സർക്കാർ നിക്ഷേപ പദ്ധതികളെ കുറിച്ച് അന്വേഷിക്കുമ്ബോള്‍, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്) എന്ന് തീർച്ചയായും നിങ്ങള്‍ കേള്‍ക്കും.
കാരണം പോസ്റ്റ് ഓഫീസിന്റെ ഈ പദ്ധതി ജനപ്രിയമായ ഒരു പദ്ധതിയാണ്.
ഉറപ്പുള്ള റിട്ടേണ്‍ വാഗ്ദാനം ചെയ്യുന്ന ഈ പദ്ധതിയിലെ, ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപയും പരമാവധി നിക്ഷേപം 1.5 ലക്ഷം രൂപയുമാണ്. 15 വർഷം കാലാവധിയുള്ള ഈ പദ്ധതിയില്‍ നികുതി ആനുകൂല്യങ്ങളും ലഭ്യമാണ്.
ദീർഘകാല നിക്ഷേപത്തിലൂടെ, നിങ്ങളുടെ കുട്ടികളുടെ ഭാവിക്കായി ധാരാളം പണം സമ്ബാദിക്കാൻ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, പി.പി.എഫ് ഏറ്റവും മികച്ച പദ്ധതിയാണെന്ന് കണ്ടെത്താനാകും. നിലവില്‍ പദ്ധതി വാഗ്ദാനം ചെയ്യുന്നത് 7.1 ശതമാനം പലിശയാണ്. പദ്ധതി പ്രകാരം, നിങ്ങളുടെ കുട്ടിയുടെ പേരില്‍ എല്ലാ മാസവും 1000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍, 8 ലക്ഷത്തിലധികം രൂപ നിങ്ങള്‍ക്ക് നേടാൻ സാധിക്കും. അതിലെ കണക്കുകൂട്ടലുകള്‍ നോക്കാം.
പി.പി.എഫില്‍ എല്ലാ മാസവും നിങ്ങള്‍ 1,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍, ഒരു വർഷത്തിലെ നിങ്ങളുടെ ആകെ നിക്ഷേപം 12,000 രൂപയായിരിക്കും. പദ്ധതി 15 വർഷത്തിന് ശേഷം കാലാവധി പൂർത്തിയാക്കും. എന്നാല്‍ ആ സമയം നിങ്ങള്‍ പണം പിൻവലിക്കാതെ അടുത്ത 10 വർഷത്തേക്ക് കൂടി, 5 വർഷം വീതമുള്ള ബ്ലോക്കുകളായി രണ്ട് തവണ നീട്ടണം. അതായത് മൊത്തത്തില്‍ 25 വർഷത്തേക്ക് നിക്ഷേപം നടത്തണം. അങ്ങനെ ചെയ്യുമ്ബോള്‍ നിങ്ങളുടെ ആകെ നിക്ഷേപം 3,00,000 രൂപയായിരിക്കും. അങ്ങനെ 7.1 ശതമാനം നിരക്കില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന പലിശ 5,24,641 രൂപയായിരിക്കും. അപ്പോള്‍ നിങ്ങളുടെ പദ്ധതിയിലെ ആകെ സമ്ബാദ്യം 8,24,641 രൂപയാകും.
5 വർഷം വീതമുള്ള ബ്ലോക്കുകളിലാണ് പി.പി.എഫ് അക്കൗണ്ടിന്റെ കാലാവധി നീട്ടാൻ സാധിക്കുന്നത്. അക്കൗണ്ട് കാലാവധി നീട്ടുന്നതിന്റെ കാര്യത്തില്‍ നിക്ഷേപകന് രണ്ട് മാർഗമുണ്ട്.
ഒന്ന് നിക്ഷേപത്തോടെയും മറ്റൊന്ന് നിക്ഷേപമില്ലാതെയും. ഇതില്‍ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായതും തിരഞ്ഞെടുക്കേണ്ടതും നിക്ഷേപത്തോടെ അക്കൗണ്ട് നീട്ടുന്ന മാർഗമാണ്. പി.പി.എഫ് ഒരു ഇ.ഇ.ഇ (എക്സെംറ്റ്,എക്സെംറ്റ്,എക്സെംറ്റ്) വിഭാഗം പദ്ധതിയാണ്. ഈ പദ്ധതിയില്‍ നിങ്ങള്‍ക്ക് മൂന്ന് തരത്തിലുള്ള നികുതി ഇളവുകളുണ്ട്. അതായത്, നിങ്ങളുടെ നിക്ഷേപ തുകയ്ക്ക് നികുതിയില്ല. എല്ലാ വർഷവും നിങ്ങള്‍ക്ക് ലഭിക്കുന്ന പലിശയ്ക്ക് നികുതിയില്ല. മാത്രമല്ല, കാലാവധി പൂർത്തിയാകുമ്ബോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന തുകയ്ക്കും നികുതിയില്ല.