ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച തിരുവല്ല നഗരസഭയിലെ എട്ട് ജീവനക്കാർക്ക് കാരണം കാണിക്കല്‍ നോട്ടീസ്.
റവന്യുവിഭാഗത്തിലെ വനിതകള്‍ അടക്കമുള്ള ജീവനക്കാർക്കാണ് നഗരസഭ സെക്രട്ടറി നോട്ടീസയച്ചത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കർശനമായ അച്ചടക്കനടപടി ഉണ്ടാകുമെന്നാണ് നോട്ടീല്‍ പറയുന്നത്.
ജോലി സമയത്ത് ഓഫീസില്‍ റീല്‍സ് ചിത്രീകരിച്ചു, ഇതിനായി ഓഫീസ് സംവിധാനം ദുരുപയോഗം ചെയ്തു, ദൃശ്യങ്ങള്‍ സാമൂഹിക മാധ്യങ്ങളില്‍ പങ്കുവെച്ചത് പൊതുസമൂഹത്തില്‍ നഗരസഭയ്ക്കും ജീവനക്കാർക്കും എതിരായ വികാരം ഉണ്ടാകാൻ കാരണമായി എന്നീ കുറ്റങ്ങളാണ് നോട്ടീസിലുള്ളത്.
മൂന്ന് ദിവസത്തിനുള്ളില്‍ തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ കേരള സിവില്‍ സർവ്വീസ് ചട്ടം അനുസരിച്ചും മുൻസിപ്പല്‍ ആക്‌ട് പ്രകാരവും ഉള്ള ശിക്ഷാ നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കി. ജീവനക്കാർ ആരും ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. റീല്‍സ് ചിത്രീകരിച്ചതും നഗരസഭയിലെ ജീവനക്കാരനാണ്. എന്നാല്‍ ഇത് ആരാണെന്ന് വ്യക്തമല്ല.ദേവദൂതൻ എന്ന മലയാള സിനിമയിലെ ഗാനത്തിന്റെ പശ്ചാത്തലത്തോടെ ആയിരുന്നു ജീവനക്കാരുടെ റീല്‍സ് ചിത്രീകരണം.
നഗരസഭയില്‍ പൊതുജനങ്ങള്‍ ഉള്ള സമയത്തും ഓഫീസ് സമയത്തുമാണ് റീല്‍സ് ചിത്രീകരിച്ചതെങ്കില്‍ മുനിസിപ്പല്‍ ചട്ടങ്ങള്‍ പ്രകാരം നിയമലംഘനമാണെന്ന് സെക്രട്ടറി വ്യക്തമാക്കി. ഇക്കാര്യം അന്വേഷിക്കും. ഓഫീസ് സമയത്തിനുശേഷമാണ് റീല്‍സ് ചിത്രീകരിച്ചതെങ്കില്‍ പ്രശ്‌നമില്ല. പൊതുജനങ്ങള്‍ക്കുള്ള സേവനം തടസപ്പെട്ടുവെങ്കിലും നടപടിയുണ്ടാവും. റീല്‍സ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനുമാണ് നടപടിയെന്നും സെക്രട്ടറി പറഞ്ഞു.