3/11/23- വെള്ളി-തുലാം-17
◾വൈദ്യുതി നിരക്ക് യൂണിറ്റിന് 20 പൈസ വര്‍ധിപ്പിച്ചു. പ്രതിമാസം 40 യൂണിറ്റില്‍ താഴെയുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 20 ശതമാനം നിരക്ക് വര്‍ധനയുണ്ടാകും. വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചതോടെ നിരക്ക് വര്‍ധന ഇന്നലെ പ്രാബല്യത്തില്‍ വന്നു. 25 മുതല്‍ 40 വരെ ശതമാനം നിരക്ക് കൂട്ടണമെന്നായിരുന്നു കെഎസ്ഇബി ആവശ്യപ്പെട്ടത്.
◾സര്‍ക്കാര്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനത്തിനു വീണ്ടും ഇന്റര്‍വ്യൂ നടത്താനുള്ള സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ആദ്യഘട്ടത്തില്‍ നിയമിക്കപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ. പുതിയ ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്തണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ നിയമന നീക്കങ്ങള്‍ ഇതോടെ തടസപ്പെട്ടു.
◾ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിക്കു മുന്നില്‍ ഹാജരായ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര നടപടികള്‍ പൂര്‍ത്തിയാക്കാതെ ഹിയറിംഗ് ബഹിഷ്‌കരിച്ചു. ഒരു വനിതയോടു ചോദിക്കാന്‍ പാടില്ലാത്ത ചോദ്യങ്ങള്‍ ഉന്നയിച്ച് അപമാനിച്ചെന്ന് ആരോപിച്ച് കമ്മിറ്റി ചെയര്‍മാനെതിരേ സ്പീക്കര്‍ക്കു പരാതി നല്‍കി. ഭരണപക്ഷ എംപി മാധ്യമങ്ങള്‍ക്കു വിവരങ്ങള്‍ ചോര്‍ത്തിയെന്നും മഹുവ ആരോപിച്ചു. തനിക്കെതിരായ ആരോപണങ്ങളെല്ലാം മഹുവ നിഷേധിച്ചു.
◾തൃശൂര്‍ കേരളവര്‍മ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ റീ കൗണ്ടിംഗിലൂടെ ജനാധിപത്യത്തെ അട്ടിമറിച്ചെന്ന് ആരോപിച്ച് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നിരാഹാര സമരം തുടങ്ങി. തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിനു സമീപമാണ് നിരാഹാര സമരം ആരംഭിച്ചത്. കൗണ്ടിംഗിന്റെ ടാബുലേഷന്‍ ഷീറ്റ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റുപോലെയും വിദ്യയുടെ പരിചയ സര്‍ട്ടിഫിക്കറ്റു പോലെയുമാണെന്ന് സമരം ഉദ്ഘാടനം ചെയ്ത ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചു.
◾തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ കെഎസ് യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്റെ വിജയം ഇരുട്ടിന്റെ മറവിലൂടെ അട്ടിമറിച്ച എസ്എഫ് ഐയുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. രണ്ടു തവണ വൈദ്യുതി വിച്ഛേദിച്ച് ഇരുട്ടിന്റെ മറവിലാണ് അവര്‍ വിപ്ലവം നടത്തിയതെന്നും അദ്ദേഹം പരിഹസിച്ചു.
◾കേരളവര്‍മ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ തര്‍ക്കമുണ്ടായ റീ കൗണ്ടിംഗ് എത്രയുംവേഗം പൂര്‍ത്തിയാക്കണമെന്നു താന്‍ ആവശ്യപ്പെട്ടതില്‍ തെറ്റില്ലെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം.കെ സുദര്‍ശന്‍. നിര്‍ത്തിവച്ച റീകൌണ്ടിംഗ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണു തുടര്‍ന്നതെന്നു പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് വെളിപെടുത്തിയിരുന്നു.
◾കേരളവര്‍മ്മ കോളേജില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിലെ തോല്‍വി കെഎസ്യു അംഗീകരിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ. കേരളവര്‍മ്മയിലെ യൂനിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ തുടക്കംമുതല്‍ കെഎസ്യു ശ്രമിച്ചിരുന്നുവെന്നും ആര്‍ഷോ ആരോപിച്ചു.
◾കോഴിക്കോട് കുന്ദമംഗലം ഗവണ്മെന്റ് കോളേജില്‍ വോട്ടെണ്ണലിനിടെ ഉണ്ടായ സംഘര്‍ഷത്തെതുടര്‍ന്ന് വീണ്ടും തെരഞ്ഞെടുപ്പ് നടത്തും. കോളജ് അധികൃതര്‍ കാലിക്കറ്റ് സര്‍വകലാശാലയോട് ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചു. സംഘര്‍ഷംമൂലം കോളേജിന് രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു. എസ് എഫ് ഐ, കെ എസ് യു സംഘടനകളില്‍ ഉള്‍പ്പെട്ട പത്തു വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. കുന്ദമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്.
◾ജനങ്ങളുടെ നിക്ഷേപത്തുക മടക്കി നല്‍കാനാകാതെ ഹൈക്കോടതിയില്‍ കേസുകള്‍ അഭിമുഖീകരിക്കുന്ന കെടിഡിഎഫ്സിയുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ബി അശോകിനെ മാറ്റി. കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിന് ചുമതല നല്‍കി. വായ്പാ തിരിച്ചടവിനെ ചൊല്ലി കെടിഡിഎഫ്സിയും കെഎസ്ആര്‍ടിസിയും തമ്മിലുള്ള തര്‍ക്കവും രൂക്ഷമായിരിക്കേയാണ് നടപടി.
◾വായിക്കുന്നവരും ചിന്തിക്കുന്നവരും സ്വതന്ത്രമായി സംസാരിക്കുന്നവരുമെല്ലാം ജനാധിപത്യത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് അത്യാവശ്യമാണെന്നും ഏകാധിപതികള്‍ക്കും ഫാസിസ്റ്റുകള്‍ക്കും അവരെ ഭയമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾വൈദ്യുതി ചാര്‍ജ് വര്‍ധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോടികള്‍ ചെലവഴിച്ച് കേരളീയം ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ ധൂര്‍ത്തിന് സാധാരണക്കാരെ ചൂഷണം ചെയ്യുന്നു. ദാരിദ്ര്യം മറയ്ക്കാന്‍ പുരപ്പുറത്ത് ഉണക്കാനിട്ട പട്ട് കോണകമാണ് കേരളീയമെന്നും സതീശന്‍ കുറ്റപ്പെടുത്തി.
◾ദേശീയ ആരോഗ്യ മിഷന് കേന്ദ്ര വിഹിതമെന്ന നിലയില്‍ 50 കോടി രുപ സംസ്ഥാനം മുന്‍കൂര്‍ നല്‍കിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മിഷന് കേന്ദ്ര വിഹിതമായി നിശ്ചയിച്ച 371 കോടി രൂപയിലെ ഒരു ഗഡുപോലും ഏഴു മാസമായിട്ടും കേന്ദ്രം അനുവദിച്ചില്ല. പദ്ധതി പ്രവര്‍ത്തനം മുടങ്ങാതിരിക്കാനാണ് സംസ്ഥാനം പണം നല്‍കിയത്.
◾വയനാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി. അനില്‍കുമാറിന് സസ്പെന്‍ഷന്‍. കൃത്യവിലോപം ആരോപിച്ചാണു സസ്‌പെന്‍ഡ് ചെയ്തത്.
◾സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്കു ക്ഷണിച്ചാല്‍ സഹകരിക്കുമെന്ന് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. ഏക സിവില്‍ കോഡ് സെമിനാറില്‍ പങ്കെടുക്കാത്തതിന്റെ സാഹചര്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞു.
