ബംഗളൂരുവില്‍ പത്ത് ലക്ഷം രൂപ മുടക്കി നിര്‍മിച്ച ബസ് കാത്തിരിപ്പുകേന്ദ്രം മോഷണം പോയി. സ്ഥാപിച്ച് വെറും ഒരാഴ്ച കഴിഞ്ഞപ്പോഴായിരുന്നു മോഷണം.
ബെംഗളൂരുവിലെ കണ്ണിങ്ഹാം റോഡില്‍ സ്ഥാപിച്ച ബസ് കാത്തിരിപ്പു കേന്ദ്രമാണ് കാണാതായത്. ബെംഗളൂരു മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (ബിഎംടിസി) ഉടമസ്ഥതയിലുള്ളതായിരുന്നു ഈ ബസ് കാത്തിരിപ്പു കേന്ദ്രം.
ബെംഗളൂരുവില്‍ ബിഎംടിസി ബസ് ഷെല്‍ട്ടറുകളുടെ നിര്‍മാണ ചുമതലയുള്ള കമ്ബനിയുടെ അസോസിയേറ്റ് വൈസ് പ്രസിഡന്റ് എന്‍ രവി റെഡ്ഡി കഴിഞ്ഞ സെപ്റ്റംബര്‍ 30ന് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പൊലീസ് മോഷണത്തിന് കേസെടുത്തത്. സംഭവം നടന്ന് ഒരു മാസം പിന്നിട്ട ശേഷമാണ് പരാതി നല്‍കിയത്.
കഴിഞ്ഞ മാര്‍ച്ചില്‍ ബംഗളൂരുവിലെ എച്ച്‌ആര്‍ബിആര്‍ ലേഔട്ടില്‍ മൂന്ന് പതിറ്റാണ്ട് മുമ്ബ് പണികഴിപ്പിച്ച ബസ് സ്‌റ്റോപ്പും മോഷ്ടിക്കപ്പെട്ടിരുന്നു. ഒറ്റ രാത്രികൊണ്ട് ബസ് സ്റ്റോപ് കാണാതാകുകയായിരുന്നു. 1990-ല്‍ ലയണ്‍സ് ക്ലബ് കല്യാണ്‍ നഗറിന് പണിത്നല്‍കിയതായിരുന്നു ഈ ബസ് സ്റ്റോപ്പ്. ഒരു വ്യാപാര സ്ഥാപനത്തിന് വഴിയൊരുക്കുന്നതിനായാണ് ഇത് എടുത്തമാറ്റിയതാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ബസ് സ്റ്റോപ്പ് മോഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ബ്രഹത് ബെംഗളൂരു മഹാനഗര പാലിക് ആയിരിക്കും ചെയ്തിരിക്കുകയെന്ന് ബെംഗളൂരു മോട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബിഎംടിസി) ഉദ്യോഗസ്ഥര്‍ ആരോപിച്ചു.
ഇതിന് മുമ്ബും ബെംഗളൂരുവില്‍ ബസ് കാത്തിരിപ്പുകേന്ദ്രം മോഷ്ടിക്കപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. 2015-ല്‍ ദൂപാനഹള്ളിയിലെ ബസ് സ്റ്റോപ്പ് രാത്രിയില്‍ അപ്രത്യക്ഷമായിരുന്നു. അതിന് മുമ്ബ് 2014-ല്‍ രാജരാജേശ്വരിനഗറിലെ ബിഇഎംഎല്‍ ലേഔട്ടിലെ 20 വര്‍ഷം പഴക്കമുള്ള ബസ് സ്റ്റോപ്പും മോഷണം പോയിരുന്നു.