ്റമാക്കിയേക്കും. പാര്‍ലമെന്ററി സമിതി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അടുത്തയാഴ്ച സമര്‍പ്പിക്കും. 2018 ല്‍ സുപ്രീം കോടതി റദ്ദാക്കിയ വകുപ്പുകള്‍ പുനസ്ഥാപിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. സ്ത്രീക്കും പുരുഷനും ഒരേ ശിക്ഷ ശുപാര്‍ശ ചെയ്യുന്ന നിയമമാണ് പാര്‍ലമെന്ററി സമിതിയുടെ പരിഗണനയിലുള്ളത്.


◾സംസ്ഥാനത്തിനു കൂടുതല്‍ സാമ്പത്തിക സഹായവും വായ്പയെടുക്കാനുള്ള അനുമതിയും വേണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാലന്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനോട് ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ പ്രഫ. കെ.വി. തോമസുമൊന്നിച്ചു കൂടിക്കാഴ്ച നടത്തിയാണ് ഈ ആവശ്യം ഉന്നയിച്ചത്.


◾തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകൃത ദേശീയ പാര്‍ട്ടി അല്ലാത്തതിനാല്‍ കേരളത്തിലെ ജെഡിഎസിന് അയോഗ്യതാ പ്രശ്നം ഉണ്ടാകില്ലെന്നു നേതാക്കള്‍. സംസ്ഥാന ഘടകം പ്രത്യേക വിഭാഗമായി തുടരും. വേറെ പാര്‍ട്ടി രൂപീകരിക്കില്ല. മറ്റു സംസ്ഥാനങ്ങളിലെ നേതാക്കളുമായി ചര്‍ച്ച തുടരുന്നുണ്ട്. ചിഹ്നത്തെച്ചൊല്ലി അയോഗ്യതാ നപടികളുണ്ടായാല്‍ നിയമപരമായി നേരിടുമെന്ന് ജെഡിഎസ് നേതാക്കളായ മാത്യു ടി തോമസ്, മന്ത്രി കെ കൃഷ്ണന്‍കുട്ടി, സികെ നാണു എന്നിവര്‍ പറഞ്ഞു.


◾കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ കേസില്‍ പ്രതികളായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായ പി.ആര്‍ അരവിന്ദാക്ഷനും ബാങ്കിലെ മുന്‍ സീനിയര്‍ അക്കൗണ്ടന്റായ സി കെ ജില്‍സിനും കോടികളുടെ ഇടപാടുകള്‍ നടത്തിയതിനു തെളിവുണ്ടെന്ന് കോടതി. ഇരുവരുടെയും ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഉത്തരവിലാണ് വിചാരണകോടതിയുടെ പരാമര്‍ശം.


◾തിരുവനന്തപുരത്തു തിങ്കളാഴ്ച സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയുടെ ഉദ്ഘാടനകനായിരുന്ന ശശി തരൂരിനെ പരിപാടിയില്‍നിന്ന് സംഘാടകര്‍ ഒഴിവാക്കി. കോഴിക്കോട് മുസ്ലീം ലീഗ് നടത്തിയ പരിപാടിയിലെ പ്രസംഗം വിവാദമായിരിക്കേയാണ് ശശി തരൂരിനെ ഒഴിവാക്കിയത്. തിരുവനന്തപുരം കോര്‍പറേഷനിലെ 32 മുസ്ലിം മഹല്ല് ജമാഅത്തുകളുടെ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

◾സപ്ലൈകോയില്‍ സാധനങ്ങളില്ലാതെ നൊ സപ്ലൈ ആയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. തൊഴിലുറപ്പ് പദ്ധതി സ്തംഭിച്ചത് സംസ്ഥാന വിഹിതം നല്‍കാത്തതുകൊണ്ടാണ്. സര്‍ക്കാരിന് ശമ്പളവും പെന്‍ഷനും കൊടുക്കാനാവുന്നില്ലെന്നും സുരേന്ദ്രന്‍.


◾ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്റെ മികച്ച ചാനലൈസിംഗ് ഏജന്‍സിക്കുള്ള ഒന്നാം സ്ഥാനം സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ നേടി.