◾സിനിമ റിവ്യൂ ബോംബിങ് തടയാന്‍ കടുത്ത നടപടികളുമായി നിര്‍മാതാക്കളുടെ സംഘടനയും ഫെഫ്കയും. സിനിമ റിവ്യുവില്‍ പരാതിയുള്ളവര്‍ക്കെല്ലാം നിയമസഹായം നല്‍കുമെന്ന് ഫെഫ്ക അറിയിച്ചു.
◾സൗദി അറേബ്യയിലെ തെക്കന്‍ പ്രവശ്യയിലെ ജയിലുകളില്‍ 40 മലയാളികള്‍ ഉള്‍പെടെ 115 ഇന്ത്യക്കാരുണ്ടെന്ന് റിപ്പോര്‍ട്ട്. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘത്തിന്റെ ജയില്‍ സന്ദര്‍ശനത്തിലാണിത് കണ്ടെത്തിയത്.
◾പതിനേഴുകാരനെ മര്‍ദിച്ചു നട്ടെല്ലു തകര്‍ത്ത സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പാലാ ഡി വൈ എസ് പിയാണ് കോട്ടയം എസ്പിക്കു റിപ്പോര്‍ട്ട് നല്‍കിയത്.
◾ആന്ധ്രയില്‍നിന്ന് ആഡംബരകാറില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന കഞ്ചാവ് കൊരട്ടിയില്‍വച്ച് പോലീസ് പിടികൂടി. കാറിനകത്തുണ്ടായിരുന്ന ഒരാളെ അറസ്റ്റ് ചെയ്തു. രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു. തൃക്കാക്കര നോര്‍ത്ത് വട്ടേക്കുന്ന് സ്വദേശി പീച്ചിങ്ങപ്പറമ്പില്‍ വീട്ടില്‍ ഷമീര്‍ ജെയ്‌നു (41)വിനെയാണ് അറസ്റ്റു ചെയ്തത്.
◾ഗര്‍ഭസ്ഥ ശിശുവിന്റെ തകരാറുകള്‍ കണ്ടുപിടിക്കാത്തതിന് സ്വകാര്യ ആശുപത്രി അധികൃതര്‍ക്കും ഡോക്ടര്‍മാര്‍ക്കും അഞ്ചു ലക്ഷം രൂപ പിഴ. കോട്ടയം ഉപഭോക്തൃ കോടതിയാണ് ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിക്കെതിരെ ഉത്തരവിട്ടത്. ആലപ്പുഴ ചതുര്‍ഥ്യാകരി സ്വദേശിനി സന്ധ്യാ മനോജ് നല്‍കിയ പരാതിയിലാണ് ശിക്ഷ വിധിച്ചത്.
◾പട്ടാമ്പിയില്‍ യുവാവിനെ വെട്ടിക്കൊന്നു. തൃത്താല കണ്ണനൂരിലാണ് സംഭവം. ഓങ്ങല്ലൂര്‍ കൊണ്ടുര്‍ക്കര സ്വദേശി അന്‍സാറാണ് മരിച്ചത്.
◾പതിനാലുകാരനെ ലഹരിവസ്തുക്കള്‍ നല്‍കി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 30 വര്‍ഷം കഠിന തടവ്. ചെങ്ങന്നൂര്‍ ആലാ സ്വദേശിയും ഇലവുംതിട്ടയിലെ വ്യാപാര സ്ഥാപന ഉടമയുമായ കല്ലന്‍ മോടി സൂരജ് ഭവന്‍ വീട്ടില്‍ ഏബ്രഹാം തോമസ് മകന്‍ തോമസിനെ (67)യാണ് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി 30 വര്‍ഷം കഠിന തടവിനും രണ്ടു ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.
