ഇന്‍സ്റ്റഗ്രാം റീല്‍സിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഭാര്യയെ ഭര്‍ത്താവ് കഴുത്തറത്ത് കൊന്നു. പശ്ചിമബംഗാളിലെ ജോയനഗറിലാണ് സംഭവം.
ജോയനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഹരിനാരായണ്‍പുര്‍ സ്വദേശിനിയായ അപര്‍ണ(35)യെയാണ് ഭര്‍ത്താവ് പരിമാള്‍ ബൈദ്യ കൊലപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാം റീല്‍സിനെച്ചൊല്ലിയും സാമൂഹികമാധ്യമങ്ങളിലെ സുഹൃത്തുക്കളുമായി ബന്ധത്തെ ചൊല്ലിയുമുള്ള തര്‍ക്കത്തിനിടെയാണ് ഭാര്യയെ ഭര്‍ത്താവ് കഴുത്തറത്ത് കൊന്നത്.
സ്‌കൂള്‍ വിദ്യാര്‍ഥിയായ മകന്‍ വെള്ളിയാഴ്ച ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങിയെത്തിയപ്പോളാണ് അപര്‍ണയെ വീടിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. അപര്‍ണ ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് പോസ്റ്റ് ചെയ്യുന്നതിനെ ഭര്‍ത്താവ് എതിര്‍ത്തിരുന്നു. ഇന്‍സ്റ്റഗ്രാം റീല്‍സ് കാരണം അപര്‍ണ നിരവധിപേരുമായി സൗഹൃദം പുലര്‍ത്തുന്നത് ഭര്‍ത്താവിന് ഇഷ്ടമായിരുന്നില്ല. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം.
എട്ടാംക്ലാസില്‍ പഠിക്കുന്ന മകനും നഴ്‌സറി വിദ്യാര്‍ഥിനിയായ മകളുമാണ് ദമ്ബതിമാര്‍ക്കുള്ളത്. സംഭവസമയം രണ്ടുമക്കളും വീട്ടിലുണ്ടായിരുന്നില്ല. അമ്മയും അച്ഛനും തമ്മില്‍ സ്ഥിരമായി വഴക്കിട്ടിരുന്നതായി എട്ടാംക്ലാസുകാരന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അമ്മയെ കൊല്ലുമെന്ന് അച്ഛന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും വ്യാഴാഴ്ച രാത്രിയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നതായും മകന്‍ പോലീസിനോട് വെളിപ്പെടുത്തി. ഒളിവില്‍പോയ പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.