◾സിപിഎം ഭരിച്ചിരുന്ന കോട്ടയം കടനാട് സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതി രാജിവച്ചു. നിക്ഷേപകര്‍ക്ക് 55 കോടിയോളം രൂപ നല്‍കാനാവാതെ പ്രതിസന്ധിയിലാണു ബാങ്ക്.


◾തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് കാലത്ത് കെഡാവര്‍ ബാഗ് വാങ്ങിയതില്‍ എംപ്ലോയീസ് സൊസൈറ്റി 320 രൂപ അധികം വാങ്ങിയെന്നു റിപ്പോര്‍ട്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചു.


◾ബസ് ചാര്‍ജായി നല്‍കിയ തുക കുറഞ്ഞുപോയെന്നു പറഞ്ഞ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ബസ് ജീവനക്കാര്‍ പാതിവഴിയില്‍ ഇറക്കിവിട്ടു. തൃശൂര്‍ പഴമ്പാലക്കോട് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി.


◾റോഡരികില്‍ യുവതി തീ കൊളുത്തി മരിച്ച നിലയില്‍. കുണ്ടറ പടപ്പക്കര ഫാത്തിമ ജംഗ്ഷന്‍ കുരിശടിക്കു സമീപം മേരിസണിന്റെ മകള്‍ സാന്റാ എന്ന 23 കാരിയായ സൂര്യയാണു മരിച്ചത്. സമീപത്ത് ഒഴിഞ്ഞ ടിന്നറിന്റെ കുപ്പിയും തീപ്പെട്ടിയും ബാഗും കിടന്നിരുന്നു.


◾ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 33 വര്‍ഷം കഠിന തടവും ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും ശിക്ഷ. ഇടുക്കി അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.


◾ഇരിങ്ങാലക്കുട കോടതി പരിസരത്ത് ഭാര്യയെ കുത്തിയയാള്‍ അറസ്റ്റില്‍. വന്‍പറമ്പില്‍ സജിമോന്‍ (55) ആണ് പിടിയിലായത്. ഭാര്യ രശ്മിയുമായി വിവാഹ മോചന കേസ് നടക്കുന്നതിനിടെയാണ് ആക്രമണം.


◾പെരുമ്പാവൂര്‍ ബീവറേജസ് മദ്യശാലയില്‍ കത്തിക്കുത്ത്. ലോറിയില്‍നിന്ന് മദ്യം ഇറക്കികൊണ്ടിരുന്ന യൂണിയന്‍ തൊഴിലാളികള്‍ക്കാണു കുത്തേറ്റത്. സംഭവത്തില്‍ അല്ലപ്ര സ്വദേശി ഷിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


◾രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏഴ് വമ്പന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്. 1.05 കോടി കുടുംബങ്ങള്‍ക്ക് 500 രൂപ നിരക്കില്‍ പാചക വാതക സിലിണ്ടറുകളും ഒരു കുടുംബത്തിലെ സ്ത്രീക്ക് ഗഡുക്കളായി 10,000 രൂപ വാര്‍ഷിക ഓണറേറിയവും പ്രഖ്യാപിച്ചതിനു പിറകേയാണ് അഞ്ചു വാഗ്ദാനംകൂടി മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രഖ്യാപിച്ചത്. ഒന്നാം വര്‍ഷ സര്‍ക്കാര്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പ് ടാബ്ലെറ്റ്, പഴയ പെന്‍ഷന്‍ പദ്ധതി (ഒപിഎസ്) , വിള നഷ്ടത്തിന് 15 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങിയവയാണു പുതിയ വാഗ്ദാനങ്ങള്‍.


◾തെലങ്കാനയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ പിന്നാക്ക സമുദായാംഗത്തെ മുഖ്യമന്ത്രിയാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെലങ്കാനയിലെ സൂര്യപേട്ടില്‍ പ്രസംഗിക്കവേയാണ് പ്രഖ്യാപനം. തെലങ്കാനയില്‍ കഴിഞ്ഞ തവണ ബിജെപിക്ക് ഒരു സീറ്റാണു ലഭിച്ചത്.