◾പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിക്ക് മുമ്പില്‍ ഹാജരായ മഹുവ മൊയ്ത്ര എത്തിക്സ് കമ്മിറ്റി ചെയര്‍മാനെ അപമാനിച്ചെന്ന് ബിജെപി നേതാവ് നിഷികാന്ത് ദുബൈ എംപി. പിന്നാക്ക വിഭാഗക്കാരനായതുകൊണ്ടാണ് സമിതി ചെയര്‍മാനെ അപമാനിച്ചതെന്നും നിഷികാന്ത് ദുബൈ പറഞ്ഞു.
◾ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ ലോക്സഭാംഗത്വം ലോക്സഭാ സെക്രട്ടേറിയറ്റ് പുനഃസ്ഥാപിച്ചു. കുറ്റക്കാരനാണെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് നടപടി.
◾രാജസ്ഥാനില്‍ കൈക്കൂലി ചോദിച്ചതിന് രണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തു. ചിട്ടി ഫണ്ട് വിഷയത്തില്‍ കേസ് എടുക്കാതിരിക്കാന്‍ 17 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായതെന്ന് രാജസ്ഥാന്‍ അഴിമതി വിരുദ്ധ ബ്യൂറോ അറിയിച്ചു.
◾ഇന്ത്യ സഖ്യത്തില്‍ കോണ്‍ഗ്രസ് സഹകരിക്കുന്നില്ലെന്ന വിമര്‍ശനവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നിയമസഭ തെരഞ്ഞെടുപ്പിനു സംസ്ഥാനങ്ങളില്‍ സഖ്യമില്ലാതായതു കോണ്‍ഗ്രസിന്റെ സീറ്റു മോഹംകൊണ്ടാണെന്നും നിതീഷ്‌കുമാര്‍ കുറ്റപ്പെടുത്തി
◾തെലങ്കാനയില്‍ കോണ്‍ഗ്രസ്- സിപിഎം സഖ്യമില്ല. ചര്‍ച്ചകള്‍ ഫലം കാണാത്തതിനാല്‍ 17 സീറ്റുകളില്‍ ഒറ്റക്കു മത്സരിക്കാന്‍ സിപിഎം തീരുമാനിച്ചു. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിനെതിരെയും സിപിഎം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്.
◾വായു മലിനീകരണംമൂലം ഡല്‍ഹിയില്‍ രണ്ടുദിവസം സ്‌കൂളുകള്‍ക്ക് അവധി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് എക്‌സിലൂടെ അവധി പ്രഖ്യാപിച്ചത്.
◾ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ വാദം നടക്കവെ, മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന് ദേഹാസ്വാസ്ഥ്യം. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും സിബലിനെ ശുശ്രൂഷിക്കാനെത്തി. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഹിയറിംഗില്‍ പങ്കെടുക്കാന്‍ തന്റെ ചേംബര്‍ ഉപയോഗിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സൗകര്യം നല്‍കി.
◾കൊട്ടക് ജനറല്‍ ഇന്‍ഷുറന്‍സിന്റെ 51 ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ സൂറിച്ച് ഇന്‍ഷുറന്‍സ് കമ്പനി. 4,051 കോടി രൂപയാണ് സൂറിച്ച് ഇന്‍ഷുറന്‍സ് ഇതിനായി നിക്ഷേപിക്കുക. മൂന്നു വര്‍ഷത്തിനകം 19 ശതമാനം അധിക ഓഹരിയും കമ്പനി ഏറ്റെടുക്കുമെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് അറിയിച്ചു.
◾ഇസ്രായേല്‍ ആക്രമണം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 11 ന് റിയാദില്‍ അറബ് രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടി ചേരുന്നു. അറബ് ലീഗ് ജനറല്‍ സെക്രട്ടേറിയേറ്റാണ് ഇക്കാര്യം അറിയിച്ചത്.
