ഓണ്‍ലൈൻ ലോണ്‍ ആപ്പുകാരുടെ ഭീഷണിയെത്തുടർന്ന് യുവതി ജീവനൊടുക്കിയതായി വിവരം. എറണാകുളം കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപ്പുറം വീട്ടില്‍ ആരതിയെയാണ് (31) വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.
ആരതി ഓണ്‍ലൈനിലൂടെ ലോണ്‍ എടുത്തിട്ടുള്ളതായും അവരുടെ ഭീഷണിയാണ് മരണകാരണമെന്നും ഫോണ്‍ രേഖകളില്‍ സൂചനയുണ്ട്. ഭർത്താവ് അനീഷ് രണ്ടുമാസം മുൻപാണ് ജോലിക്കായി സൗദി അറേബ്യയിലേയ്ക്ക് പോയത്. മക്കള്‍: ദേവദത്ത്, ദേവസൂര്യ. മരണത്തില്‍ കുറുപ്പംപടി പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി.
കഴിഞ്ഞവർഷം ലോണ്‍ ആപ്പിന്റെ ഭീഷണിയെത്തുടർന്ന് കടമക്കുടി സ്വദേശി നിജോയും (40), ഭാര്യ ശില്പയും രണ്ടുമക്കളെ കൊലപ്പെടുത്തി ജീവനൊടുക്കിയിരുന്നു. വയനാട്ടില്‍ ഓണ്‍ലൈൻ ആപ്പില്‍ നിന്നും കടമെടുത്ത യുവാവ് ആത്മഹത്യ ചെയ്തിരുന്നു. അരിമുള സ്വദേശി അജയ് രാജാണ് മരിച്ചത്.
എറണാകുളം സ്വദേശിയായ വീട്ടമ്മ മൊബൈല്‍ ആപ്പ് വഴി ലോണെടുത്തത് 5,000 രൂപ. ഒരുമാസ കാലാവധിക്കുള്ളില്‍ തിരിച്ചടച്ചു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആപ്പില്‍ നിന്നു ലഭിച്ച മെസേജ് കണ്ട് വീട്ടമ്മ ഞെട്ടി. തിരിച്ചടച്ചില്ലെങ്കില്‍ നഗ്നചിത്രം പുറത്തുവിടുമെന്നായിരുന്നു ഭീഷണി. നിയമസഹായം തേടിയപ്പോഴാണ് സമാന കെണിയില്‍പ്പെട്ട നൂറുകണക്കിന് സ്ത്രീകളില്‍ ഒരാള്‍ മാത്രമാണ് താനെന്ന കാര്യം വീട്ടമ്മ തിരിച്ചറിഞ്ഞത്.
ചൈനീസ് ബന്ധമുള്ള കമ്ബനികളാണ് വ്യാജ ലോണ്‍ ആപ്പുകള്‍ക്കു പിന്നില്‍. ഉത്തരേന്ത്യയിലെ സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടിലൂടെ അവരെ പറ്റിച്ചും വിഹിതം നല്‍കിയുമാണ് വായ്പാപണം ഇത്തരം കമ്ബനികള്‍ കൈമാറുന്നത്. സാധാരണക്കാരാണ് പലപ്പോഴും കെണിയില്‍ വീഴുന്നത്.