◾ചോദ്യത്തിനു കോഴ ആരോപണത്തില്‍ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിക്കു മുമ്പാകെ ചൊവ്വാഴ്ച ഹാജരാകില്ലെന്നു മഹുവ മൊയ്ത്ര എംപി. ആരോപണം ഉന്നയിച്ചവരുടെ മൊഴി ആദ്യമെടുത്ത എത്തിക്സ് കമ്മിറ്റിയുടെ നടപടി ദുരൂഹമാണെന്ന് പ്രിയങ്ക ചതുര്‍വേദി എംപി വിമര്‍ശിച്ചു.


◾പശ്ചിമബംഗാളില്‍ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്തു. കോടികളുടെ റേഷന്‍ വിതരണ കുംഭകോണം ആരോപിച്ചാണ് അറസ്റ്റ്. 18 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനുശേഷം അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മന്ത്രി ജ്യോതിപ്രിയ മല്ലിക് കുഴഞ്ഞ് വീണു. ജോക്കയിലെ ഇഎസ്ഐ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി.


◾രാജസ്ഥാനിലും എന്‍ഫോഴ്സ്മെന്റ് കുരുക്ക്. ചോദ്യം ചെയ്യിലിന് ഹാജരാകാന്‍ സമയം നീട്ടി ചോദിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകനോട് തിങ്കളാഴ്ച ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടു.


◾മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴുതപ്പുറത്തേറി സ്ഥാനാര്‍ഥി. ബുര്‍ഹാന്‍പൂര്‍ നിയമസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ പ്രിയങ്ക് സിംഗ് താക്കൂറാണ് കഴുതപ്പുറത്ത് തഹസില്‍ദാര്‍ ഓഫീസിലെത്തിയത്. രാഷ്ട്രീയക്കാര്‍ ജനങ്ങളെ കഴുതകളാക്കുകയാണെന്നു പരിഹസിക്കാനാണ് ഇതു ചെയ്തത്.


◾അമേരിക്കയിലേക്കുള്ള എച്ച് -1 ബി വിസയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അമേരിക്കയിലെ തൊഴിലവസരങ്ങളെ ബാധിക്കുമെന്ന് ഇന്ത്യന്‍ ഐടി കമ്പനികളുടെ സംഘടനയായ നാസ്‌കോം. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നിര്‍ദേശങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ 60 ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ട്.


◾ഗാസയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം. ഉഗ്രസ്ഫോടനങ്ങളിലൂടെ ഗാസയിലെ വാര്‍ത്താവിതരണ സംവിധാനങ്ങള്‍ തകര്‍ത്തു. ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.


◾അബുദാബി വിമാനത്താവളത്തിലെ പുതിയ എ ടെര്‍മിനല്‍ സജ്ജമായി. നവംബര്‍ ഒന്നു മുതല്‍ 14 വരെ ടെര്‍മിനല്‍ 1, 2, 3 എന്നിവയ്‌ക്കൊപ്പം ടെര്‍മിനല്‍ എ ഒരേ സമയം പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.


◾വിലക്ക് കഴിഞ്ഞ് തിരിച്ചെത്തിയ ആശാന് വിജയമൊരുക്കി വരവേറ്റ് കേരള ബ്ലാസ്റ്റേഴ്സ്. 10 മത്സരങ്ങളുടെ വിലക്കിന് ശേഷം പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് തിരിച്ചെത്തിയ ഐഎസ്എല്‍ മത്സരത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഒഡിഷയെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് തകര്‍ത്തു വിട്ടത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടുഗോളടിച്ച് ജയം സ്വന്തമാക്കിയത്.