◾പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പരിഹാരം രണ്ടു സ്വതന്ത്ര രാജ്യങ്ങള്‍ ഉണ്ടാവുകയാണെന്ന് ഫ്രാന്‍സീസ് മാര്‍പ്പാപ്പ. ഇറ്റാലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. വിശുദ്ധ നാട്ടിലെ യുദ്ധം ഭയപ്പെടുത്തുന്നതാണ്. നൂറുകണക്കിനു ജീവനുകളാണു കൊല്ലപ്പെടുന്നത്. അദ്ദേഹം പറഞ്ഞു.
◾കഫ് സിറപ്പ് കഴിച്ച് ഇരുന്നൂറോളം കുട്ടികള്‍ മരിച്ച സംഭവത്തില്‍ കഫ് സിറഫ് കമ്പനി ഉടമയും സിഇഒയുമടക്കം നാല് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് ഇന്തോനേഷ്യന്‍ കോടതി. ചുമ മരുന്ന് നിര്‍മ്മാണ കമ്പനിയായ അഫി ഫാര്‍മയുടെ ഉടമ ആരിഫ് പ്രസേത്യ ഹരാഹാപ്പ് അടക്കം നാലു പേര്‍ക്കാണ് തടവുശിക്ഷ വിധിച്ചത്. നൂറു കോടി ഇന്തോനേഷ്യന്‍ രൂപ പിഴ അടയ്ക്കുകയും വേണം.
◾37-ാമത് ദേശീയ ഗെയിംസ് പുരുഷ ഫുട്‌ബോളില്‍ മണിപ്പൂരിനെതിരെ കേരളത്തിന് വിജയം. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് കേരളം മണിപ്പുരിനെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ കീഴടക്കിയത്.
◾മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ ലങ്കാദഹനം. ഏകദിന ക്രിക്കറ്റ് ലോക കപ്പില്‍ ഇന്നലെ നടന്ന ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് 302 റണ്‍സിന്റെ കൂറ്റന്‍ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 92 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റേയും 88 റണ്‍സെടുത്ത വിരാട് കോലിയുടേയും 82 റണ്‍സെടുത്ത ശ്രേയസ് അയ്യരുടേയും മികവില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തു. എന്നാല്‍ വമ്പന്‍ വിജയലക്ഷ്യവുമായിറങ്ങിയ ശ്രീലങ്ക വെറും 19.4 ഓവറില്‍ 55 റണ്‍സിന് ഓള്‍ ഔട്ടായി. 5 വിക്കറ്റെടുത്ത മുഹമ്മദ് ഷമിയുടെയും 3 വിക്കറ്റെടുത്ത മുഹമ്മദ് സിറാജിന്റെയും ഒരു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുടെയും മാരക പേസ് ബൗളിങ്ങിന് മുന്നില്‍ ശ്രീലങ്ക വിറച്ചു. ലോകകപ്പിലെ ശ്രീലങ്കയുടെ ഏറ്റവും വലിയ തോല്‍വിയാണ്. ലോകകപ്പില്‍ റണ്‍ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയവുമാണിത്. തുടര്‍ച്ചയായ 7 മത്സരങ്ങളില്‍ നിന്ന് ലഭിച്ച 14 പോയിന്റോടെ ഇന്ത്യ 2023 ക്രിക്കറ്റ് ലോകകപ്പില്‍ ആദ്യമായി സെമി ഫൈനലിലെത്തുന്ന ടീമായി.
