തുപ്പലിറക്കി ദാഹം തീർക്കുന്ന സർക്കാർ അല്ല ഇതെന്ന് പി വി അൻവർ എം എല്‍ എ. പെറ്റിക്കേസിനായി പൊലീസിന് ക്വാട്ട നിശ്ചയിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറം ജില്ലാ പൊലീസ് അസോസിയേഷൻ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം എല്‍ എ.
പരിപാടിക്ക് എസ് പി ശശിധരൻ എത്താൻ വൈകിയതിനെ എം എല്‍ എ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. 'ഈ പരിപാടിയില്‍ പങ്കെടുക്കാൻ എത്താൻ എസ് പി വൈകി. എസ് പിയെ ഒരുപാട് സമയം കാത്തിരിക്കേണ്ടി വന്നു. അദ്ദേഹം തിരക്കുള്ള വ്യക്തിയാണ്. വൈകാൻ അതാണ് കാരണമെങ്കില്‍ ഓക്കെ. അല്ലാതെ എം എല്‍ എ കുറച്ച് സമയം ഇവിടെ ഇരിക്കട്ടെയെന്ന് വിചാരിച്ചാണെങ്കില്‍ എസ് പി ആലോചിക്കണം. ഇങ്ങനെ പറയുന്നതില്‍ ബുദ്ധിമുട്ടുണ്ട്. എന്നാല്‍ പറയാതെ നിവൃത്തിയില്ല. പൊലീസ് മാറ്റത്തിന് തയ്യാറായില്ലെങ്കില്‍ ജനങ്ങള്‍ ഇടപെടും.'- എം എല്‍ എ പറഞ്ഞു.
ചില പൊലീസുകാർ സ്വാർത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അവർ അതില്‍ റിസർച്ച് നടത്തുകയാണ്. സർക്കാരിനെ മോശമാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും എം എല്‍ എ ആരോപിച്ചു.
തന്റെ പാർക്കിലെ ഉപകരണങ്ങള്‍ കാണാതെ പോയിട്ടും അന്വേഷണം ഉണ്ടായിട്ടില്ലെന്ന് എം എല്‍ എ വിമശിച്ചു. എട്ട് മാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായില്ല. ഒരാളെ വിളിച്ചുവരുത്തി ചായ കൊടുത്തുവിട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയില്‍ മുഖ്യപ്രഭാഷകനായിട്ടായിരുന്നു എസ് പി എത്തിയത്. എന്നാല്‍ എം എല്‍ എയുടെ വിമർശനത്തിന് പിന്നാലെ താൻ അല്‍പം തിരക്കിലാണെന്നും പ്രസംഗത്തിന് പറ്റിയ മാനസികാവസ്ഥയിലല്ലെന്നും പറഞ്ഞ് വേദി വിട്ടു.