കാസര്‍കോട് മുള്ളേരിയ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചിലെ വികാരി ഫാ.മാത്യു കുടിലിലാണ് ഷോക്കേറ്റ് മരിച്ചത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദേശീയപതാക ഉയര്‍ത്തിയ കൊടിമരം ഊരിയെടുക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടിയാണ് ദുരന്തമുണ്ടായത്.
29 വയസായിരുന്നു.
പതാക ഉയര്‍ത്താന്‍ ഇരുമ്ബിന്റെ കൊടിമരമാണ് ഉപയോഗിച്ചത്. ദേശീയപതാക കൊടിമരത്തില്‍ നിന്ന് അഴിച്ചു മാറ്റുന്നതിനിടെ കുരുങ്ങി. ഇതോടെയാണ് കൊടിമരം ഊരിയെടുക്കാന്‍ ശ്രമിച്ചത്. ഈ ശ്രമത്തിനിടെ കൊടിമരം മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു.
ഫാ.മാത്യു കുടിലിനെ മുള്ളേരിയ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഒപ്പം ഉണ്ടായിരുന്ന സഹവികാരി സെബിന്‍ ജോസഫിനും ഷോക്കേറ്റു. ഇദ്ദേഹം ദൂരേക്ക് തെറിച്ചുവീണു. തുടർന്ന് പരുക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
2020 ഡിസംബറിലാണ് വൈദിക പട്ടം ലഭിച്ചത്. ഒന്നര വര്‍ഷം മുന്‍പാണ് ഷിൻസ് എന്ന് വിളിപ്പേരുള്ള ഫാ.മാത്യു മുള്ളേരിയയില്‍ വികാരിയായി ചുമതലയേറ്റത്. കുടിയാന്മല, നെല്ലിക്കാംപൊയില്‍, ചെമ്ബത്തൊട്ടി എന്നിവിടങ്ങളില്‍ അസി. വികാരിയായി പ്രവര്‍ത്തിച്ചിരുന്നു.
തലശ്ശേരി അതിരൂപതാംഗമാണ് ഫാ.മാത്യു. ഇരിട്ടി എടൂര്‍ കുടിലില്‍ പരേതനായ അഗസ്റ്റിന്‍, ലിസി ദമ്ബതികളുടെ മകനാണ്. സഹോദരങ്ങള്‍: ലിന്റോ അഗസ്റ്റിന്‍, ബിന്റോ അഗസ്റ്റിന്‍. കര്‍ണാടക പുത്തൂര്‍ സെന്റ് ഫിലോമിന കോളജില്‍ എംഎസ്ഡബ്ല്യു വിദ്യാര്‍ഥി കൂടിയാണ് ഫാ.മാത്യു. സംസ്‌കാരം പിന്നീട് നടക്കും.