എല്ലാവരോടും സ്നേഹത്തോടെ ഇടപെട്ടിരുന്ന കുഞ്ഞാമിയുടെ മരണം കൊലപാതകമാണെന്ന് നാടറിഞ്ഞതോടെ തേറ്റമലയും നടുക്കത്തിലാണ്.
കൊലപാതകത്തിനുപിന്നില്‍ അതുവരെയും കൂടെയുണ്ടായിരുന്ന അയല്‍ക്കാരനാണെന്ന വാർത്ത പുറത്തുവന്നതും വിശ്വസിക്കാനായില്ല. തേറ്റമല പരേതനായ വിലങ്ങില്‍ മുഹമ്മദിന്റെ ഭാര്യ കുഞ്ഞാമിയുടെ (72) മരണമാണ് നാലുപവൻ സ്വർണാഭരണത്തിനുവേണ്ടിയുള്ള കൊലപാതകമാണെന്ന് തെളിഞ്ഞത്.
കൊലപാതകം ആസൂത്രിതമാണെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. അയല്‍വാസിയായ ചോലയില്‍ വീട്ടില്‍ ഹക്കീം ദിവസങ്ങള്ക്കുമുൻപേ സ്വർണം കൈക്കലാക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അതുവരെ കാര്യമായി ഇടപെടാത്ത ഹക്കീം, ഉമ്മയുടെ വിവരങ്ങള്‍ തിരക്കിയതായി കുഞ്ഞാമിയുടെ മക്കളും പറഞ്ഞു.
കൊലപാതകം നടത്തിയിട്ടും യാതൊരു കൂസലുമില്ലാതെയാണ് പ്രതി കുഞ്ഞാമിയുടെ വീട്ടിലെത്തിയത്.
കുഞ്ഞാമിയെ കാണാനില്ലെന്ന് പ്രദേശത്തെ വാട്സാപ്പ് ഗ്രൂപ്പില്‍ ആദ്യം വോയ്സ് സന്ദേശമിടുന്നതും ഹക്കീംതന്നെയാണ്. നാട്ടുകാരും ബന്ധുക്കളും ഇറങ്ങിയ തിരച്ചിലിനും ഹക്കീം മുന്നിലുണ്ടായിരുന്നു. ഇതുകൊണ്ടുതന്നെ നാട്ടുകാരില്‍ യാതൊരു സംശയത്തിനും ഇട നല്‍കിയില്ല. ഒടുവില്‍ മൃതദേഹം അരക്കിലോമീറ്റർ അകലെയുള്ള പൊട്ടക്കിണറ്റില്‍ കണ്ടെത്തിയപ്പോഴും പോലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കുമ്ബോഴുമെല്ലാം പ്രതി മുഴുവൻസമയം ഇവിടെയുണ്ടായിരുന്നു.
കുടുംബത്തിന്റെ നീക്കമെല്ലാം നേരിട്ടുനിരീക്ഷിക്കാൻ മരണവീട്ടില്‍ നിരന്തരമെത്തുകയും ചെയ്തു. വാർധക്യസഹജമായ അസുഖമുള്ള കുഞ്ഞാമിക്ക് അത്രദൂരം ഒറ്റയ്ക്ക് നടക്കാൻപോലും കഴിയാത്ത സാഹചര്യമാണുണ്ടായിരുന്നത്. അതിനാല്‍, മരണത്തില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍ പോലീസിനോട് ആവർത്തിച്ചുപറഞ്ഞിരുന്നു. പ്രാഥമിക വിവരശേഖരണത്തില്‍ത്തന്നെ കൊലപാതകത്തിന്റെ സാധ്യത പോലീസും നിരീക്ഷിച്ചു.
അടുത്തവീടുകളിലെ സി.സി.ടി.വി. ക്യാമറാദൃശ്യമടക്കം പരിശോധിച്ച് അന്വേഷണം ഊർജിതമാക്കാനിരിക്കെയാണ് വിലപ്പെട്ട വിവരങ്ങള്‍ പോലീസിന് കിട്ടുന്നത്. ഹക്കിം വെള്ളമുണ്ടയിലെ സ്വകാര്യബാങ്കില്‍ സ്വർണം പണയപ്പെടുത്തിയിട്ടുണ്ടെന്ന് അറിഞ്ഞതോടെ എല്ലാ കണ്ണുകളും പ്രതിയിലേക്ക് തിരിയുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഹക്കീമിനെ വിശദമായി ചോദ്യംചെയ്തപ്പോള്‍ പ്രതി കുറ്റംസമ്മതിക്കുകയും ചെയ്തും.