കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പിലാശ്ശേരിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകളും ഉള്‍പ്പെടെ മൂന്നുപേർ മുങ്ങിമരിച്ചു.
പിലാശ്ശേരിയില്‍ പുളിക്കമണ്ണുകടവില്‍ ഇന്നലെ വൈകിട്ടോടെയാണ് അപകടമുണ്ടായത്.
കുഴിമണ്ണീല്‍ ഷിജുവിന്റെ മകൻ അദ്വൈത് (13), മിനി, മിനിയുടെ മകള്‍ ആതിര എന്നിവരാണ് മരിച്ചത്. മരിച്ച അദ്വൈതിന്റെ അച്ഛൻ ഷിജുവിന്റെ പിതൃസഹോദരിയുടെ മകളാണ് മിനി. ഷിജുവിന്റെ വീട്ടില്‍ വിരുന്നിനെത്തിയതാണ് മിനിയും ആതിരയും.
എല്ലാവരും ചേർന്ന് കുളിക്കാനായി പോയപ്പോഴാണ് അപകടം ഉണ്ടായത്. കുളിക്കാനിറങ്ങിയ അദ്വൈതാണ് ആദ്യം ഒഴുക്കില്‍പെട്ടത്. അദ്വൈതിനെ രക്ഷിക്കാനായാണ് ബാക്കി മൂന്നുപേരും പുഴയിലേക്ക് ചാടിയത്. അതോടെ നാലുപേരും ഒഴുക്കില്‍പെട്ടു.
ഇവരില്‍ ഒരാളെ മാത്രമാണ് ജീവനോടെ രക്ഷിക്കാനായത്. രക്ഷപെട്ടയാള്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.