◾ഏകദിന ക്രിക്കറ്റ് ലോക കപ്പിലെ ആവേശകരമായ മത്സരത്തില്‍ പാകിസ്ഥാനെ ഒരു വിക്കറ്റിന് തോല്‍പിച്ച് വിജയക്കുതിപ്പ് തുടര്‍ന്ന് ദക്ഷിണാഫ്രിക്ക. ജയപരാജയങ്ങള്‍ മാറി മറിഞ്ഞ മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 270 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിങ്ങിയ ദക്ഷിണാഫ്രിക്ക 47.2 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യത്തിലെത്തിയത്. 91 റണ്‍സെടുത്ത എയഡന്‍ മാര്‍ക്രത്തിന്റെ ഇന്നിംഗ്സ് ദക്ഷിണാഫ്രിക്കയുടെ വിജയത്തിന് കരുത്തേകി. ഈ വിജയത്തോടെ ദക്ഷിണാഫ്രിക്ക ആറ് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റോടെ പട്ടികയില്‍ ഒന്നാമതെത്തി. അഞ്ച് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുള്ള ഇന്ത്യ പട്ടികയില്‍ രണ്ടാമതാണ്.


◾കാനറ ബാങ്കിന് അറ്റാദായത്തില്‍ 43 ശതമാനം വാര്‍ഷിക വര്‍ധന. നടപ്പു സാമ്പത്തിക വര്‍ഷകത്തിലെ രണ്ടാം പാദത്തില്‍ ബാങ്ക് 3,606 കോടി രൂപ അറ്റാദായമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 2,525 കോടി രൂപയായിരുന്നു അറ്റാദായം.പ്രവര്‍ത്തന ലാഭം കൂടിപ്രവര്‍ത്തന ലാഭത്തിലും ബാങ്ക് മുന്‍ വര്‍ഷം ഈ കാലയളവില്‍ പ്രവര്‍ത്തന ലാഭം 10.30 ശതമാനം വര്‍ധിച്ച് 7616 കോടി രൂപയിലെത്തി. ബാങ്കിന്റെ മൊത്തം ബിസിനസ് 10.12 ശതമാനം വര്‍ധിച്ച് 21.56 ലക്ഷം കോടിയിലുമെത്തി. നിലവില്‍ ബാങ്കിന്റെ മൊത്തം വായ്പകള്‍ 9.24 കോടി രൂപയിലാണ് നില്‍ക്കുന്നത്. ബാങ്കിന്റെ മൊത്തം നിക്ഷേപം 8.66 ശതമാനം വളര്‍ച്ചയോടെ 12.32 ലക്ഷം കോടി രൂപയായി. റീറ്റെയ്ല്‍, കാര്‍ഷിക, ഭവന വായ്പ മേഖലകളിലും മുന്നേറ്റമുണ്ടായി. ഭവന വായ്പ 12.32 ശതമാനം വര്‍ധനയോടെ 88,564 കോടി രൂപയായി.അറ്റ പലിശ വരുമാനം 19.76 ശതമാനം വര്‍ധിച്ച് 8,903 കോടി രൂപയിലെത്തി. അറ്റപലിശ മാര്‍ജിന്‍ 3.02 ശതമാനമായും ഉയര്‍ന്നു. മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 4.76 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം 1.41 ശതമാനമായും ആസ്തി ഗുണമേന്മ മെച്ചപ്പെടുത്താന്‍ ബാങ്കിനു കഴിഞ്ഞു.


◾വിക്രത്തിന്റെ വമ്പന്‍ മെയ്‌ക്കോവര്‍ കൊണ്ട് തന്നെ ചര്‍ച്ചയായ ചിത്രമാണ് 'തങ്കലാന്‍'. ചിത്രത്തിന്റെ റിലീസ് തീയതിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അടുത്ത വര്‍ഷം ജനുവരി 26ന് ചിത്രം തിയേറ്ററുകളിലെത്തും. ചോരക്കളത്തില്‍ നില്‍ക്കുന്ന വിക്രത്തിന്റെ പുതിയ ലുക്കിലുള്ള പോസ്റ്റര്‍ പുറത്തുവിട്ടാണ് റിലീസ് അപ്‌ഡേറ്റ് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ നവംബര്‍ 1ന് എത്തുമെന്ന വിവരവും പോസ്റ്ററിലുണ്ട്. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന തങ്കലാന്‍ കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പീരിയോഡിക് ആക്ഷന്‍ ചിത്രമായാണ് എത്തുന്നത്. പാ രഞ്ജിത്തും തമിഴ് പ്രഭയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പാര്‍വതി തിരുവോത്തും മാളവികാ മോഹനനുമാണ് നായികമാര്‍. പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ജി.വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം. കെ.യു ഉമാദേവി, അരിവ്, മൗനന്‍ യാത്രിഗന്‍ എന്നിവരുടേതാണ് വരികള്‍. നീലം പ്രൊഡക്ഷന്‍സും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


