Click to learn more 👇

യുവതിയും സുഹൃത്തും പിന്നാലെ മൂന്നാമനും പൊലീസ് പിടിയിൽ




കൊച്ചിയില്‍ ദിവസങ്ങള്‍ക്ക് മുമ്ബ് നടന്ന വൻ മയക്കുമരുന്ന് വേട്ടയില്‍ ഒരു യുവതി ഉള്‍പ്പെടെ മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയത്.

തൃപ്പൂണിത്തുറയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ പരിശോധനയിലാണ് യുവതിയും സുഹൃത്തും ആദ്യം അറസ്റ്റിലായത്. 22.50 ഗ്രാം എംഡിഎംഎയും 56.58 ഗ്രാം കഞ്ചാവും ഇവിടെ നിന്ന് പൊലീസ് സംഘം കണ്ടെടുത്തു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വൈറ്റില മെട്രോ സ്റ്റേഷനില്‍ പരിശോധന നടത്തിയപ്പോഴാണ് സംഘത്തിലെ മറ്റൊരാള്‍ കൂടി പിടിയിലായത്.

കൊല്ലം കിളികൊല്ലൂര്‍ പ്രഗതി നഗര്‍ സ്വദേശിയായ ബിലാല്‍ മുഹമ്മദ് (34), കണ്ണൂര്‍ മേവാഞ്ചേരി സ്വദേശി ആരതി ഗിരീഷ് (29) എന്നിവരാണ് തൃപ്പൂണിത്തുറ ഞാണംതുരുത്ത് ഭാഗത്തെ കോതെടുത്ത് ലൈനിലുള്ള ജേക്കബ് അപ്പാര്‍ട്ട്മെന്റില്‍ നിന്ന് പിടിയിലായത്. രാത്രി 7.45ഓടെ ഇവിടെയെത്തിയ കൊച്ചി സിറ്റി ഡാൻസാഫ് ടീമും ഹില്‍പാലസ് പോലീസും പരിശോധന നടത്തിയപ്പോള്‍ 22.50 ഗ്രാം എംഡിഎംഎയും 56.58 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാത്രി പത്തരയോടെ കൊച്ചി സിറ്റി ഡാൻസാഫ് ടീമും കൊച്ചി മെട്രോ പോലീസും ചേര്‍ന്ന് വൈറ്റില മെട്രോ സ്റ്റേഷനില്‍ പരിശോധനയ്ക്ക് എത്തിയത്. ഇവിടെ വെച്ച്‌ മാവേലിക്കര സ്വദേശിയായ സിബിന്‍ ബേബി (31) എന്നയാളും പി‍ടിയിലായി. 18.64 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. 

ബാംഗ്ലൂരില്‍ നിന്നും മയക്കുമരുന്ന് കേരളത്തില്‍ എത്തിച്ച്‌ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ബിലാലെന്ന് പൊലീസ് പറഞ്ഞു. കൊല്ലം എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ച്‌ ആരതിയുടെയും സിബിൻ ബേബിയുടെയും സഹായത്തോടെ വില്‍പ്പന നടത്തിവരുകയായിരുന്നു. ഇവരുടെ സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരുകയാണെന്നും പൊലീസ് പറഞ്ഞു. കൊച്ചി നഗരത്തില്‍ മയക്കുമരുന്ന് വില്പനയും ഉപയോഗവും വര്‍ദ്ധിച്ച്‌ വരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ എ. അക്ബറിന്റെ നിര്‍ദ്ദേശപ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്. ശശിധരന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന അന്വേഷണങ്ങളുടെ ഭാഗമായിട്ടായിരുന്നു പ്രത്യേക പരിശോധനകള്‍.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.