◾നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയുടെ കണക്കുകളനുസരിച്ച് ഒക്ടോബറില്‍ യുണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേയ്സ് ഇടപാടുകളുടെ മൂല്യം ഇതാദ്യമായി പതിനാറ് ലക്ഷം കോടി രൂപ കവിയും. മൊത്തം ഇടപാടുകളുടെ എണ്ണം തുടര്‍ച്ചയായ മൂന്നാം മാസത്തിലും ആയിരം കോടിക്ക് മുകളിലെത്തുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഉത്സവാഘോഷങ്ങളോട് അനുബന്ധിച്ച് വടക്കെ ഇന്ത്യയില്‍ കച്ചവടത്തിലുണ്ടായ ഉണര്‍വും സാമ്പത്തിക മേഖലയുടെ മികച്ച പ്രകടനവും ഡിജിറ്റല്‍ പേയ്മെന്റുകള്‍ കുത്തനെ കൂടാന്‍ സഹായിച്ചു. ഗൂഗിള്‍ പേ, പേയ്ടി. എം, ഫോണ്‍ പേ എന്നിവയുടെ വരവോടെ വന്‍കിട നഗരങ്ങള്‍ മുതല്‍ നാട്ടിന്‍പുറത്തെ ചെറുക്കച്ചവടക്കാര്‍ വരെ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറി. നിലവില്‍ മുപ്പത് കോടി ഉപഭോക്താക്കളാണ് യു. പി. ഐ സംവിധാനം ഉപയോഗിച്ച് പേയ്മെന്റുകള്‍ നടത്തുന്നത്. യു. പി. ഐ പേയ്മെന്റുകള്‍ സ്വീകരിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ എണ്ണം അന്‍പത് കോടി കവിഞ്ഞു. അടുത്ത ഘട്ടത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്ക് എളുപ്പത്തിലും സൗകര്യപ്രദമായും അതിവേഗം പണമയക്കാനുള്ള സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. രണ്ടു വര്‍ഷത്തിനുള്ളില്‍ പ്രതിദിന യു. പി. ഐ ഇടപാടുകളുടെ എണ്ണം നൂറു കോടിയെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍, മൊബൈല്‍ ബാങ്കിംഗ് എന്നിവ കൂടി കണക്കിലെടുത്താല്‍ രാജ്യത്തെ മൊത്തം ധനകാര്യ ഇടപാടുകളില്‍ അന്‍പത് ശതമാനത്തിലധികം ഡിജിറ്റലായി മാറിയെന്ന് വിദഗ്ധര്‍ പറയുന്നു.
◾മോഹന്‍ലാല്‍-ജീത്തു ജോസഫ് കോമ്പോയില്‍ എത്തുന്ന 'നേര്' ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഡിസംബറില്‍ തിയേറ്ററുകളിലെത്തും. നിയമയുദ്ധം ആരംഭിക്കുന്നു.. എന്ന ക്യാപ്ഷനോടെ പുറത്തുവിട്ട പോസ്റ്ററിലാണ് ചിത്രം ഡിസംബര്‍ 21ന് തിയേറ്ററുകളിലെത്തും എന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ക്രിസ്മസിന് ബോളിവുഡ്, ടോളിവുഡ് ചിത്രങ്ങളോട് ഏറ്റുമുട്ടാനനാണ് നേരും എത്തുന്നത്. ഷാരൂഖ് ഖാന്‍ ചിത്രം 'ഡങ്കി'യും പ്രഭാസ് ചിത്രം 'സലാറും' ഡിസംബര്‍ 22ന് ആണ് തിയേറ്ററുകളില്‍ എത്തുന്നത്. ഈ ചിത്രങ്ങള്‍ക്ക് തൊട്ടു മുന്നിലായാണ് നേര് എത്താന്‍ പോകുന്നത്. ആശിര്‍വാദ് സിനിമാസിന്റെ മുപ്പത്തിമൂന്നാമത് നിര്‍മാണ സംരംഭമാണിത്. ദൃശ്യം, ദൃശ്യം 2, ട്വല്‍ത്ത് മാന്‍, റാം എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. കോടതി പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രമാണിത്. പ്രിയാമണി, അനശ്വര രാജന്‍, സിദ്ദിഖ്, ജഗദീഷ് എന്നീ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