◾ദിലീപ് നായകനാവുന്ന പുതിയ ചിത്രത്തില്‍ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും സുപ്രധാന വേഷങ്ങളില്‍. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന 'ഭ.ഭ.ബ' എന്ന ചിത്രത്തിലാണ് ഇവര്‍ ഒന്നിക്കുന്നത്. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീപിന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ആദ്യ പോസ്റ്ററും അണിയറക്കാര്‍ പങ്കുവച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന ചിത്രമായ 'മലര്‍വാടി ആര്‍ട്സ് ക്ലബ്' ദിലീപാണ് നിര്‍മ്മിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ തിരക്കഥ താരദമ്പതികളായ നൂറിന്‍ ഷെറീഫും ഫാഹിം സഫറും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. മലയാളത്തിലെയും തമിഴിലെയുമായുള്ള പ്രമുഖരായ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.


◾ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ടയുടെ ജനപ്രിയ മോഡലാണ് ആക്ടിവ. കാത്തിരിപ്പിന് വിരാമമിട്ട് കമ്പനി ആദ്യമായി തങ്ങളുടെ ജനപ്രിയ ആക്ടീവ സ്‌കൂട്ടറിന്റെ ഇലക്ട്രിക് മോഡല്‍ അവതരിപ്പിച്ചു. ജപ്പാന്‍ മൊബിലിറ്റി ഷോയിലാണ് കമ്പനി ഇത് പ്രദര്‍ശിപ്പിച്ചത്. ഹോണ്ട എസ്സി ഇ എന്ന് പേര് നല്‍കിയിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ രൂപകല്‍പ്പന നഗരത്തിലെ ദൈനംദിന യാത്രയ്ക്കനുസൃതമായാണ്. ഇതിന് നീളവും ഒറ്റ സീറ്റും ഉണ്ട്. എന്നാല്‍ രണ്ട് ഭാഗങ്ങള്‍ സീറ്റില്‍ ദൃശ്യമാണ്. റൈഡറുടെ ഇരിപ്പിടം അല്‍പ്പം താഴ്ത്തി, പിന്നിലെ യാത്രക്കാരന്റെ സീറ്റ് ഉയര്‍ത്തി. ഈ സീറ്റ് ഇരുവര്‍ക്കും സൗകര്യപ്രദമായിരിക്കുമെന്ന് ഇതിന്റെ രൂപകല്‍പ്പനയില്‍ നിന്ന് വ്യക്തമാണ്. മുന്‍വശത്ത് ഫ്ലാറ്റ് ഫുട്‌റെസ്റ്റ് ലഭ്യമാണ്, പക്ഷേ അതിന്റെ വീതി വളരെ കുറവാണ്. സിലിണ്ടറുകളോ മറ്റുള്ളവയോ പോലുള്ള വലിയ സാധനങ്ങള്‍ ഇവിടെ സൂക്ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ചക്രത്തില്‍ സ്റ്റീല്‍ റിം ഉപയോഗിച്ചിരിക്കുന്നു. ഏകദേശം 12 ഇഞ്ച് ട്യൂബ്ലെസ് ടയറാണ് ഇതിനുള്ളത്. രണ്ട് ഭാഗങ്ങളിലും ഏതാണ്ട് സമാനമായ സജ്ജീകരണം ലഭ്യമാണ്. ഡിസ്‌ക് ബ്രേക്കോ എബിഎസോ ഇതില്‍ സജ്ജീകരിച്ചിട്ടില്ല. അതിന്റെ ബാറ്ററി സജ്ജീകരണം സീറ്റിനടിയില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയാണെങ്കില്‍ ഈ സ്‌കൂട്ടറിന് ബൂട്ട് സ്പേസ് അല്‍പ്പം കുറഞ്ഞേക്കാം. ഇതിന്റെ ദൂരപരിധി 100 കിലോമീറ്ററില്‍ കൂടുതലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


