പാമ്പുകൾ പടം പൊഴിച്ചിട്ടിരിക്കുന്നത് മുറ്റത്തോ തൊടിയിലോ കിടക്കുന്നതു കണ്ടാൽ പോലും ഭയന്നു പോകുന്നവരുണ്ട്.
അപ്പോൾ സ്വന്തം കൈകൊണ്ട് പാമ്പിന്റെ പടം പൊഴിച്ചെടുത്താലോ. അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പടം പൊഴിക്കാൻ സമയമായ ഒരു പാമ്പിനെ കയ്യിലെടുത്ത് അതിന് സഹായം നൽകുകയാണ് മൃഗസ്നേഹിയായ മൈക്ക് ഹോൾസൻ എന്ന വ്യക്തി. മൃഗശാല സൂക്ഷിപ്പുകാരൻ കൂടിയായ അദ്ദേഹം സൂക്ഷ്മമായി പാമ്പിനെ കൈകാര്യം ചെയ്യുന്നത് വിഡിയോയിൽ കാണാം.
തൻറെ ഇൻസ്റ്റാ പേജിലൂടെ മൈക്ക് തന്നെയാണ് ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഒരു പാമ്പിന്റെ തലഭാഗം ഇടം കൈയിൽ പിടിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ നിൽപ്പ്. പിന്നീട് വലംകൈ ഉപയോഗിച്ച് അദ്ദേഹം പാമ്പിന്റെ വായയുടെ ഭാഗത്തുനിന്നും അതിന്റെ ത്വക്ക് അടർത്തി എടുത്തുതുടങ്ങി. കണ്ണിന്റെ ഭാഗമെത്തിയപ്പോൾ പടം പറിച്ചെടുക്കാൻ മൈക്ക് അല്പം ബുദ്ധിമുട്ടുന്നതും കാണാം. ഈ സമയത്തെല്ലാം ഏറെ അനുസരണയോടെയാണ് പാമ്പ് അദ്ദേഹത്തിന്റെ കയ്യിൽ ഇരുന്നത്. ഒടുവിൽ തലയിൽ നിന്നും പൂർണ്ണമായി അദ്ദേഹം പടം അടർത്തിയെടുത്തു.
തൊട്ടടുത്ത നിമിഷം ഏറെ സ്നേഹത്തോടെ പാമ്പിന്റെ തലയിൽ മൈക്ക് ചുംബിക്കുകയും ചെയ്യുന്നുണ്ട്. അതിനുശേഷം സൂക്ഷ്മതയോടെ അതിന്റെ ശരീരത്തിൽ നിന്നും ത്വക്ക് പിന്നിലേയ്ക്ക് സാവധാനത്തിൽ വലിച്ചെടുത്ത് പൂർണ്ണമായി നീക്കം ചെയ്യുകയാണ് അദ്ദേഹം. ഏറെ ബുദ്ധിമുട്ടേറിയ പ്രവർത്തിയിൽ ഒരു കൈത്താങ്ങ് കിട്ടിയ ആശ്വാസത്തിലായിരുന്നു പാമ്പ്. ക്രിസ്തുമസ് സമ്മാനങ്ങൾ തുറന്നെടുക്കുന്നത് ഇങ്ങനെയാണെന്ന അടിക്കുറിപ്പാണ് വിഡിയോയ്ക്ക് അദ്ദേഹം നൽകിയിരിക്കുന്നത്. എന്തായാലും വ്യത്യസ്തമായി വിഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.