◾യുവ നായകരുടെ വന്‍ ഹിറ്റായ ചിത്രം ആര്‍ഡിഎക്സില്‍ നായികയായി അടുത്തിടെ ശ്രദ്ധയാകര്‍ഷിച്ച നായികയാണ് മഹിമ നമ്പ്യാര്‍. മഹിമാ നമ്പ്യാര്‍ നായികയായ തമിഴ് ചിത്രം 'രത്തം' അടുത്തിടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. വിജയ് ആന്റണിയാണ് നായകനായി എത്തിയത്. മഹിമാ നമ്പ്യാര്‍ നായികയായ രത്തത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മഹിമയുടെ രത്തം ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് പ്രദര്‍ശനത്തിന് എത്തുക. ഒടിടില്‍ നവംബര്‍ മൂന്നിനാണ് പ്രദര്‍ശനത്തുക. രമ്യാ നമ്പീശനും പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തിയിരുന്നു. സി എസ് അമുദന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ഛായാഗ്രാഹണം ഗോപി അമര്‍നാഥാണ് നിര്‍വഹിച്ചത്. കമല്‍ ബഹ്റയ്ക്കും ലളിത ധനഞ്ജനയുമൊപ്പം ചിത്രത്തിന്റെ നിര്‍മാണത്തില്‍ ബി പ്രദീപും പങ്കജ് ബഹ്റയും പങ്കാളികളായിരിക്കുന്നു. നന്ദിത ശ്വേതയും പ്രധാന വേഷത്തിലെത്തി. സംഗീതം കണ്ണനാണ് നിര്‍വഹിച്ചത്.
◾ഫ്രഞ്ച് വാഹന ബ്രാന്‍ഡായ സിട്രോണ്‍ സി3 എയര്‍ക്രോസ് ക്രോസ്ഓവര്‍ 2023 സെപ്റ്റംബറില്‍ 9.99 ലക്ഷം രൂപ പ്രാരംഭ വിലയില്‍ പുറത്തിറക്കിയിരുന്നു. ഈ എസ്യുവി യു, പ്ലസ്, മാക്സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലും അഞ്ച്, ഏഴ് സീറ്റ് കോണ്‍ഫിഗറേഷനുകളിലും വാഗ്ദാനം ചെയ്യുന്നു. സിട്രോണിന്റെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് - സി3 6.16 ലക്ഷം മുതല്‍ 8.80 ലക്ഷം രൂപ വരെ വിലയില്‍ ലഭ്യമാണ്. ഇപ്പോഴിതാ ഉത്സവ സീസണില്‍ വില്‍പ്പന മെച്ചപ്പെടുത്തുന്നതിനായി, സി3 ഹാച്ച്ബാക്കിനും സി3 എയര്‍ക്രോസിനും ഒരു ലക്ഷം രൂപ വരെ വിലക്കിഴിവുകള്‍ സിട്രോണ്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, സി5 എയര്‍ക്രോസ് പ്രീമിയം എസ്യുവിയില്‍ സിട്രോണ്‍ രണ്ടുലക്ഷം രൂപ വരെ വിലക്കിഴിവ് നല്‍കുന്നു. സിട്രോണ്‍ സി3 എയര്‍ക്രോസ് എസ്യുവിയുടെ ആനുകൂല്യങ്ങളില്‍ 30,000 രൂപ ക്യാഷ് കിഴിവ്, 25,000 അല്ലെങ്കില്‍ 60,000 കിലോമീറ്റര്‍ വിലയുള്ള അഞ്ച് വര്‍ഷത്തെ വിപുലീകൃത വാറന്റി, 50,000 കിലോമീറ്റര്‍ അല്ലെങ്കില്‍ അഞ്ച് വര്‍ഷത്തേക്ക് 45,000 രൂപയുടെ വാര്‍ഷിക മെയിന്റനന്‍സ് സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നു. ഉപഭോക്താവിന് 90,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും തിരഞ്ഞെടുക്കാം. സി3 ഹാച്ച്ബാക്കില്‍ 99,000 രൂപ വരെ ആനുകൂല്യങ്ങള്‍ സിട്രോണ്‍ നല്‍കുന്നു.
◾ആധുനികലോകത്തിന്റെ മുന്‍പില്‍ പ്രതീക്ഷകളുടെ പൊന്‍കിരണമായി ഉദിച്ചുയര്‍ന്ന താരകമായിരുന്നു സോവിയറ്റ് യൂണിയന്‍. ജനകീയവിപ്ലവം പടുത്തുയര്‍ത്തിയ സോഷ്യലിസത്തിന്റെ പ്രത്യയശാസ്ത്രപരമായ അടിത്തറയെ ഒടുവില്‍ പെരിസ്‌ത്രോയിക്കയും ഗ്ലാസ്നോസ്തും ദുര്‍ബ്ബലപ്പെടുത്തുകയും ക്യാപ്പിറ്റലിസ്റ്റ് മൂല്യങ്ങള്‍ ശക്തിപ്രാപിക്കുകയും ചെയ്തതോടെ സോവിയറ്റ് യൂണിയന്‍ എന്ന വന്‍മരം ശബ്ദഘോഷമുയര്‍ ത്താതെ നിലംപതിച്ചു. സോവിയറ്റ് യൂണിയന്റെ അവസാനനാളുകള്‍ക്ക് സാക്ഷിയായ ഗ്രന്ഥകാരന്‍ ഈ കൃതിയിലൂടെ സോവിയറ്റ് യൂണിയനിലെ രാഷ്ട്രീയത്തെയും സംസ്‌കാരത്തെയും പരിചയപ്പെടുത്തുന്നതിനോടൊപ്പം തന്നെ ചരിത്രപരമായ പതനത്തിന്റെ പിന്നിലെ യാഥാര്‍ത്ഥ്യങ്ങളെ നിഷ്പക്ഷമായി വിശകലനവും ചെയ്യുന്നു. 'സോവിയറ്റ് സായാഹ്നങ്ങള്‍'. എ.എം ഷിനാസ്. എന്‍ബിഎസ്. വില 171 രൂപ.
◾ക്യാന്‍സറിന്റെ സാധ്യതയെ കൂട്ടാനും കുറയ്ക്കാനും ഭക്ഷണത്തിലെ ചില ഘടകങ്ങള്‍ക്ക് കഴിയുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അത്തരത്തില്‍ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളുണ്ട്. ബ്രൊക്കോളി ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്രൊക്കോളിയിലെ ആന്റി ഓക്‌സിഡന്റുകള്‍ക്ക് അര്‍ബുദ സാധ്യതയെ പ്രതിരോധിക്കാനും കഴിയും. ബ്രൊക്കോളിയില്‍ അടങ്ങിയിട്ടുള്ള സള്‍ഫോറാഫെയ്ന് ആണ് ഇതിന് സഹായിക്കുന്നത്. കോളിഫ്ലവര്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയ കോളിഫ്ലവര്‍ കഴിക്കുന്നത് സ്താനാര്‍ബുദ്ദം അടക്കമുള്ള ചില ക്യാന്‍സറുകളുടെ സാധ്യതയെ കുറച്ചേക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കാബേജാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാബേജിലെ സള്‍ഫോറാഫെയ്ന് ആണ് ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കുന്നത്. പച്ച നിറത്തിലുള്ള കാബേജും പര്‍പ്പിള്‍ കാബേജും ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും. തക്കാളിയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ തക്കാളി സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ലൈക്കോപ്പീന്‍ ആണ് തക്കാളിക്ക് ഈ ഗുണങ്ങളേകുന്നത്. അതിനാല്‍ പതിവായി തക്കാളി കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യതയെ കുറച്ചേക്കാം. ക്യാരറ്റ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിന്‍ ക്യാന്‍സര്‍ സാധ്യതയെ പ്രതിരോധിക്കും.