◾ഗാനരചയിതാവ്, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ മലയാള സിനിമാലോകത്ത് പല നിലകളില്‍ സാന്നിദ്ധ്യമറിയിച്ച എഴുത്തുകാരന്റെ സ്വന്തം സിനിമയിലെ നായികമാരെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍. ഒപ്പം മലയാള സിനിമയുടെ ഒരു കാലവും കടന്നുവരുന്നു. ശാരദ, ഷീല, ശ്രീവിദ്യ, ജയഭാരതി, കെ.ആര്‍. വിജയ, വിധുബാല, ലക്ഷ്മി, നന്ദിതാ ബോസ്, സറീനാ വഹാബ്, ശോഭന, ഉര്‍വ്വശി, മേനക എന്നിവരെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍. 'എന്റെ കഥാനായികമാര്‍'. മാതൃഭൂമി. വില 263 രൂപ.

◾കൂടുതല്‍ പേരിലും കണ്ടുവരുന്ന ഒരു ശീലമാണ് തുടര്‍ച്ചയായുള്ള കാപ്പികുടി. കാലങ്ങളായി പലരും തുടര്‍ന്ന് വരുന്ന ശീലമാണ് ഉണര്‍ന്നാലുടന്‍ ഒരു കാപ്പി കുടിക്കുക എന്നത്. പിന്നീട് പ്രഭാതഭക്ഷണത്തിന്റെ കൂടെയും വെറുതെ ഇരിക്കുമ്പോഴും ഒക്കെ കാപ്പി കുടിക്കുക എന്നത്. എന്നാല്‍, കാപ്പിയുമായുള്ള അമിത പ്രേമം ഒഴിവാക്കുന്നതാണ് ശരീരത്തിനും ആരോഗ്യത്തിനും നല്ലത്. തുടര്‍ച്ചയായി കാപ്പി കുടിക്കുന്നത്, വെറും വയറ്റിലെ കാപ്പികുടി അസിഡിറ്റി കൂടാന്‍ കാരണമാകുന്നു. മാത്രമല്ല, ഹൃദയമിടിപ്പ് കൂടുക, ദഹനക്കുറവുണ്ടാകുക തുടങ്ങിയ അസ്വസ്ഥതകള്‍ക്കും വഴിവയ്ക്കുന്നു. ഡികോഫിനേറ്റഡ് കാപ്പിയാണെങ്കിലും അസിഡിറ്റി വര്‍ദ്ധിപ്പിക്കുകയെ ഉള്ളൂ. ഇത് അള്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു. ശരീരത്തിലെ ജലാംശം കുറയാന്‍ കാപ്പികുടി കാരണമാകുന്നു. വീണ്ടും വീണ്ടും കാപ്പി കുടിക്കണമെന്ന് തോന്നുന്നതിന്റെ പ്രധാന കാരണം കാപ്പിയിലെ കഫീനാണ്. കഫീന്റെ അളവ് വര്‍ദ്ധിച്ചാല്‍ അതു ബാധിക്കുന്നത് കേന്ദ്ര നാഡീവ്യൂഹത്തെയാണ്. ഹൃദയമിടിപ്പ് കൂടും, എപ്പോഴും ഛര്‍ദ്ദിക്കാന്‍ തോന്നും. വിറയല്‍, അസ്വസ്ഥത ഇതിന്റെയൊക്കെ കാരണവും ഈ കാപ്പിയിലെ കഫീന്‍ തന്നെ. ജോലിക്കിടയിലും പഠനത്തിലും ഉറക്കത്തെ അകറ്റി നിര്‍ത്താന്‍ നാം കാപ്പി കുടിക്കാറുണ്ട്. എന്നാല്‍, ഈ കാപ്പി കുടി പിന്നീട് ഉറക്കം തന്നെ ഇല്ലാതാക്കും. ഈ ഉറക്ക കുറവ് ശരീരത്തിന്റെ തന്നെ താളം തെറ്റിക്കും. രക്തസമ്മര്‍ദ്ദം കൂടാനും കാപ്പി ഒരു കാരണമാകും.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.