കോട്ടയം: ബസില്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പോലീസുകാരൻ അറസ്റ്റില്‍. പെരുവന്താനം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ അജാസ് മോനെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
ബസില്‍ യാത്രചെയ്യുന്നതിനിടെ യുവതിയെ കടന്നുപിടിച്ചെന്നാണ് ഇയാള്‍ക്കെതിരേയുള്ള പരാതി.
ശനിയാഴ്ച വൈകിട്ട് കോട്ടയത്തുനിന്ന് മുണ്ടക്കയത്തേക്ക് യാത്രതിരിച്ച യുവതിക്കാണ് ബസില്‍ ദുരനുഭവമുണ്ടായത്. ഒൻപതുമാസം പ്രായമുള്ള കുഞ്ഞുമായാണ് യുവതി ബസില്‍ കയറിയത്. യാത്രയ്ക്കിടെ യുവതി കുഞ്ഞിന് പാലുകൊടുത്തിരുന്നു. ഈ സമയത്താണ് അജാസ് മോൻ കടന്നുപിടിച്ചതെന്നാണ് യുവതിയുടെ പരാതി.
സംഭവത്തിന് പിന്നാലെ പൊൻകുന്നത്തുവെച്ച് യുവതി ബസില്‍നിന്നിറങ്ങി മറ്റൊരു ബസില്‍ കയറിയിരുന്നു. എന്നാല്‍, അജാസ് മോനും യുവതിയെ പിന്തുടര്‍ന്നെത്തി ഇതേ ബസില്‍ കയറി. ഇതോടെ യുവതി ഭര്‍ത്താവിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. തുടര്‍ന്ന് ബസ് കാഞ്ഞിരപ്പള്ളിയില്‍ എത്തിയപ്പോള്‍ യുവതി ഇവിടെയിറങ്ങി. തൊട്ടുപിന്നാലെ പ്രതിയും ബസില്‍നിന്നിറങ്ങി. ഇതോടെ സ്ഥലത്തുണ്ടായിരുന്ന യുവതിയുടെ ബന്ധുക്കള്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിയെ പിന്നീട് പൊൻകുന്നം പോലീസിന് കൈമാറി.