Click to learn more 👇

റാങ്കുകളില്‍ 90 ശതമാനവും സി.പി.എം. അനുഭാവികളും നേതാക്കളുടെ ബന്ധുക്കളും; റാങ്കുപട്ടിക പട്ടികകണ്ട് ഞെട്ടി ആയിരത്തോളം അപേക്ഷകർ


 സി.പി.എം. ഭരിക്കുന്ന ഇരിട്ടി നഗരസഭയില്‍ അങ്കണവാടി വർക്കർ (ടീച്ചർ) തസ്തികയ്ക്കുള്ള റാങ്ക് പട്ടികയിലുള്‍പ്പെട്ടവരെല്ലാം സ്വന്തക്കാരും ബന്ധുക്കളും.


12 വർഷംമുൻപ് അപേക്ഷക്ഷണിച്ച്‌ ഏഴുദിവസങ്ങളിലായി നടത്തിയ അഭിമുഖത്തിനുശേഷം പുറത്തിറക്കിയ പട്ടികകണ്ട് ഞെട്ടിയിരിക്കയാണ് ആയിരത്തോളം അപേക്ഷകർ. 70 പേരുള്ള പട്ടികയില്‍ ആദ്യറാങ്കുകാരി നഗരസഭയിലെ ഇപ്പോഴത്തെ സി.ഡി.എസ്. ചെയർപേഴ്സണ്‍. രണ്ടാംറാങ്ക് നഗരസഭാ സി.പി.എം. കൗണ്‍സിലറുടെ ഭാര്യയ്ക്ക്. സി.പി.എം വാർഡ് അംഗത്തിന്റെ സഹോദരന്റെ ഭാര്യയ്ക്കാണ് മൂന്നാംറാങ്ക്. 

നാലാംറാങ്ക് കിട്ടിയിരിക്കുന്നത് രണ്ടുതവണ നഗരസഭാ കൗണ്‍സിലറായ ഡി.വൈ.എഫ്.ഐ. വനിതാനേതാവിന്. അഞ്ചാംറാങ്ക് സി.പി.എം. വാർഡംഗത്തിന്റെ ഭാര്യയ്ക്ക്. 

നഗരസഭയിലെ താത്കാലികഡ്രൈവറായ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യയ്ക്കാണ് ആറാംറാങ്ക്. കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പില്‍ പാർട്ടിസ്ഥാനാർഥിയായി മത്സരിച്ച്‌ പരാജയപ്പെട്ടയാള്‍ ഏഴാമതെത്തി. പാർട്ടിയുടെ വാർഡ് കൗണ്‍സിലറാണ് എട്ടാമത്. 11-ാംറാങ്ക് നഗരസഭാ വൈസ് ചെയർമാന്റെ മകള്‍ക്ക്്. 13-ാം റാങ്ക് മുൻ വാർഡ് അംഗത്തിന്റെ മകന്റെഭാര്യയ്ക്ക്. 


ഇതിനിടയില്‍ വരുന്നതും ശേഷംവരുന്നതുമായ റാങ്കുകളില്‍ 90 ശതമാനവും സി.പി.എം. അനുഭാവികളും നേതാക്കളുടെ ബന്ധുക്കളും മറ്റും.

938 പേരാണ് ഏഴുദിവസത്തെ അഭിമുഖത്തില്‍ പങ്കെടുത്തത്. നഗരസഭയിലെ 33 വാർഡുകളിലെ അങ്കണവാടികളിലേക്ക് നിലവിലുള്ളതും മൂന്നുവർഷത്തിനിടയില്‍ ഉണ്ടാകാൻപോകുന്ന ഒഴിവുകളിലേക്കുമാണ് പട്ടിക. പത്താംതരമാണ് അടിസ്ഥാനയോഗ്യത. ഇതില്‍ മൂന്നുപേർക്ക് നിയമനവും നല്‍കി.

ഭർത്താവ് മരിച്ച സ്ത്രീകളെയും ബി.പി.എല്‍. പട്ടികയില്‍ ഉള്‍പ്പെട്ടവരെയും സമാനതസ്തികയില്‍ താത്കാലികമായി ജോലിചെയ്തവരെയും പുറത്തുനിർത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഉദ്യോഗസ്ഥരെ ഉപയോഗിച്ച്‌ സി.പി.എം. നിയമനം അട്ടിമറിച്ചെന്ന് യു.ഡി.എഫ്. ആരോപിച്ചു.

യോഗ്യതയാണ് മാനദണ്ഡം. അഭിമുഖത്തില്‍ മികവ് തെളിയിച്ചവർക്കെല്ലാം മുഴുവൻ മാർക്ക് നല്‍കിയിരുന്നു. യോഗ്യതയും മറ്റ് മുൻഗണനാമാർക്കും ലഭിച്ചവരാണ് റാങ്കില്‍ ഒന്നാമതായത്. ഇതില്‍ മറ്റു കൈകടത്തലുകള്‍ ഒന്നുമില്ല. -കെ. ശ്രീലത, നഗരസഭാ ചെയർമാൻ.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക