റോഡരികെ കിടന്നുറങ്ങിയയാള്‍ നടി രേഖ നായരുടെ കാറിനടിയില്‍പ്പെട്ട് മരിച്ചു. തമിഴ്‌നാട് സെയ്‌ദാപെട്ടിലാണ് സംഭവം.
അണ്ണൈസത്യ നഗർ സ്വദേശി മഞ്ചൻ (55) ആണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ ജാഫർഖാൻപെട്ടിലെ പച്ചയപപ്ൻ സ്‌ട്രീറ്റില്‍ റോഡരികില്‍ കിടക്കവെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ മഞ്ചനെ ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസെടുത്ത ഗ്വിണ്ടി പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കാർ കണ്ടെത്തിയത്. തുടർന്ന്, ഡ്രൈവർ പാണ്ടിയെ അറസ്റ്റ് ചെയ്യുകയും കാർ പിടിച്ചെടുക്കുകയും ചെയ്‌തു.
അപകടം നടക്കുമ്ബോള്‍ രേഖ കാറിലുണ്ടായിരുന്നോ, പാണ്ടി തന്നെയാണോ വാഹനമോടിച്ചത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
എഴുത്തുകാരി കൂടിയായ രേഖ നായർ പാർഥിപൻ സംവിധാനം ചെയ്‌ത 'ഇരവിൻ നിഴല്‍ ' എന്ന സിനിമയിലൂടെയാണ് പ്രശസ്‌തയായത്. നിരവധി തമിഴ് സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടി തമിഴ് ചാനലുകളില്‍ അവതാരകയുമായിരുന്നു.