Click to learn more 👇

'ബസ് തടഞ്ഞത് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ട്'; ജനം ഇവരെ ഓടിച്ചിട്ട് അടിക്കുന്ന കാലം വരുമെന്ന് ബസ് ഉടമ


 


കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടാണ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വീണ്ടും ബസ് തടഞ്ഞതെന്ന് റോബിന്‍ ബസ് ഉടമ ഗിരീഷ്.

ഒരിക്കലും ബസ് ഓടാന്‍ അനുവദിക്കരുതെന്നാണ് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കേരള സര്‍ക്കാരിന് പിടിച്ചെടുക്കാന്‍ സാധിക്കാത്തതിനാല്‍ തമിഴ്‌നാട് മോട്ടോര്‍ വാഹനവകുപ്പിനോട് തന്റെ വാഹനം പിടിച്ചെടുക്കാന്‍ കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും റോബിന്‍ ബസുടമ ആരോപിച്ചു. 

റോബിന്‍ ബസ് വിഷയത്തില്‍ മാനം രക്ഷിക്കാനായി കേരള സര്‍ക്കാര്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ സഹായം തേടിയിരിക്കുകയാണ്. ഇന്നലെ രേഖകള്‍ മുഴുവന്‍ പരിശോധിച്ച്‌ ടാക്‌സ് എല്ലാം അടച്ചതാണ്. എന്നാല്‍ പിഴ അടച്ചു എന്ന രീതിയിലാണ് ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. എന്നാല്‍ അടച്ചത് ടാക്‌സ് തന്നെയാണെന്ന് ഇന്ന് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. 

ഇപ്പോള്‍ എല്ലാ ദിവസവും പരിശോധിക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

രേഖകള്‍ പിടിച്ചെടുത്ത് മറ്റൊരു വാഹനത്തില്‍ കയറി പോകാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. ഇത് നല്ലവരായ തമിഴ്‌നാട്ടിലെ നാട്ടുകാര്‍ തടയുകയായിരുന്നുവെന്ന് റോബിന്‍ ബസ് ഉടമ പറഞ്ഞു. ബസ് ഇപ്പോള്‍ ആര്‍ടിഒ ഓഫീസിലേക്ക് പോകുകയാണ്. എന്റെ കസ്റ്റമേഴ്‌സിനെ നശിപ്പിക്കുക എന്നതാണ് കേരള സര്‍ക്കാരിന്റെ പോളിസി. അവര്‍ അത് മാക്‌സിമം നടപ്പിലാക്കട്ടെ. ഇതെല്ലാം പൊതുജനം അറിയട്ടെ. ജനം ഇവരെ ഓടിച്ചിട്ട് അടിക്കുന്ന കാലം വരുമെന്നും റോബിന്‍ ബസുടമ പറയുന്നു. 

പത്തനംതിട്ട-കോയമ്ബത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന റോബിന്‍ ബസിനെതിരെ വീണ്ടും നടപടിയുമായി തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയിരുന്നു. വാഹനം തടഞ്ഞ തമിഴ്‌നാട് എംവിഡി ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിക്കുന്നതിനായി റോബിന്‍ ബസ് ഗാന്ധിപുരം ആര്‍ടിഒ ഓഫീസിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കി. ഇന്നലെ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ റോബിന്‍ ബസ് തടയുകയും, 70,410 രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. 

അതേസമയം കേരള സര്‍ക്കാര്‍ കാണിക്കുന്ന തെണ്ടിത്തരമാണിതെന്നും, യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും റോബിന്‍ ബസിലെ യാത്രക്കാര്‍ കുറ്റപ്പെടുത്തുന്നു. ഇപ്പോള്‍ റോബിന്‍ ബസിനെ തകര്‍ക്കാനായി പത്തനംതിട്ടയില്‍ നിന്നും കെഎസ്‌ആര്‍ടിസി ബസിനെ ഇറക്കിയിട്ടുണ്ട്. അതിന് പെര്‍മിറ്റുമില്ല, അര്‍ബന്‍ മേഖലയില്‍ ഓടാന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ കൊടുത്ത വണ്ടിയാണ്. അതൊന്നും പിടിക്കാന്‍ ഇവിടെ നട്ടെല്ലുള്ള ആള്‍ക്കാരില്ല. എല്ലാ രേഖകളും ഹാജരാക്കിയിട്ടും റോബിന്‍ ബസിനെ പിടിക്കാന്‍ വേണ്ടി ഉദ്യോഗസ്ഥര്‍ മെനക്കിട്ട് നടക്കുകയാണെന്നും യാത്രക്കാര്‍ കുറ്റപ്പെടുത്തുന്നു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.